അസാന്നിധ്യത്തിലും താരമായി മമ്മൂട്ടി; മുഖ്യമന്ത്രിക്കു സമ്മാനിക്കാൻ പല്ലൊട്ടി മിഠായി..
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ചടങ്ങിനു സാക്ഷ്യം വഹിക്കാൻ നിശാഗന്ധി ഓഡിറ്റോറിയം നിറഞ്ഞ സദസ്സ് കണ്ണുനട്ടു കാത്തിരുന്നത് ഒരാൾക്കു വേണ്ടിയായിരുന്നു; മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടി. മുഖ്യമന്ത്രി അടക്കം മമ്മൂട്ടിയുടെ പേര് പരാമർശിച്ചപ്പോഴെല്ലാം കയ്യടിയുടെ അലകളിൽ സദസ്സ് ഇളകി മറിഞ്ഞു. പക്ഷേ കഴിഞ്ഞ ദിവസം സഹോദരി മരിച്ച സാഹചര്യത്തിൽ മമ്മൂട്ടി ചടങ്ങിന് എത്തിയിരുന്നില്ല. അദ്ദേഹത്തിനായി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സമ്മേളനത്തിനിടെ പുരസ്കാര വിതരണ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന അവാർഡുകൾ അടക്കം പകുതി പുരസ്കാരങ്ങൾ മാത്രം വിതരണം ചെയ്ത ശേഷം മടങ്ങി.
അദ്ദേഹത്തിനു പോകേണ്ടതിനാൽ പുരസ്കാരം സമ്മാനിക്കുമ്പോൾ ജേതാവിനെക്കുറിച്ചു വേദിക്കു പുറകിലെ ഇലക്ട്രോണിക് സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന ഒരു മിനിറ്റോളം വരുന്ന ഹ്രസ്വ ചിത്രങ്ങളും പകുതിയിൽ മുറിച്ചു. സംഗീത സംവിധായകൻ എം.ജയചന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് മന്ത്രി സജി ചെറിയാനാണ് അവാർഡ് നൽകിയത്. അവാർഡ് ജേതാക്കളിൽ ഏറ്റവും തലമുതിർന്ന ദേവീ വർമ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം വാങ്ങാൻ സഹായിക്കൊപ്പമാണ് വേദിയിലെത്തിയത്. ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ടി.വി.ചന്ദ്രൻ അത് സമർപ്പിച്ചത് താൻ ആദ്യം അഭിനേതാവായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ‘കബനി നദി ചുവന്നപ്പോൾ’ എന്ന സിനിമയുടെ നിർമാതാവ് പവിത്രനാണ്. ടിവി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ശ്യാമപ്രസാദ് സമർപ്പിച്ചത് അന്തരിച്ച ഭാര്യ ഷീബയ്ക്കാണ്. കനേഡിയൻ സാംസ്കാരിക വകുപ്പ് പ്രതിനിധി സംഘത്തെ മന്ത്രി പുരസ്കാര വിതരണ വേദിയിൽ ആദരിച്ചു.
മുഖ്യമന്ത്രിക്കു സമ്മാനിക്കാൻ പല്ലൊട്ടി മിഠായി..
തിരുവനന്തപുരം∙ മികച്ച ബാല താരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ തൃശൂർ വെള്ളാങ്കല്ലൂർ സ്വദേശി ഡാവിഞ്ചി വേദിയിലെത്തിയത് മുഖ്യമന്ത്രിക്കു സമ്മാനിക്കാൻ പല്ലൊട്ടി മിഠായിയുമായി. ‘പല്ലൊട്ടി 90 കിഡ്സ്’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഡാവിഞ്ചി പുരസ്കാരം നേടിയത്. ഈ സിനിമയെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു പല്ലൊട്ടി മിഠായി പാക്കറ്റുമായി ഡാവിഞ്ചി പുരസ്കാര വേദിയിലെത്തിയത്. പുരസ്കാരം ഏറ്റുവാങ്ങും മുൻപ് പല്ലൊട്ടി മിഠായിയാണെന്ന് പറഞ്ഞു തന്നെ അതു മുഖ്യമന്ത്രിക്കു നൽകി. ചിരിച്ചുകൊണ്ടു ഡാവിഞ്ചിയുടെ തലയിൽ കൈവച്ച മുഖ്യമന്ത്രി ‘നീ തന്നെ കഴിച്ചോളൂ’ എന്ന് പറഞ്ഞു മിഠായി തിരികെ നൽകി. പിന്നാലെ പുരസ്കാരവും സമ്മാനിച്ചു.