നെയ്യാറ്റിൻകര ടിബി ജംക്‌ഷനിലെ അനധികൃത മീൻകച്ചവടം ഒഴിപ്പിച്ചു
Mail This Article
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ടിബി ജംക്‌ഷനിലെ റോഡു വക്കിൽ അനധികൃതമായി നടത്തിയിരുന്ന മീൻ കച്ചവടം നഗരസഭയുടെ ആരോഗ്യ വിഭാഗം, പൊലീസിന്റെ സഹകരണത്തോടെ ഒഴിപ്പിച്ചു. മത്സ്യ കച്ചവടക്കാർ ചെറുത്തു നിൽക്കാൻ ശ്രമം നടത്തിയത് ചെറിയ തോതിൽ സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും പതിയെ പിൻവാങ്ങി. ചന്തയ്ക്ക് ഉള്ളിൽ ആയിരുന്ന മീൻ കച്ചവടം ചന്ത നവീകരിച്ച വേളയിൽ ആണ് റോഡ് വക്കിലേക്കു മാറിയത്. പിന്നീട് ചന്ത നവീകരിച്ചെങ്കിലും മീൻ കച്ചവടക്കാർ ഉള്ളിലേക്ക് പോകാൻ കൂട്ടാക്കിയില്ല.
കുപ്പിക്കഴുത്തു പോലെയുള്ള ടിബി ജംക്‌ഷനിൽ വാഹനങ്ങൾ കുരുങ്ങുന്നത് പതിവാണ്. അതിനു പ്രധാന കാരണവും ഈ അനധികൃത ചന്തയുടെ പ്രവർത്തനമായിരുന്നു. മീൻ വാങ്ങാൻ എത്തുന്നവരുടെ ഇരുചക്ര വാഹനങ്ങൾ കൂടിയായപ്പോൾ ടിബി ജംക്‌ഷൻ വീർപ്പുമുട്ടി. ഒട്ടേറെ അപകടങ്ങളുമുണ്ടായി. അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആണ്, ജംക്‌ഷനിൽ ചന്തയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതേ തുടർന്ന് പലവട്ടം കച്ചവടക്കാർക്ക് മുന്നറിയിപ്പും നോട്ടിസും നൽകിയിട്ടും പിൻമാറാൻ അവർ തയാറായില്ല. ഒടുവിൽ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കുകയായിരുന്നു.