എച്ച് 135 മോഡൽ, ഇരട്ട എൻജിൻ ഹെലികോപ്റ്റർ; സർക്കാരിന്റെ വാടക ഹെലികോപ്റ്ററിന്റെ പ്രത്യേകതകൾ ഇവ..
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ വാടക ഹെലികോപ്റ്റർ ആകാശത്തു വട്ടമിട്ടു പറക്കാൻ തുടങ്ങി. ഒരു മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90000 രൂപയും വാടക നൽകിയാണ് ന്യൂഡൽഹി കേന്ദ്രമായ ചിപ്സൻ ഏവിയേഷൻ കമ്പനിയുടെ ഇരട്ട എൻജിൻ ഹെലികോപ്റ്റർ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്തത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലും ടെൻഡർ കാലാവധി കഴിഞ്ഞ കരാറിന് മന്ത്രിസഭ അനുമതി നൽകുകയായിരുന്നു.
ടെൻഡർ കാലാവധി കഴിഞ്ഞ കരാർ ആയതിനാൽ അതിന്റെ നിയമപ്രശ്നങ്ങൾ പരിശോധിച്ച ശേഷം ചൊവ്വാഴ്ച ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തിച്ചു. പേരൂർക്കട എസ്എപി ക്യാംപിൽ സാങ്കേതിക, സുരക്ഷാ പരിശോധനകൾ നടത്തിയ ഹെലികോപ്റ്റർ ചാലക്കുടിയിലെ ഹെലിപാഡിൽ സ്ഥിരമായി പാർക്ക് ചെയ്യും. തിരുവനന്തപുരത്ത് എസ്എപി ക്യാംപ് ഉൾപ്പെടെ രണ്ടിടങ്ങളിലും പാർക്കിങ് സൗകര്യമൊരുക്കാനാണു തീരുമാനം.
പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഐജിയും ചിപ്സൻ ഏവിയേഷൻ അധികൃതരുമായി ഹെലികോപ്റ്റർ സേവനത്തിനു കരാർ ഒപ്പിട്ടു. 3 വർഷത്തേക്കാണ് കരാർ. കരാർ കാലാവധി പൂർത്തിയായാൽ അന്നത്തെ സാഹചര്യം പരിശോധിച്ച് രണ്ടു വർഷത്തേക്കു കൂടി കരാർ നീട്ടാനും വ്യവസ്ഥയുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് സാധാരണനിലയിൽ മൂന്നുവർഷത്തേക്ക് കമ്പനിക്ക് സർക്കാർ 28 കോടി 80 ലക്ഷം രൂപ നൽകണം.
ഹെലികോപ്റ്ററിന്റെ പ്രത്യേകതകൾ
എയർബസ് കമ്പനി നിർമിച്ച ഭാരം കുറഞ്ഞ വിഭാഗത്തിലുള്ള എച്ച് 135 മോഡൽ ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് ചിപ്സൻ കമ്പനിയിൽ നിന്ന് സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്തത്. കൂടുതൽ ഭാരം വഹിച്ച് ദീർഘദൂരം യാത്ര ചെയ്യാൻ ശേഷിയുള്ളതാണ് ഈ വിഭാഗം ഹെലികോപ്റ്ററുകൾ.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഉയർന്ന പ്രദേശങ്ങളിലും ചൂടുള്ള അന്തരീക്ഷത്തിലും ഉൾപ്പെടെ ഏതു സാഹചര്യത്തിലും ഇറങ്ങാൻ ഇവയ്ക്കു കഴിവുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. ആവശ്യമുള്ള ഘട്ടങ്ങളിൽ എയർ ആംബുലൻസ് ആയും ഉപയോഗിക്കാം. സാധാരണ യാത്രകളിൽ 7 സീറ്റുകളും എയർ ആംബുലൻസ് ആകുമ്പോൾ നാലു സീറ്റും സ്ട്രെച്ചറും ഉണ്ടാകും.