ADVERTISEMENT

തിരുവനന്തപുരം ∙ ആർഎസ്എസ് നഗർ സേവാപ്രമുഖ് രാജഗോപാൽ ആശാരിയുടെ സഹോദരൻ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പൻ ആശാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത മുൻ അഡിഷനൽ എസ്ഐ വിചാരണ വേളയിൽ കൂറുമാറി. 

കേസിലെ ദൃക്സാക്ഷിയായ അയ്യപ്പൻ ആശാരിയുടെ സഹോദരൻ രാജഗോപാലിന്റെ പ്രഥമ വിവര മൊഴി രേഖപ്പെടുത്തിയത് അന്നത്തെ ഫോർട്ട് അഡിഷനൽ എസ്ഐ ശ്രീധരൻ നായർ ആയിരുന്നു.  കേസിന്റെ വിചാരണയ്ക്കിടെയാണ് പരസ്പര വിരുദ്ധ മൊഴി നൽകി ശ്രീധരൻ പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്.  2004 ഓഗസ്റ്റ് 28 തിരുവോണ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. 

ആറ്റുകാൽ മുത്താരമ്മൻ കോവിലിനു സമീപം സംഘട്ടനം നടക്കുന്ന വിവരം അറിഞ്ഞാണു ശ്രീധരൻ നായരും പൊലീസ് സംഘവും എത്തുന്നത്. സംഭവസ്ഥലത്തു കുത്തേറ്റ് അവശനിലയിൽ കിടന്ന അയ്യപ്പൻ ആശാരിയെയും പരുക്കേറ്റ പരുക്കേറ്റ സഹോദരൻ രാജഗോപാൽ, സഹോദരപുത്രൻ രാജേഷ് എന്നിവരെയും ശ്രീധരൻ നായരാണ്  പൊലീസ് ജീപ്പിൽ മെഡിക്കൽ കോളജിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അയ്യപ്പൻ ആശാരി  മരിച്ചു.

ദൃക്സാക്ഷിയായ സഹോദരൻ രാജഗോപാലിന്റെ പ്രഥമ വിവര മൊഴി ആശുപത്രിയിൽ വച്ചു ശ്രീധരൻ നായർ രേഖപ്പെടുത്തിയ ശേഷം ഫോർട്ട് സ്റ്റേഷനിലെത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു. കേസിലെ 19–ാം പ്രതിയും പൊലീസ് കോൺസ്റ്റബിളുമായ വിനോദിന്റെ(ലാലു) അഭിഭാഷകന്റെ ചോദ്യങ്ങളോടാണു ശ്രീധരൻ നായർ ‍പരസ്പര വിരുദ്ധമായ മൊഴി നൽകിയത്. 

ഇതേ തുടർന്ന് ശ്രീധരനെ കൂറുമാറിയ സാക്ഷിയായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു.  19 പ്രതികൾ ഉളള കേസിൽ 19 വർഷത്തിനു ശേഷമാണു വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com