മുഹമ്മദ് മർഹാൻ ഇനി കണ്ണീരോർമ; വിട നൽകി കൂട്ടുകാരും നാട്ടുകാരും
Mail This Article
കല്ലമ്പലം∙ പേരൂർ എംഎം യുപിഎസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയും പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷാ–താഹിറ ബീവി ദമ്പതികളുടെ മകനുമായ മുഹമ്മദ് മർഹാന്റെ(10)വിയോഗം സ്കൂളിനെയും നാട്ടുകാരെയും ഒരു പോലെ കണ്ണീരിലാഴ്ത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂളിൽ പൊതു ദർശനത്തിനായി കൊണ്ടു വന്നു.
ഒപ്പം നടന്നിരുന്ന മുഹമ്മദിന്റെ നിശ്ചലമായ ശരീരം കണ്ട് സഹപാഠികൾ വിതുമ്പി. അധ്യാപകർ പൊട്ടിക്കരഞ്ഞു. സ്കൂളിലേക്കും വീട്ടിലേക്കും എത്തിയവർ എല്ലാം ഒരു വാക്കും പറയാൻ കഴിയാതെ മരവിച്ചു നിന്നു. ബുധനാഴ്ച വൈകിട്ട് 4.30ന് വർക്കല ആയുർവേദ ആശുപത്രി ജംക്‌ഷന് സമീപം വച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദിന് ദാരുണാന്ത്യം സംഭവിച്ചത്. സ്കൂട്ടറിൽ അമ്മയുടെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടം.
ഉച്ചയ്ക്ക് സ്കൂളിലെത്തിയ അമ്മ കണ്ണാശുപത്രിയിൽ കാണിക്കാനായി കൂട്ടി കൊണ്ടു പോവുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും പരുക്കേറ്റു. സ്കൂളിൽ പൊതു ദർശനത്തിന് ശേഷം വീട്ടിൽ കൊണ്ടു പോയ ശേഷം 3 മണിയോടെ മണിയോടെ പാവല്ല മുസ്‌ലിം ജമാ അത്ത് ഖബർ സ്ഥാനിൽ ഖബറടക്കി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local