വീടിന്റെ ഓടിട്ട മേൽക്കൂര രാത്രി തകർന്നു ; വീട്ടമ്മയ്ക്കു പരുക്ക്
Mail This Article
മലയിൻകീഴ് ∙ രാത്രി മഴ പെയ്യുന്നതിനിടെ വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു വീണു വീട്ടമ്മയ്ക്കു പരുക്കേറ്റു. മലയിൻകീഴ് പഞ്ചായത്ത് അരുവാക്കോട് വാർഡിലെ റസൽപുരം എരുത്താവൂർ മലവിള നടുത്തട്ട് ബിജു ഭവനിൽ എസ്.ബിജുവിന്റെ വീടിനാണു കലിഞ്ഞ ദിവസം രാത്രി പത്തരയോടെ നാശമുണ്ടായത്. ശരീരത്തിൽ ഓടു വീണു പരുക്കേറ്റ ബിജുവിന്റെ ഭാര്യ എൽ.മീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറായ ബിജുവും ഭാര്യ മീനയും മാത്രമാണ് അപകട സമയം വീട്ടിൽ ഉണ്ടായിരുന്നത്.
വിദ്യാർഥികളായ മക്കൾ വിജിത്തും വിജീഷും സമീപത്തെ ബന്ധു വീട്ടിലായിരുന്നു. വലിയ ശബ്ദത്തോടെ മേൽക്കൂര താഴേക്കു പതിക്കുകയായിരുന്നു. ഉടൻ ബിജുവും ഭാര്യയും പുറത്തേക്ക് ഇറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. മീനയുടെ നടുവിനാണു പരുക്കേറ്റത്. വീടിന്റെ മൺകട്ട കൊണ്ടുള്ള ഭിത്തിയും വിണ്ടുകീറി ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ബിജുവും കുടുംബവും താൽക്കാലികമായി ബന്ധു വീട്ടിലേക്ക് താമസം മാറി. സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിയായ ‘ ലൈഫിൽ ’ ഇവരുടെ പേര് പലതവണ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും വീട് അനുവദിച്ചില്ല.