മോദി മത്സരിച്ചാലും തിരുവനന്തപുരത്ത് തയാറെന്ന് തരൂർ; എതിരാളിയായി ആരു വന്നാലും ഭയമില്ല
Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് നരേന്ദ്ര മോദി മത്സരിച്ചാലും എതിരിടാൻ തയാറാണെന്നു ശശി തരൂർ എംപി. കോൺഗ്രസ് പാർട്ടി തീരുമാനിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. എതിരാളിയായി ആരു വന്നാലും ഭയമില്ല. ‘‘തിരുവനന്തപുരത്തു ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾക്കറിയാം. എതിരാളികൾ അവരുടെ കാര്യം പറയുമ്പോൾ ഞാൻ എന്റെ റെക്കോർഡുകൾ ചൂണ്ടിക്കാണിക്കും.
ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. ബിജെപി സർക്കാരിനെ മാറ്റിയില്ലെങ്കിൽ അവർ ഭാരതത്തെ തന്നെ മാറ്റുമെന്നാണു ഭയം. ഇനി മത്സരിക്കേണ്ട എന്ന് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. മറ്റു പല മേഖലകളിൽ ശ്രദ്ധിക്കണമെന്ന ചിലരുടെ അഭിപ്രായം കണക്കിലെടുത്തായിരുന്നു അത്.
ആരോഗ്യമുണ്ടെങ്കിൽ പ്രവർത്തിക്കണം, മത്സരിക്കണം എന്നാണ് ഇപ്പോൾ എല്ലാവരും ആവശ്യപ്പെടുന്നത്’’– തരൂർ പറഞ്ഞു. അനിൽ ആന്റണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞിരുന്നെന്നും അതുകൊണ്ടാണു ഡിജിറ്റൽ മീഡിയ സെല്ലിലേക്കു ക്ഷണിച്ചതെന്നും തരൂർ പറഞ്ഞു. അനിലിനു പദവികൾ ഉറപ്പാക്കാൻ എ.കെ.ആന്റണി ശ്രമിച്ചിട്ടില്ല. തിരുത്താൻ പറ്റാത്ത ഒരു നിയമവും കോൺഗ്രസിൽ ഇല്ലെന്നും ശശി തരൂർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local