ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ അക്രമക്കേസിൽ തുടരന്വേഷണത്തിനു പുറപ്പെട്ട ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കി അന്നു സ്പീക്കറായിരുന്ന എൻ.ശക്തന്റെ മൊഴി. എൽഡിഎഫ് എംഎൽഎമാരുടെ ഉന്തിലും തള്ളിലും പെട്ടാണു വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്കു പരുക്കു പറ്റിയതെന്നു ശക്തൻ പൊലീസിനോടു പറഞ്ഞു. അക്രമത്തിന്റെ  തലേന്നു സ്പീക്കറായി ചുമതലയേറ്റ  ശക്തൻ സംഭവത്തിൽ ആദ്യമായാണു പൊലീസിനു മൊഴി നൽകുന്നത്. കേസിൽ പുതിയ തെളിവുകൾ  ലഭിച്ചിട്ടില്ലെന്നതും ക്രൈംബ്രാഞ്ചിനു തിരിച്ചടിയാണ്.

സഭയിൽ കോൺഗ്രസ് എംഎൽഎമാർ  ആക്രമിച്ചതായി ഇടതു വനിതാ എംഎൽഎമാർ പരാതി നൽകിയതിന്റെ ചുവടുപിടിച്ചാണു തുടരന്വേഷണം. കോൺഗ്രസ് എംഎൽഎമാരായിരുന്ന എം.എ.വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണു നീക്കം. ഇക്കാര്യത്തിൽ ഡിജിപിയുടെ അനുമതി തേടിയെന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.  കോൺഗ്രസ് എംഎൽഎമാർ ആക്രമിച്ചതായി  ഇ.എസ്.ബിജിമോൾ, ഗീതാ ഗോപി, കെ.എസ്.സലീഖ എന്നീ ഇടതു വനിതാ എംഎൽഎമാർ  മൊഴി നൽകിയിട്ടുണ്ട്. ഇവർ ആക്രമിക്കപ്പെട്ടതോടെയാണ് മറ്റ് ഇടതു എംഎൽഎമാർ പ്രകോപിതരായതെന്നു  ഡിവൈഎസ്പി കെ.സജീവ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു  പ്രഖ്യാപിച്ച് 2015 മാർച്ച് 13നാണു പ്രതിപക്ഷം നിയമസഭയിൽ അക്രമം നടത്തിയത്.  2,20,093 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണു കേസ്. മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി.ജലീൽ , മുൻ എം എൽഎ മാരായ കെ. അജിത്, കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു പ്രതികൾ. വിചാരണ ഒഴിവാക്കാൻ പ്രതികൾ സുപ്രീം കോടതി വരെ പോയെങ്കിലും വിജയിച്ചില്ല. 

 ‘മാണിയെ തലേന്നു തന്നെ സഭാ മന്ദിരത്തിലെത്തിച്ചു ’ എൻ ശക്തൻ 

∙കെ.എം മാണിയെ  തടയുമെന്നു സംശയമുണ്ടായിരുന്നതിനാൽ തലേദിവസം മുഖ്യമന്ത്രിയുടെ മുറിയിലാണ് അദ്ദേഹത്തെ താമസിപ്പിച്ചത്. വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെയാണു രാവിലെ 9നു സഭയിലെത്തിയത്. സ്പീക്കറുടെ കസേരയും  മൈക്കും ഇലക്ട്രോണിക് ഉപകരണങ്ങളും  കാണാനില്ലായിരുന്നു.  പ്രതിപക്ഷം മാണിയുടെയും മുഖ്യമന്ത്രിയുടെയും അടുത്തു വന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു ബജറ്റ്  തടസ്സപ്പെടുത്താൻ ശ്രമിച്ചു. അതോടെ പ്രസക്ത ഭാഗം മാത്രം വായിച്ചു ബജറ്റ് മേശപ്പുറത്തു വയ്ക്കാൻ നിർദേശിച്ചു. എൽഡിഎഫ് എംഎൽഎമാരുടെ ഉന്തിലും തള്ളിലും പെട്ടാണു വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്കു പരുക്കു പറ്റിയത്. സ്പീക്കറുടെ കസേരയും  ഉപകരണങ്ങളും  നശിപ്പിക്കുന്നതു ദൃശ്യമാധ്യമങ്ങളിലൂടെയാണു കണ്ടത്. 

‘വനിതകൾ  മുഖ്യമന്ത്രിയെ കടന്നുപിടിക്കാൻ ശ്രമിച്ചു ’ പി.സി.ജോർജ് 

∙സ്പീക്കർ എത്തുന്നതിനു മുൻപ് അദ്ദേഹത്തിന്റെ കസേര ഇ.പി. ജയരാജന്റെയും കെ.ടി. ജലീലിന്റെയും നേതൃത്വത്തിൽ എടുത്തു താഴെയിട്ടു. കെ അജിത്ത്, സി.കെ.സദാശിവൻ, കെ. കുഞ്ഞഹമ്മദ്, വി. ശിവൻകുട്ടി എന്നിവർ ഡയസിലെ ഫയലും പേപ്പറും വലിച്ചെറിഞ്ഞു.  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സീറ്റിനു മുൻവശത്ത് പ്രതിപക്ഷ വനിതാ എംഎൽഎമാർ നിരന്ന്  അദ്ദേഹത്തെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഇതോടെ  മൂന്നാം നിരയിൽ നിൽക്കുകയായിരുന്ന ശിവദാസൻ നായർ ഓടിയെത്തി അതിനെ പ്രതിരോധിച്ചു. അപ്പോൾ  ജമീല പ്രകാശം ശിവദാസൻ നായരുടെ കയ്യിൽ കടിക്കുന്നതു  കണ്ടു. വി.ശിവൻകുട്ടി  മേശകളുടെ മുകളിൽ കൂടി ചാടി വരുന്നതും എംഎൽഎമാർ കൂടി നിൽക്കുന്നതിനിടയിലേക്കു ബോധം കെട്ടു മറിഞ്ഞു വീഴുന്നതും കണ്ടു. വനിതാ എംഎൽഎമാരോട് ആരും മോശമായി പെരുമാറിയിട്ടില്ല. 

‘ വനിതകളെ ആരും ആക്രമിച്ചില്ല ’ അനൂപ് ജേക്കബ്

∙വനിതാ എംഎൽഎമാരെ ആരും ആക്രമിച്ചില്ല. അവർ കെ.എം.മാണിയുടെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും അടുത്തേക്കു തള്ളിക്കയറാൻ ശ്രമിക്കുന്നതാണ് കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com