ADVERTISEMENT

തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരന്റെ മുറിയിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണിലേക്കു വന്ന വിളികളുടെ അന്വേഷണം ജയിലിൽ ഉന്നതരിലേക്കും നേരത്തേ ജയിലിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരിലേക്കും എത്തിയതോടെ ഒതുക്കിത്തീർക്കാൻ സമ്മർദം. ദക്ഷിണമേഖലാ ഡിഐജി ടി.സുധീർ നേരിട്ടു മൊഴിയെടുത്തതിൽ നിന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചെങ്കിലും നടപടികളിലേക്കു കടക്കാൻ ഉന്നത സമ്മർദം മൂലം കഴിയുന്നില്ല. പിടിച്ചെടുത്ത ഫോണിൽ നിരന്തരം വിളിച്ചിരുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു ലഹരി മാഫിയ സംഘത്തിലൊരാളുടെ അക്കൗണ്ടിൽ നിന്നു പണം വന്നിരുന്നു.

ഇൗ ഉദ്യോഗസ്ഥൻ തന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നുവെന്നു മൊഴി നൽകി തടിയൂരാൻ നോക്കിയെങ്കിലും ടവർ ലൊക്കേഷൻ വഴിയുള്ള അന്വേഷണത്തിൽ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നു തെളിഞ്ഞു. പിന്നീട് ഇൗ ഉദ്യോഗസ്ഥൻ ജയിലിൽ ചിലർക്ക് ബീഡിയുൾപ്പെടെ എത്തിച്ചുകൊടുത്തുവെന്നാണ് ഡിഐജിക്കു ലഭിച്ച മൊഴി. ഇതിനുള്ള പണമാണ് അക്കൗണ്ടിൽ വന്നതെന്നാണു വിവരം. എന്നാൽ എത്തിച്ചതു ലഹരി വസ്തുക്കളാണെന്ന വിവരം പൊലീസ് ഇന്റലിജൻസ് തന്നെ നൽകിയിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നു ജയിൽ എഡിജിപി നിർദേശം നൽകിയെങ്കിലും പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടാകാം നടപടിയെന്നു പിന്നീടു തീരുമാനം മാറ്റി. ഫോൺ വിളിച്ച ഉദ്യോഗസ്ഥർക്കെതിരെയെല്ലാം നടപടിയെടുക്കാനായിരുന്നു എഡിജിപിയുടെ നിർദേശം. ഇവരുടെ വിവരങ്ങൾ നൽകുന്നതു വൈകിപ്പിക്കാൻ പൂജപ്പുരയിലെ അന്വേഷണ ഉദ്യോഗസ്ഥനു മേൽ സമ്മർദമുണ്ടായതോടെ റിപ്പോർട്ട് വൈകി. ഇതോടെയാണ് ഉദ്യോഗസ്ഥർക്കു നേരിട്ട് ബന്ധമുള്ള ലഹരിസംഘത്തെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു തീരുമാനിച്ചതെന്നാണ് ആരോപണം.

ഫോൺ മാത്രമല്ല അന്നു ലഹരിഗുളികകളും പിടിച്ചെടുത്തെങ്കിലും അതു രേഖകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. ലഹരി സംഘത്തിനും രാജ്യദ്രോഹക്കേസിൽ ശിക്ഷിക്കപ്പെട്ടു കഴിയുന്നവർക്കും അധിക സൗകര്യങ്ങൾ നൽകുന്നതു ജയിലിൽ പതിവായി നടക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ജയിലിനുള്ളിൽ ഭീഷണിയുണ്ടെന്ന്  എക്സൈസ് റിപ്പോർട്ട് നൽകിയിട്ടും ജയിലിലെ ലഹരി സംഘത്തെ തൊടാൻ പോലും തയാറായിട്ടില്ല. അതിനിടെയാണു ജയിലിലെ ലഹരി മാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരസ്യമാകുന്ന ഫോൺ വിളികളും പുറത്തായത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com