ADVERTISEMENT

വർക്കല∙ നാടെങ്ങും വിപുലമായി നബിദിനാഘോഷം സംഘടിപ്പിച്ചു. മസ്ജിദുകളിൽ മൗലിദ് പാരായണവും പ്രത്യേക പ്രാർഥനകളും നടന്നു. നബിദിന സന്ദേശ ഘോഷയാത്രയിൽ പച്ച പതാകകൾ കൈകളിലേന്തിയ വിദ്യാർഥികൾക്കു നേതൃത്വം നൽകി ജമാഅത്ത് ഭാരവാഹികൾ, ഇമാമുമാർ, മദ്രസ അധ്യാപകർ ഒപ്പം ചേർന്നു. ഘോഷയാത്രകൾക്കു ശേഷം അന്നദാനവും നടന്നു. മദ്രസ വിദ്യാർഥികളുടെ കലാമത്സരങ്ങൾ, ഘോഷയാത്ര, നബിദിന സന്ദേശ യാത്ര, സമ്മാനവിതരണം  അന്നദാനം,  സമ്മേളനം എന്നിവ ജമാഅത്തുകൾ കേന്ദ്രീകരിച്ചു നടന്നു. 

∙ ചിലക്കൂർ ഹിദായത്തുൽ ഇസ്‌ലാം മദ്രസയുടെ ഘോഷയാത്രയ്ക്കു ജമാഅത്ത് പ്രസിഡന്റ് എ.ദാവൂദ്, സെക്രട്ടറി അർഷാദ്, ഇമാം മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകി. നടയറ നൂറുൽ ഇസ്‌ലാം മദ്രസ കമ്മിറ്റിയുടെ നബിദിന സന്ദേശ ഘോഷയാത്രയ്ക്കു സയ്യിദ് മുസ്തഫ കോയാ തങ്ങൾ, ഇമാം സഹദുദ്ദീൻ നിസാമി, അഡീഷനൽ ഇമാം സലാഹുദ്ദീൻ സഖാഫി, ജമാഅത്ത് പ്രസിഡന്റ് അൻസർ തുടങ്ങിയവർ നേതൃത്വം നൽകി. 

∙ശിവഗിരി പൗരസമിതിയുടെ നബിദിനാഘോഷത്തിൽ അന്നദാനവും സംഘടിപ്പിച്ചു. വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പി.എം.ബഷീർ, എസ്.സതീശൻ, മുൻ കൗൺസിലർ എസ്.പ്രസാദ്, ചെറുകുന്നം ജമാഅത്ത് പ്രസിഡന്റ് എസ്.കമറുദ്ദീൻ, ഇമാം അബ്ദുൽ ഹക്കീം ഹാദി തുടങ്ങിയവർ പങ്കെടുത്തു. 

∙വർക്കല ബ്രദേഴ്സ് നേതൃത്വത്തിൽ മൈതാനം പാർക്കിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. സ്റ്റേജിൽ ദഫ്മുട്ട്, കോൽക്കളി മത്സരങ്ങളും നടന്നു.

കല്ലമ്പലം∙നബി വചനങ്ങളും സന്ദേശങ്ങളും ഉരുവിട്ട് ആയിരക്കണക്കിന് കുട്ടികളും പള്ളി അധികൃതരും പങ്കെടുത്ത നബിദിന സന്ദേശ റാലിയോടെ കടുവയിൽ പള്ളിയിൽ 12 ദിവസം നീണ്ടു നിന്ന നബി ദിന ആഘോഷങ്ങൾക്ക് സമാപനം. രാവിലെ 6 മണിക്ക് കടുവയിൽ പള്ളിയിൽ നിന്ന് പുറപ്പെട്ട റാലി ദേശീയപാതയിലൂടെ ചാങ്ങാട് ക്ഷേത്രം ജംക്‌ഷൻ വഴി പള്ളിയിൽ തിരിച്ചെത്തി. പള്ളിയിലെ ചീഫ് ഇമാം അബു റബീഅ് സ്വദഖത്തുല്ല മൗലവി,കെടിസിടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ,ഓണമ്പിള്ളി അബ്ദുൽ സത്താർ മൗലവി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന അന്നദാനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

കിളിമാനൂർ∙കിളിമാനൂർ ചൂട്ടയിൽ ജമാഅത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം, പത്ത് പേർക്കുള്ള പെൻഷൻ പദ്ധതി ചീഫ് ഇമാം നിസാറുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എ.എം.നസീർ അധ്യക്ഷനായി. സെക്രട്ടറി എം.കെ.സക്കീർ ഹുസൈൻ, അസി.ഇമാം താഹിറുദ്ദീൻ ഇർഷാദി എന്നിവർ പ്രസംഗിച്ചു. കിളിമാനൂർ മഹാദേവേശ്വരം, പാപ്പാല, തട്ടത്തുമല, വട്ടപ്പാറ, ആരൂർ, തൊളിക്കുഴി, സംബ്രമം, മഞ്ഞപ്പാറ, കാരേറ്റ്, നഗരൂർ, പോങ്ങനാട്, തലവിള, മടവൂർ, എലിക്കുന്നാംമുകൾ എന്നീ ജമാ അത്തുകളിൽ നബിദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. 

പള്ളിക്കൽ∙ പള്ളിക്കൽ ടൗൺ ജമാഅത്തിന്റെ നബിദിന ഘോഷ യാത്രയ്ക്കു വരവേൽപ് നൽകി പള്ളിക്കൽ പുളിമാത്ത് ദേവീ ക്ഷേത്രം ഭാരവാഹികൾ.ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ഹസീന ഉദ്ഘാടനം ചെയ്തു.

വർക്കല∙ എംജി മോഡൽ സ്കൂളിൽ നബിദിനാഘോഷം ചെറുകുന്നം പള്ളിയിലെ അബ്ദുൽ ഹക്കീം മൗലവി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് ഗേൾ നാദിയ മുനീർ, പ്രിൻസിപ്പൽ എസ്.പൂജ, ട്രസ്റ്റ് സെക്രട്ടറി പി.കെ.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച നിരവധി കലാപരിപാടികൾ ചടങ്ങിന് മിഴിവേകിയതിനു പുറമേ വിദ്യാർഥികൾ മധുരപലഹാരങ്ങൾ കൈമാറി ആശംസകൾ അർപ്പിച്ചു.

പോത്തൻകോട് ∙ മുരുക്കും പുഴ വെയിലൂർ മുസ്‌ലിം ജമാഅത്തിന്റെയും ഹയാത്തുൽ ഇസ്‌ലാം മദ്രസയുടെയും കെഎംവൈഎഫ് വെയിലൂർ യൂണിറ്റ്  പ്രവർത്തകരുടേയും നേതൃത്വത്തിൽ നബിദിനസന്ദേശ റാലി നടന്നു. ജമാഅത്ത് പ്രസിഡന്റ് എ.കെ ഷാനവാസ്‌ സന്ദേശറാലി ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം സമീർ മന്നാനി, സെക്രട്ടറി എ.ആർ നിസാം, കെ. എസ് റഷീദ്. എച്ച്. സലിം, കെ.എസ്.എ വാഹിദ്, കുന്നിൽ റഹീം, ഹനീഫ ഹാജി, ഷമീർഖാൻ ഹാഷിമി, നസീറുദ്ദീൻ മുസലിയാർ, മുസ്തഫ കുളപ്പുരയിൽ, സലീം ഷാ, അബ്ദുൽ സലാം, അബ്ദുൽ സലീം തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി കലാമത്സരങ്ങളും നടന്നു.

നബിദിന സമ്മേളനം നാളെ

വർക്കല∙ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ വർക്കല താലൂക്ക് കമ്മിറ്റിയുടെ നബിദിന സമ്മേളനം നാളെ 4 മണിക്ക് കടുവയിൽ മസ്ജിദ് അങ്കണത്തിലെ മർഹൂം ചേലക്കുളം ഉസ്താദ് നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടുവയിൽ മഖാം സിയാറത്തോടു കൂടിയാണ് പരിപാടികൾ ആരംഭിക്കുന്നത്. ജം ഇയ്യത്തുൽ ഉലമ വർക്കല താലൂക്ക് പ്രസിഡന്റ്‌ പുലിപ്പാറ സുലൈമാൻ മൗലവി നേതൃത്വം നൽകും. തുടർന്നു പൊതുസമ്മേളനം കടുവയിൽ ജമാഅത്ത് ചീഫ് ഇമാം അബു റബിയ് സ്വദഖത്തുള്ള മൗലവി ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ്‌ പാലച്ചിറ എസ്.അബ്ദുൽ ഹക്കീം അൽഹാദി അധ്യക്ഷത വഹിക്കും. 

പാവല്ല ഉസ്താദ് അബു റാഷിദ് പി.എം.സൈദുമുഹമ്മദ്‌ മൗലവി പ്രാർഥനയ്ക്കു നേതൃത്വം നൽകും. താലൂക്കിലെ മുഴുവൻ ജമാഅത്തുകളുടെയും സംയുക്ത വേദിയായ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ താലൂക്ക് കമ്മിറ്റി, ദക്ഷിണ കേരള ജം ഇയത്തുൽ ഉലമ, ലജ്നത്തുൽ മുഅല്ലിമീൻ, കെഎംവൈഎഫ്, ഡികെഐഎസ്എഫ്, മന്നാനീസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് നബിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. കടുവയിൽ ജുമാമസ്ജിദ് അങ്കണത്തിൽ ‘ഇഷ്‌ഖേ മദീന-2023’ സമ്മേളനത്തോടും മറ്റു പരിപാടികൾക്കൊപ്പവുമാണ് നടത്തുന്നതെന്നു ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ്‌ പാലച്ചിറ എസ്.അബ്ദുൽ ഹക്കീം അൽഹാദിയും ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഈരാണിയും അറിയിച്ചു.

സ്വീകരണം നൽകി

ചിറയിൻകീഴ്∙അഴൂർ പെരുങ്ങുഴി മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനസന്ദേശ റാലിക്കു പെരുങ്ങുഴി നാലുമുക്ക് ജംക്‌ഷനിൽ എസ്എൻഡിപി യോഗം പ്രവർത്തകർ  വരവേൽപ്പൊരുക്കി. റാലിക്കു മുന്നിലായി നേതൃത്വം നൽകിയ പെരുങ്ങുഴി മുസ്‌ലിം ജമാഅത്ത് ചീഫ്ഇമാം മുഹമ്മദ് റാഫി ബാക്കഫിയെ എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയനുവേണ്ടി കൗൺസിലർ സി.കൃത്തിദാസ്  ഹരിതഷാൾ അണിയിച്ചു സ്വീകരിച്ചു. 

തുടർന്നു ജമാഅത്ത് പ്രസിഡന്റ് ഇ.അബ്ദുൽഅസീസ്, സെക്രട്ടറി എ.അബ്ദുൽഹക്കിം, വൈസ്പ്രസിഡന്റ് യു.അഷ്റഫ്, ജനറൽ സെക്രട്ടറി എ.എസ്.സുഹൈൽ, ഭരണസമിതി അംഗങ്ങളായ എ.ഷാഫി, എം.എ.ഹുസൈൻ, എസ്.റാമി, എച്ച്.ഹസീംമുഹമ്മദ്, എ.സമീർ, ഇ.ഷാജഹാൻ,എംനസീർ എന്നിവരെ വരവേറ്റു. റാലിയിൽ പങ്കെടുത്തവർക്കു പഴവർഗങ്ങളും ശീതളപാനീയങ്ങളും വിതരണം ചെയ്തു.

ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്എൻ ട്രസ്റ്റ്ബോർഡംഗം കെ.രഘുനാഥൻ, പെരുങ്ങുഴി ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് സന്തോഷ്നാലുമുക്ക്, നാലുമുക്ക് ശ്രീനാരായണഗുരുക്ഷേത്ര കാര്യദർശി അജിത്ത്കുമാർ, ക്ഷേത്രഭരണസമിതിയംഗം മുരളി എന്നിവർ സ്വീകരണചടങ്ങിനു നേതൃത്വം നൽകി.

ആറ്റിങ്ങൽ∙ മുദാക്കൽ കല്ലിൻമൂട് കല്ലിൻമൂട് മദ്രസ സംഘടിപ്പിച്ച നബിദിന റാലിക്ക് വാർഡ് സമിതിയും , വാർഡ് ബാലസഭയും സ്വീകരണം നൽകി. പഞ്ചായത്തംഗം,  വാർഡു സമിതി ഭാരവാഹികൾ, വയോജന ക്ലബ് ഭാരവാഹികൾ, ബാലസഭ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കി ക്ഷേത്രങ്ങൾ

ഭരതന്നൂർ∙നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്രകവാടത്തിൽ സ്വീകരണം ഒരുക്കി സാഹോദര്യത്തിനും പരസ്പര സ്നേഹത്തിനും മാതൃകയായി മൈലമൂട് കോട്ടയപ്പൻകാവ് ശ്രീധർമശാസ്താ ക്ഷേത്രം ഭരണ സമിതി. ഭരതന്നൂർ ടൗൺ മുസ്‌ലിം ജമാഅത്ത്, മൈലമൂട് മുസ്‌ലിം ജമാഅത്ത് എന്നിവയുടെ മദ്രസ വിദ്യാർഥികളുടെ നബിദിന ഘോഷയാത്രയ്ക്കാണു സ്വീകരണം ഒരുക്കിയത്. ക്ഷേത്ര മേൽശാന്തി ശ്രീഹരി വേങ്കിടേശ്വർ ഭരതന്നൂർ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ റഷീദ് മൗലവിക്ക് മധുരവും പഴങ്ങളും നൽകി ക്ഷേത്ര കവാടത്തിൽ സ്വീകരിച്ചു. 

തുടർന്ന് വിദ്യാർഥികൾക്ക് പായസം, മധുരപലഹാരങ്ങൾ, വിവിധ ഇനം പഴങ്ങൾ എന്നിവ വിതരണം നടത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എസ്. വിജയകുമാർ, സെക്രട്ടറി ടി. മോഹനൻപിള്ള, ട്രസ്റ്റ് അംഗങ്ങൾ, ജമാഅത്ത് പ്രസിഡന്റ് എ.താഹ, സെക്രട്ടറി എസ്.അബ്ദുൽ റഷീദ്, അസി. ഹാരിസ് മൗലവി, അനീസ് മൗലവി, എം.കാസിംപിള്ള, എ.എം.ഷാജഹാൻ, എ.കെ.എം. സലിം എന്നിവർ പ്രസംഗിച്ചു.

കല്ലമ്പലം∙നബി ദിനാഘോഷത്തിന്റെ ഭാഗമായി കടുവയിൽ പള്ളിയിൽ നിന്ന് ആരംഭിച്ച നബിദിന റാലിക്ക് ചാങ്ങാട്ട്  ഭഗവതി ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. റാലിയിൽ പങ്കെടുത്ത ആയിര കണക്കിന് കുട്ടികൾക്കും മുതിർന്ന വർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തും,കേക്ക് മുറിച്ച് പങ്കു വച്ചും ലഘു പാനീയങ്ങളും ദാഹ ജലവും നൽകി ആണ് ക്ഷേത്ര ഭാരവാഹികൾ നബിദിന റാലിയെ വരവേറ്റത്. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹികളും റാലിയോട് ഒപ്പമുണ്ടായിരുന്നു.

ദേശീയ പാതയിൽ കടുവയിൽ പള്ളിക്ക് എതിർ വശത്താണ് ചാങ്ങാട്ട്  ഭഗവതി ക്ഷേത്രം. മുൻ വർഷങ്ങളിലെ നബി ദിനത്തിലും സ്വീകരണം ഒരുക്കിയും പള്ളിയിലെ മറ്റ് പരിപാടികളിൽ പങ്കെടുത്തും ക്ഷേത്രം വേറിട്ട ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികളായ എം.മുകേഷ്,പി.ജയേഷ്,എസ്.അനൂപ്,അഭിലാഷ് ചാങ്ങാട്,എസ്.പങ്കജാഷ കുറുപ്പ്,എസ്,ബിനു,വി.സുനിൽ കുമാർ,എസ്.അനിൽ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം നടത്തിയ മാതൃകാ പ്രവർത്തനത്തിന് കടുവയിൽ പള്ളി ഇമാം അബു റഹീഅ് സ്വദഖത്തുല്ല മൗലവി,ട്രസ്റ്റ് സെക്രട്ടറി എ.എം.എ.റഹിം എന്നിവർ നന്ദി രേഖപ്പെടുത്തി.

കിളിമാനൂർ∙ ആറ്റൂർ ജമാഅത്ത് നബിദിന സന്ദേശ യാത്രയ്ക്ക് ആറ്റൂർ  വിഷ്ണു ക്ഷേത്രം ഭാരവാഹികൾ സ്വീകരണം നൽകി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ സമ്മാനിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ജി.സുഭാഷ്ചന്ദ്രൻ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com