ADVERTISEMENT

വിതുര∙ ഒരു രാത്രിയും പകലും കനത്ത മഴ പെയ്തതിനെ തുടർന്നു വാമനപുരം നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നു. പൊന്മുടി, കല്ലാർ വന മേഖലകളിലും മഴ ശക്തമായതോടെ പോഷക നദികളിലൂടെ വെള്ളം വാമനപുരം നദിയിലേക്കു കുതിച്ചെത്തി. മക്കിയാറും പന്നിവാസൽ പുഴയും കര കവിഞ്ഞു. മരുതാമല, മക്കി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും റോഡിലും റോ‍ഡരികിലെ വീടുകളിലും വെള്ളം കയറി. 

ജല നിരപ്പ് ഉയർന്നതിനെ തുടർന്നു നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ കവിഞ്ഞ് വെള്ളം ഒഴുകിയതു വിതുര– പാലോട് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. പൊന്മുടിയിലും കല്ലാർ വന മേഖലയിലും ബോണക്കാട്ടും ശക്തമായി മഴ തുടരുകയാണ്. പൊന്മുടിയിൽ മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണു അധികൃതരുടെ പക്ഷം. കാലാവസ്ഥ തീർത്തും പ്രതികൂലമായാൽ പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിനു താൽക്കാലിക നിരോധനം ഏർപ്പെടുത്തിയേക്കും. 

വിതുര ഗ്രാമപ്പഞ്ചായത്തിലെ കളീയ്ക്കൽ, തള്ളച്ചിറ, പറങ്കിമാംതോട്ടം, കോട്ടിയത്തറ ഭാഗങ്ങളിലെ തോടുകൾ കര കവിഞ്ഞു. ഇവിടങ്ങളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊന്മുടി സംസ്ഥാന ഹൈവേയിലെ ചിറ്റാർ, ആനപ്പാറ, മിനി സ്റ്റേഡിയം ജംക്‌ഷൻ, ഹൈസ്കൂൾ ജംക്‌ഷൻ, ചേന്നൻപാറ, ഇരുത്തലമൂല, തൊളിക്കോട്, പുളിമൂട്, മന്നൂർക്കോണം, പതിനാറാംകല്ല് ജംക്‌ഷനുകളിൽ മണിക്കൂറുകളോളം വെള്ളക്കെട്ട് രൂപപ്പെട്ടു.

പേപ്പാറ ഡാമിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി

വിതുര∙ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് കൂടിയതിനെ തുടർന്നു പേപ്പാറ ഡാമിലെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഈ വർഷം ആദ്യമായി കഴിഞ്ഞ വെള്ളിയാഴ്ച നാല് ഷട്ടറുകളും 5 സെന്റി മീറ്റർ വീതം ആകെ 20 സെന്റി മീറ്റർ ഉയർത്തിയിരുന്നു. പിന്നാലെ മഴ ശമിക്കാതെ വന്നതോടെ കഴിഞ്ഞ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഷട്ടറുകൾ പിന്നെയും ഉയർത്തി. തൊട്ടടുത്ത ദിവസങ്ങളിൽ ജല നിരപ്പ് താഴ്ന്നെങ്കിലും വൃഷ്ടി പ്രദേശങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ മഴ തുടർന്ന സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും ഷട്ടറുകൾ ഉയർത്തിയത്.

നിലവിൽ 4 ഷട്ടറുകളും 25 സെന്റി മീറ്റർ വീതം ആകെ 100 സെന്റി മീറ്ററാണു ഷട്ടറുകളഴ് ഉയർത്തിയിരിക്കുന്നത്. 108.10 മീറ്റർ ആണു നിലവിലെ ജല നിരപ്പ്.109.5 മീറ്റർ വരെ നിലവിൽ ഡാമിൽ സംഭരിച്ചു നിർത്താനുള്ള അനുമതിയുണ്ട്. 110.5 മീറ്റർ ആണു പരമാവധി സംഭരണ ശേഷി. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. 

ചായത്തു കൃഷി നാശം

വിതുര∙ ശക്തമായ കാറ്റിലും മഴയിലും വിതുര ചായത്തു കൃഷി നാശം. എട്ടാം കല്ല് രോഹിണിയിൽ ചന്ദ്രൻ പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന 50 സെന്റ് പുരയിടത്തിലെ വാഴ, ചേന, മരച്ചീനി എന്നിവ നശിച്ചു. മൂപ്പെത്തിയ ഏത്തവാഴക്കുലകൾ മത്സരിച്ചു. ഏകദേശം 60,000രൂപയുടെ നാശം നഷ്ടം ഉണ്ടായതായാണു പ്രാഥമിക വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com