ADVERTISEMENT

പോത്തൻകോട് ∙ ഏറെ നാളായി തകർന്നു കിടക്കുന്ന പോത്തൻകോട് കെഎസ്ആർടിസി ബസ് ടെർമിനൽ നവീകരണത്തിനായി 10 -ാം തീയതി മുതൽ 2 മാസത്തേക്ക് അടച്ചിടും. ബൈപാസ് ഉൾപ്പെടെ 6 പ്രധാന റോഡുകളുടെ സംഗമ സ്ഥാനമായ പോത്തൻകോട് ബസുകൾക്ക് വന്നു പോകാനും നിർത്തിയിടാനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽകുമാറിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. വൻകുഴികളായി കിടക്കുന്നിടം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്താൻ 38 ലക്ഷം ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ അറിയിച്ചു.

പ്രവേശന കവാടങ്ങളുടെയടക്കം നവീകരണത്തിന് പോത്തൻകോട് പഞ്ചായത്ത് 5 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ബസ് ടെർമിനൽ അടച്ചുപൂട്ടുമ്പോൾ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ ജംക്‌ഷനിലെ പാർക്കിങ്ങുകൾ ഒഴിവാക്കുമെന്ന് പോത്തൻകോട് എസ്എച്ച്ഒ ഡി.മിഥുൻ പറഞ്ഞു. പുനലൂർ, ചടയമംഗലം, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കണിയാപുരം, ആറ്റിങ്ങൽ, പേരൂർക്കട, വികാസ് ഭവൻ, കിഴക്കേകോട്ട, പൂവാർ ഡിപ്പോകളിൽ നിന്നായി 300ൽ ആധികം സർവ്വീസുകളാണ് പോത്തൻകോട് വഴിയുള്ളത്. ഇതുകൂടാതെ പോത്തൻകോട് നിന്നു ചാർട്ട് ചെയ്യുന്ന 120തോളം സർവീസുകളും ഉണ്ടെന്ന് കെഎസ്ആർടിസി പ്രതിനിധികളായെത്തിയ സജീവ് കുമാർ, സുരേഷ്കുമാർ എന്നിവർ അറിയിച്ചു. ജനപ്രതിനിധികൾക്കു പുറമേ പഞ്ചായത്ത്,മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സ്റ്റോപ്പുകളുടെ ക്രമീകരണം  ചെമ്പഴന്തി വഴി ശ്രീകാര്യം ഭാഗത്തേക്കും ബൈപാസ് വഴി കഴക്കൂട്ടത്തേയ്ക്കും  – ബൈപാസിൽ പെട്രോൾ പമ്പിന് എതിർ വശത്ത്

∙പൗഡിക്കോണം വഴി ശ്രീകാര്യം ഭാഗത്തേക്ക് – മേലെമുക്ക് വാട്ടർടാങ്കിനു സമീപം
∙മംഗലപുരത്തേയ്ക്ക് പോകുന്നവ – മേലെമുക്ക് ( ചന്തമുക്ക്), പോത്തൻകോട് യുപിഎസിന് എതിർവശത്തും
∙നെടുമങ്ങാട് പോകുന്നവ – മേലെമുക്ക് മാർക്കറ്റ് ജംക്‌ഷൻ.
∙വെഞ്ഞാറമ്മൂട് ഭാഗത്തേക്ക് പോകുന്നവ – എച്ച്കെ തിയറ്ററിന് എതിർവശം.
∙അണ്ടൂർക്കോണം, കണിയാപുരം ഭാഗത്തേക്ക് – പൊലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com