മഴ തോർന്നു, ദുരിതം തുടരുന്നു; പലയിടത്തും വെള്ളക്കെട്ട്
Mail This Article
കഴക്കൂട്ടം∙ അണ്ടൂർക്കോണം പഞ്ചായത്തിന്റെ കീഴിലുള്ള കണിയാപുരത്തെ വ്യവസായ എസ്റ്റേറ്റ് വെള്ളത്തിൽ. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യവസായികൾ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന 4 വ്യവസായ സ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങിയത്.
വ്യവസായ എസ്റ്റേറ്റ് നിർമിക്കുമ്പോൾ വെള്ളം ഒഴുകി പോകാൻ ഓട പണിതെങ്കിലും അത് അശാസ്ത്രീയമായതിനാൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം എസ്റ്റേറ്റിനുള്ളിൽ ഇരച്ചു കയറും. ഇതിനു പരിഹാരം കാണാം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചെങ്കിലും ഇനിയും പരിഹാരമായില്ല.
മലയിൻകീഴ് ∙ വിളവൂർക്കൽ പഞ്ചായത്തിലെ നാലാംകല്ല് ജംക്‌ഷനിൽ തോട് കരകവിഞ്ഞു ഒഴുകി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത് നാലാംകല്ലിൽ റോഡിനു കുറുകെയുള്ള കലുങ്ക് അടഞ്ഞതിനെ തുടർന്നെന്ന് നാട്ടുകാർ.
കാലപ്പഴക്കമുള്ള കലുങ്കിലെ കരിങ്കല്ല് കെട്ടുകൾ ഇടിഞ്ഞ നിലയിലാണ്. ഈ ഭാഗത്ത് മാലിന്യങ്ങളും മരച്ചില്ലകളും അടഞ്ഞ് വെള്ളം കരകവിഞ്ഞതോടെ മലയിൻകീഴ് – പാപ്പനംകോട് റോഡും ഇതിനു കുറുകെയുള്ള തോടും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു.ദ്ധിമുട്ടിയാണ് കടന്നു പോയത്. വിളവൂർക്കൽ അയണിയോട് ആദിത്യ ഭവൻ മീനാംബിക ദേവി, നാലാംകല്ല് ശാർങ്ഗധരന്റെ എന്നിവരുടെ വീടുകളിലും 2 തട്ടുകടകളിലും ആണ് വെള്ളം കയറിയത്.
നാലാംകല്ല് തേരിക്കൽ – പൊറ്റയിൽ , നാലാംകല്ല്– മുരിക്കറത്തല, നാലാംകല്ല് – അയണിയോട് എന്നീ ഇട റോഡുകളും വെള്ളത്തിൽ മുങ്ങി.മലയിൻകീഴ് പഞ്ചായത്തിലെ മച്ചേൽ ഭാഗത്ത് തോട്ടിലെ ബണ്ട് പൊട്ടി കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി. മഴ കുറഞ്ഞതിനെ തുടർന്ന് വെള്ളം താഴ്ന്നു.
വിളപ്പിലിൽ മണ്ണിടിച്ചിൽ
മലയിൻകീഴ് ∙ കഴിഞ്ഞ ദിവസത്തെ മഴയിൽ വിളപ്പിൽ പഞ്ചായത്തിലെ മിണ്ണംകോട് സ്കൈ ലൈനിൽ അനൂപ് നാരായണപിള്ളയുടെ വീടിന്റെ ചുറ്റുമതിലും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു വീണു. മണ്ണിടിച്ചിലും ഉണ്ടായി. കാട്ടുവിള ചെറുകോട് – മുക്കംപാലമൂട് റോഡ്, വിളപ്പിൽശാല – കാട്ടാക്കട റോഡിൽ മലപ്പനംകോട് ഭാഗത്തും മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ ഭാഗത്ത് റോഡിനു കുറുകെ അശാസ്ത്രീയമായി നിർമിക്കുന്ന കലുങ്ക് കാരണമാണ് പ്രദേശത്തെ ഹെക്ടറുകളോളം കൃഷിയിടങ്ങളിൽ വെള്ളം കയറാൻ കാരണം.
ഇന്ന് ശുചീകരിക്കും
പോത്തൻകോട് ∙ ശക്തമായ മഴയിൽ വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് അണ്ടൂർക്കോണം പഞ്ചായത്തിലെ ആലുംമൂട് ഗവ.എൽപി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാംപിൽ 82 പേരായി. ക്യാംപിലെ അടിസ്ഥാന സൗകര്യങ്ങൾ ചോദിച്ചറിയാൻ മന്ത്രി ജി.ആർ അനിലും എത്തിയിരുന്നു. മഴക്കെടുതിയുണ്ടായ സ്ഥലങ്ങളും മന്ത്രി സന്ദർശിച്ചു.
മഴക്കെടുതിയുണ്ടായ 9 വാർഡുകളിലെ വെള്ളം ഇറങ്ങിയ ഇടങ്ങളിൽ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് ഒറ്റ ദിവസം കൊണ്ട് ക്ലോറിനേറ്റ് ചെയ്ത് വ്യത്തിയാക്കും. എല്ലാ വാർഡുകളിലും പ്രതിരോധ ഗുളികകൾ വിതരണം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ അറിയിച്ചു. മംഗലപുരം പഞ്ചായത്തിൽ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ തുറന്ന ക്യാംപിൽ 25 പേരാണ് ഉള്ളത്. വെള്ളം കയറിയ ഇടങ്ങൾ ക്ലോറിനേറ്റ് ചെയ്യും.
വീട് നിലംപൊത്തി
കോവളം∙പാച്ചല്ലൂരിൽ അർധ രാത്രി വീടിനുള്ളിൽ വെളളം നിറഞ്ഞതു കണ്ട് വീട്ടുകാർ പുറത്തേക്ക് ഇറങ്ങിയതിനു പിന്നാലെ വീടു നിലം പൊത്തി. പാച്ചല്ലൂർ എൽപി സ്കൂളിനു പിന്നിൽ കരിച്ചാട്ടു വീട്ടിൽ മോഹനന്റെ ഓടു മേഞ്ഞ വീടാണ് കഴിഞ്ഞ രാത്രി തകർന്നത്.
കാഴ്ച്ചക്കുറവു ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മോഹനൻ, മാതാവ്, സഹോദരി, ഇവരുടെ മകൻ എന്നിവരുൾപ്പെടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. പാച്ചല്ലൂർ വടക്കേ തോപ്പിൽ തങ്കത്തിന്റെ ഷീറ്റു മേഞ്ഞ വീട് തകർച്ച ഭീഷണിയിലായതിനെ തുടർന്ന് അവർ ബന്ധു വീട്ടിൽ അഭയം തേടി.
ക്യാംപ് തുറന്നു
കോവളം∙പാച്ചല്ലൂർ ഗവ എൽപിഎസിൽ ദുരിതാശ്വാസ ക്യാംപ് തുറന്നതായി തിരുവല്ലം വില്ലേജ് ഓഫിസർ ജി.ഐ.ഗീത അറിയിച്ചു. ഇവിടെ ഒരു കുടുംബത്തിലെ 6 പേരെ മാറ്റിപ്പാർപ്പിച്ചു. കോളിയൂരിൽ അശോകന്റെ ഷീറ്റു മേഞ്ഞ വീടു മഴയിൽ തകർന്നതായി വില്ലേജ് ഓഫിസർ അറിയിച്ചു. തിരുവല്ലം, പുഞ്ചക്കരി, മുട്ടളക്കുഴി ഭാഗത്തു വീടുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.
കൃഷി നാശം
കോവളം∙പാലപ്പൂരു ഭാഗത്ത് ഏക്കർ കണക്കിനു കൃഷി ഭൂമി വെള്ളത്തിൽ മുങ്ങി. ലക്ഷങ്ങളുടെ നഷ്ടം. പാലപ്പൂര്–കിരിടം പാലം ബണ്ട് റോഡ് പൂർണമായും മുങ്ങി. പാപ്പാഞ്ചാണി ബസ് സ്റ്റാൻഡ് ജംക്‌ഷൻ ഉൾപ്പെടെ വെളളത്തിൽ മുങ്ങിയ നിലയിലാണ്.
നാശനഷ്ടം
വിഴിഞ്ഞം∙കഴിഞ്ഞ ദിവസത്തെ മഴയിൽ വിഴിഞ്ഞം വലിയ കടപ്പുറത്ത് വ്യാപക നഷ്ടം. കരയിൽ കയറ്റി വച്ചിരുന്ന ഒട്ടേറെ വള്ളങ്ങൾ തിരയടിയിൽ തകർന്നു ലക്ഷങ്ങളുടെ നഷ്ടമെന്നു മത്സ്യത്തൊഴിലാളികൾ. 2 എൻജിനുകൾ ഉൾപ്പെടെ തകർന്നു. അർധരാത്രിയോടെയാണ് സംഭവം. ഏതാനും വള്ളങ്ങൾ കടലെടുക്കുന്നതു കണ്ടെത്തിയ തൊഴിലാളികൾ വിവരം നൽകി മറ്റു വള്ളക്കാർ എത്തി ശേഷിച്ച വള്ളങ്ങളെ കരയിലേക്ക് വലിച്ചു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ അധിക നഷ്ടമുണ്ടായില്ല.