നാട്ടുകാരെ ഭീഷണിപ്പെടുത്തി അനധികൃത പന്നിഫാം നടത്തിപ്പ്; ശവമഞ്ചത്തിൽ കിടന്ന് പ്രതിഷേധം
Mail This Article
കാട്ടാക്കട ∙ പൂവച്ചൽ പഞ്ചായത്തിലെ കരിയംകോട്, കട്ടയ്ക്കോട്, കാപ്പിക്കാട് വാർഡുകളിൽ പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമുകൾ അടച്ച് പൂട്ടാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ജനകീയ സമിതി പ്രവർത്തകർ പൂവച്ചൽ പഞ്ചായത്ത് പടിക്കൽ ശവമഞ്ചത്തിൽ കിടന്നു പ്രതിഷേധിച്ചു. സമരത്തിൽ പങ്കെടുത്തവരുടെ വീടുകൾക്ക് മുന്നിൽ കരിങ്കൊടി കെട്ടി. സമിതി പ്രസിഡന്റ് ഡേവിഡ്സൻ, ജസ്റ്റിൻ എന്നിവരുൾപ്പെടെ പലരും സമരം കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് കൊടി കണ്ടത്.
പന്നി ഫാം നടത്തിപ്പ്കാരാണ് ഇതിനു പിന്നിലെന്ന് ജനകീയ സമിതി ആരോപിച്ചു. സമരവേദിക്കു സമീപവും ഫാം നടത്തിപ്പുകാരിൽ ചിലരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമരം മാധ്യമ പ്രവർത്തകൻ ശിവകൈലാസ് ഉദ്ഘാടനം ചെയ്തു. ജെ.അരുൺ കുമാർ അധ്യക്ഷനായി. പരിസര മലിനീകരണവും പ്രദേശവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടും യാതൊരുവിധ ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന 18 പന്നിഫാമുകൾ അടച്ച് പൂട്ടി താക്കോൽ പഞ്ചായത്തിനു കൈമാറാൻ നെടുമങ്ങാട് ആർഡിഒ ഉത്തരവിട്ടിട്ട് മാസങ്ങളായി. പഞ്ചായത്തിനു പുറത്തുള്ളവരും ബിനാമികളുമാണ് ഫാമുകൾ നടത്തുന്നത്.
ഓരോ ഫാമിലും 20 മുതൽ 200 പന്നികൾ വരെ ഉള്ളതായി കണ്ടെത്തി. പന്നികൾക്ക് ആഹാരമെന്ന പേരിൽ നഗരത്തിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ കൊണ്ടുവന്ന് സംഭരിക്കുക വഴി പ്രദേശമാകെ മലീമസമായി. ഇതിനൊപ്പം എത്തുന്ന പ്ലാസ്റ്റിക് പ്രദേശത്ത് കുഴിച്ചിടും. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങി ആരും അനധികൃത പന്നി ഫാമുകൾക്കെതിരെ നടപടിക്ക് മുതിർന്നില്ല. പ്രതിഷേധിക്കുന്ന പ്രദേശവാസികളെ ഭീഷണിപ്പെടുത്തുക, ഇവരുടെ വീടിനു മുന്നിൽ മാലിന്യം വലിച്ചെറിയുക, കുടുംബാംഗങ്ങളെ ആക്രമിക്കുക തുടങ്ങി ഗുണ്ടായിസത്തിലൂടെ ഒരു പ്രദേശത്തെ ആകെ മലിനമാക്കാകുകയാണ് അനധികൃത പന്നി ഫാം നടത്തിപ്പുകാർ. അപരിചിതർ ആരെങ്കിലും ഈ പ്രദേശത്തുകൂടി കടന്നു പോയാൽ അവരെ നിരീക്ഷിക്കാൻ ഗുണ്ടാ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു.
ഒരു നാടാകെ ദുരിതത്തിലായിട്ടും നൂറുകണക്കിനു കുടുംബങ്ങൾ സാംക്രമിക രോഗ ഭീഷണിയിലായിട്ടും ഫാം ഉടമകളെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്തിനെന്നു സമരക്കാർ ആരോപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെട്ടവർ ചേർന്ന് നടത്തിയ സമരത്തിൽ ഫാമുകൾ ഉൾപ്പെടുന്ന വാർഡ് അംഗങ്ങൾ മാത്രം പങ്കെടുത്തില്ല. എന്നാൽ ഇവർ ഉൾപ്പെടുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ സമരത്തിനു പിന്തുണയുമായെത്തി. എസ്.ജലീൽ മുഹമ്മദ്, മുളയറ രതീഷ്,സത്യദാസ് പൊന്നെടുത്തകുഴി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീക്കുട്ടി സതീഷ്,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.