വിഡിയോ കോൾ കെണിയൊരുക്കി പണം തട്ടിപ്പ് വ്യാപകം: നഗ്നദൃശ്യം കാണുന്നത് പ്രചരിപ്പിക്കുമെന്ന് ഭീഷണിയും
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്തു വിഡിയോ കോളിൽ കെണിയൊരുക്കി പണം തട്ടിപ്പ് പെരുകുന്നു. പൂജപ്പുരയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ 53കാരന് 3 ലക്ഷം രൂപ നഷ്ടമായി. ഉത്തരേന്ത്യൻ സംഘമാണു തട്ടിപ്പിന് പിന്നിലെന്നു പൊലീസ് കണ്ടെത്തി. ഫെയ്സ്ബുക്കിൽ അപരിചിതയായ സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റിൽ വീണതാണ് പരാതിക്കാരന് വിനയായത്. മെസഞ്ചറിൽ വിഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടുകയും പരാതിക്കാരൻ അതു കാണുന്നതടക്കമുള്ള ദൃശ്യം പകർത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി.
പരാതിക്കാരൻ ഇതിൽ വീണില്ല. പിന്നീട് ഡൽഹി സൈബർ സെല്ലിൽ നിന്നാണെന്നു പറഞ്ഞ് പല നമ്പറുകളിൽ നിന്നു നിരന്തരം കോൾ വന്നു. ഒടുവിൽ പൊലീസ് കേസും മാനഹാനിയും ഭയന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ട അക്കൗണ്ട് നമ്പറുകളിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നു. ജില്ലയിൽ ആറുമാസത്തിനിടെ 15 പേരോളം തട്ടിപ്പിന് ഇരയായെന്നാണു കണക്ക്. പൊലീസിൽ പരാതിപ്പെടാത്തവ കൂടി കണക്കാക്കിയാൽ ഇതിനേക്കാൾ കൂടും. വാട്സാപ്, ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോളിൽ നഗ്നദൃശ്യം കാണിച്ച് ചാറ്റ് പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയാണു രീതി.
അടുത്തിടെ പൊലീസ് ആണെന്ന വ്യാജേന ഇ–മെയിൽ സന്ദേശത്തിലൂടെ 77കാരനെ ഭീഷണിപ്പെടുത്തി 3.9 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഓൺലൈൻ ചാറ്റ് സംബന്ധിച്ച് യുവതി നൽകിയ പരാതിയിൽ ലൈംഗിക കുറ്റകൃത്യത്തിന് കേസ് എടുത്തെന്നും ഇത് ഒതുക്കിത്തീർക്കാം എന്നു പറഞ്ഞുമാണ് പണം തട്ടിയത്. പശ്ചിമ ബംഗാൾ പൊലീസിലെ അജയ് കശ്യപ് ഐപിഎസ് എന്ന പേരിൽ ഇ–മെയിൽ സന്ദേശം അയച്ചു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വലിയതുറ സ്വദേശിയായ യുവാവിനെ ഫെയ്സ്ബുക് വഴിയാണ് അജ്ഞാത യുവതി പരിചയപ്പെട്ടത്.