കാറപകടം: അവിശ്വസനീയ ദുരന്തത്തിൽ നടുങ്ങി നാട്; തെറിച്ചുവീണത് കുറ്റിക്കാട്ടിലേക്ക്
Mail This Article
തിരുവനന്തപുരം∙ വർഷങ്ങളായി എന്നും പുലർച്ചെ ഒരുമിച്ചു നടക്കാനിറങ്ങുന്ന കൂട്ടുകാർക്കുണ്ടായ ദുരന്തം സമീപവാസികളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. വഴയില വിന്നേഴ്സ് നഗറിൽ മീനൂസ് ബേക്കറിയുടമ ഹരിഗീതം വീട്ടിൽ ഹരിദാസ് (69), അയൽവാസി ശ്രീപത്മത്തിൽ വിജയകുമാർ (69) എന്നിവരാണ് നാടിനെ നടുക്കിയ അപകടത്തിൽ ദാരുണമായി മരിച്ചത്. വീടുകൾക്ക് സമീപത്തു തന്നെ ഇരുട്ടിൽ നടപ്പാതയിൽ നിന്ന് കാറിടിച്ചു തെറിപ്പിച്ച ഇരുവരും ആരുമറിയാതെ ഒരു മണിക്കൂറോളം കുറ്റിക്കാട്ടിൽ കിടന്നതും ചികിൽസ പോലും കിട്ടാതെ മരിച്ചതും അവിശ്വസനീയതയോടെയും നടുക്കത്തോടെയുമാണു നാട്ടുകാർ അറിഞ്ഞത്.
ഹരിദാസിന്റെ ബേക്കറിയുടെ മുന്നിൽ നിന്നാണ് ഇരുവരും അഞ്ചു മണിയോടെ എന്നും പ്രഭാതസവാരി തുടങ്ങുന്നത്. പേരൂർക്കട ജംക്‌ഷനിൽ പോയി തിരികെ ആറരയോടെ എത്തുന്നതാണു പതിവ്. തെരുവുനായ്ക്കളുടെ ശല്യം കുറച്ചെങ്കിലും ഒഴിവാക്കാൻ നടപ്പാതയെ പരമാവധി ആശ്രയിക്കും. വഴയിലയിൽ നിന്ന് പേരുർക്കട ഭാഗത്തേക്ക് ഇരുവരും നടക്കവെയാണ് അഭിമുഖമായി ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ കാർ കുതിച്ചെത്തുന്നതും പത്തു മീറ്ററോളം അകലേക്ക് ഇടിച്ചു തെറിപ്പിക്കുന്നതും.
നടക്കാൻ പോയ വിജയകുമാർ പതിവു സമയമായിട്ടും മടങ്ങിയെത്താതതിനെതുടർന്നാണ് ഭാര്യ പത്മകുമാരി തിരക്കി ഹരിദാസിന്റെ ബേക്കറിയിലേക്ക് ചെന്നത്. അപ്പോഴും അവിടെ രാവിലെ ചായകുടിക്കാനെത്തിയവർ പോലും അപകടവിവരം അറിഞ്ഞിരുന്നില്ല. രാവിലെ അഞ്ചുമണിയോടെ അപകടം നടക്കുമ്പോൾ റോഡിന്റെ എതിർവശത്തുകൂടി നടന്നുപോയ ആളാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടിയതും കാറിലുള്ളവരെ രക്ഷിച്ചതും. വേഗത്തിലെത്തിയ കാർ റോഡിലെ വളവു തിരിയാതെ ഉയർത്തി നിർമിച്ചിട്ടുള്ള ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഹരിദാസിനെയും വിജയകുമാറിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം കോൺക്രീറ്റ് തിട്ടയിൽ ഇടിച്ച് 20 മീറ്ററോളം നിരങ്ങി റോഡരികിലെ മരത്തിൽ ഇടിച്ച് നിന്നു. കാർ താഴ്ചയിലേക്ക് മറിയാതിരുന്നത് ഇതുകൊണ്ടാണ്. കാറിലുണ്ടായിരുന്ന ആറുവയസുകാരി പർണിക, ഗോപാനാഥ്,ശരത്കുമാർ യാദവ് എന്നിവർക്കാണ് പരുക്കേറ്റത്.
എയർബാഗുകളുടെ സംരക്ഷണം മൂലമാണ് കാറിലിരുന്നവരുടെ പരുക്ക് ഗുരുതരമാകാതിരുന്നത്. ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയവർ അറിഞ്ഞില്ല ഹരിദാസും വിജയകുമാറും താഴ്ചയിലെ ഇരുട്ടിൽ കുറ്റിക്കാട്ടിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന കാര്യം. നഗരത്തിലേക്കുള്ള കുടിവെള്ളമെത്തിക്കുന്ന പൈപ്പുകൾ ഇൗ സ്ഥലത്തൂകൂടിയാണ് വരുന്നത്. കാടുപിടിച്ച് കിടക്കുന്ന പ്രദേശമാണ്. പുറമെ ഇരുട്ടും.