ഫയർ ഫൈറ്ററുടെ പ്രതിമ; ആര്യനാടിന് അഭിമാനം
Mail This Article
ആര്യനാട്∙ തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അക്കാദമിയിൽ ഫയർ ഫൈറ്ററുടെ പ്രതിമ അനാഛാദനം ചെയ്തപ്പോൾ ആര്യനാട്ടുകാർക്കും അഭിമാനിക്കാം. ആര്യനാട് വണ്ടയ്ക്കൽ മാധവത്തിൽ എം.എ.വിഷ്ണു (35) ആണ് പ്രതിമയുടെ ശിൽപി. നെയ്യാർഡാം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസർ ആണ് വിഷ്ണു.
53, 54, 57, 58 സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫിസർ കോഴ്സ് ബാച്ച് ആണ് ഇൗ പ്രതിമ നിർമിച്ച് നൽകിയത്. ഇൗ ബാച്ചിലെ അംഗമാണ് വിഷ്ണു. അക്കാദമിയിൽ നടന്ന കോഴ്സ്
പരിശീലനത്തിനിടെയാണ് ഇൗ ദൗത്യം വിഷ്ണുവിന്റെ കൈകളിൽ എത്തിയത്. ആദ്യം ഇരുമ്പ് കമ്പി ഉപയോഗിച്ച് രൂപം തയാറാക്കിയ ശേഷം ഇഷ്ടികയും കോൺക്രീറ്റും ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചത്. തുടർന്ന് പെയിന്റിങ് നടത്തി മനോഹരമാക്കുകയായിരുന്നു. പ്രതിമയുടെ നിർമാണത്തിനായി ചെലവായ ഒന്നരലക്ഷത്തോളം രൂപ മുടക്കിയതും ഇൗ ബാച്ച് തന്നെ.
പറണ്ടോട് സ്വദേശി ഖരീം ആണ് വെൽഡിങ് ജോലികൾ ചെയ്തതെങ്കിലും പ്രതിമ നിർമിച്ചത് വിഷ്ണു ഒറ്റയ്ക്കായിരുന്നു. ഒഴിവ് സമയങ്ങളിൽ ജോലികൾ ചെയ്തതിനാൽ മൂന്ന് മാസം എടുത്തു ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ. കല്ലിങ്ങൽ ഓട്ടോ മൊബീൽസിന്റെ വണ്ടയ്ക്കൽ ഉള്ള കശുവണ്ടി ഫാക്ടറിയിൽ വച്ചാണ് ശിൽപം നിർമിച്ചത്. തുടർന്ന് ഒക്ടോബർ പകുതിയോടെ വകുപ്പിന്റെ വാഹനത്തിൽ തൃശൂർ അക്കാദമിയിൽ എത്തിക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ വാഹനത്തിൽ കയറ്റിയതും ഇറക്കിയതും.
പ്രതിമയ്ക്ക് മുകളിലെ കുടയും അടിസ്ഥാനവും മാത്രമാണ് അക്കാദമിയിൽ വച്ച് ഉണ്ടാക്കിയത് എന്ന് വിഷ്ണു പറഞ്ഞു. ചെറുപ്പത്തിൽ ചെറുതായി ശിൽപങ്ങൾ നിർമിക്കുമെങ്കിലും ഇൗ രീതിയിൽ ഒരു പ്രതിമ നിർമിക്കുന്നതിന് ആദ്യം ആണെന്നും വിഷ്ണു പറഞ്ഞു. 8 വർഷം മുൻപ് പരിശീലന സമയം പൊലീസ് അക്കാദമിയിൽ കളിമണ്ണിൽ വിഷ്ണു പ്രതിമകൾ ചെയ്തിട്ടുണ്ട്. ഫയർ ഫൈറ്റർ പ്രതിമയുടെ അനാഛാദനം ഇന്നലെ ഡയറക്ടർ ജനറൽ കെ.പദ്മകുമാർ നിർവഹിച്ചു. ചടങ്ങിൽ വിഷ്ണുവിനെ ആദരിച്ചു. എസ്.മാധവന്റെയും സി.അംബികയുടെയും മകനാണ്. ഭാര്യ: എം.സി.ആതിര. മകൻ: വി.എ.സിദ്ധാർഥ്.