കല, കലാപം; സംഘർഷം ഒഴിയാതെ ജില്ലാ സ്കൂൾ കലോത്സവ വേദികൾ
Mail This Article
ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ പല വേദികളിലും ഇന്നലെ സംഘർഷാവസ്ഥയുണ്ടായി. വിധി നിർണയവുമായി ബന്ധപ്പെട്ടാണ് സംഘർഷം. ഗവ.ഗേൾസ് എച്ച്എസ്എസിൽ മൈം മത്സര വേദിയിൽ വിധി നിർണയത്തിനു പിന്നാലെ മത്സരിച്ച വിദ്യാർഥികൾ വിധികർത്താക്കളെയും സംഘാടകരെയും വളഞ്ഞു. മാനദണ്ഡം പാലിക്കാതെ വിധി നിർണയം നടത്തിയെന്നായിരുന്നു ആരോപണം. വിധി പ്രഖ്യാപനം നടന്നയുടൻ രക്ഷാകർത്താക്കളും അധ്യാപകരും വിധികർത്താക്കളെ ചോദ്യങ്ങളുമായി വളയുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് പ്രശ്നം അവസാനിച്ചത്. ദഫ് മുട്ട് വേദിയിലും പരിചമുട്ട് വേദിയിലും സംഘർഷമുണ്ടായി.
നാടകം തീർന്നത് പുലർച്ചെ
ബുധനാഴ്ച ൈവകിട്ട് ആരംഭിച്ച ഹൈസ്കൂൾ നാടക മത്സരം സമാപിച്ചത് ഇന്നലെ രാവിലെ 5.30ന്. മത്സരാർഥികൾ വേഷം ധരിച്ചു കാത്തിരുന്നത് മണിക്കൂറുകളോളം. ഇരുവിഭാഗങ്ങളിലായി 22 നാടകങ്ങളാണ് ഉണ്ടായിരുന്നത്. 11 മണിക്ക് മത്സരം അവസാനിക്കുമെന്ന് അധികൃതർ കരുതിയെങ്കിലും സംഘാടനത്തിലെ പാളിച്ച മൂലം പുലർച്ചെ വരെ നീളുകയായിരുന്നു. വേദിക്കു സ്ഥലം കുറവായതിനാലും മോശം ശബ്ദ ക്രമീകരണങ്ങൾ കാരണവും ആദ്യമേ മത്സരം തടസ്സപ്പെട്ടിരുന്നു. ബുധൻ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന ഹൈസ്കൂൾ നാടകം വൈകിട്ട് 5ന് ശേഷമാണ് തുടങ്ങിയത്. പുലർച്ചെ വരെ കുട്ടികൾ ഒഴിഞ്ഞ സീറ്റുകൾക്കു മുന്നിൽ അഭിനയിക്കേണ്ടി വന്നു. ഒട്ടേറെ നാളത്തെ പരിശ്രമം നടത്തിപ്പിലെ പിഴവ് മൂലം ഫലം കാണാതെ വിദ്യാർഥികളെ സാരമായി ബാധിക്കുമെന്ന് അധ്യാപകർ പറയുന്നു.