ADVERTISEMENT

തിരുവനന്തപുരം ∙ ‘കുടുംബങ്ങൾക്കകത്തെ ദുഷ്പ്രവണതകൾ തുറന്നു കാട്ടുന്ന സിനിമ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ തുറന്ന മനസ്സോടെയാണ് ചിത്രം ഐഎഫ്എഫ്കെയിൽ സ്വീകരിക്കപ്പെട്ടത്.’ മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘ഫാമിലി’യുടെ സംവിധായകനായ ഡോൺ പാലത്തറ പറഞ്ഞു. 2 മാസത്തിനുള്ളിൽ കേരളത്തിലെ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഐഎഫ്എഫ്കെയിലെ പ്രദർശനത്തിനു ശേഷം ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള തന്റെ ആത്മവിശ്വാസം വർധിച്ചുവെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. ഹൈറേഞ്ചിലെ ദുർബലരും ദരിദ്രരുമായ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ഫാമിലി’ ഒരുക്കിയിരിക്കുന്നത്. ഇരുണ്ടതും ധീരവുമായ കഥ പറയുന്നതിനായി ഇത്തരമൊരു പ്രദേശം മന:പൂർവം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

സിനിമയ്ക്കു പിന്നിൽ വ്യക്തിപരമായ അനുഭവങ്ങളും സ്വാധീനിച്ചിട്ടുണ്ടോ?
മതപശ്ചാത്തലം വേരോടിയ ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.10–ാം വയസ്സിൽ പുരോഹിതനാകാനായിരുന്നു ആഗ്രഹം. കുടുംബത്തിൽ പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തവരുണ്ട്.  മതപശ്ചാത്തലമുള്ള സ്ഥാപനങ്ങളിലായിരുന്നു പഠനം. മുതിർന്നപ്പോൾ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടാകും. ഒരു താരതമ്യത്തിന് എനിക്ക് അവസരം ലഭിച്ചു. അത് സിനിമ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും സ്വാധീനിച്ചു.  

ചിത്രത്തിലെ നായകനായ സോണി (വിനയ് ഫോർട്ട്) പുറമേയ്ക്കു നന്മയുടെ പ്രതിനിധിയും ഉള്ളിൽ തിന്മ പേറുന്നവനുമാണ് ? 
ഇതെല്ലാം ഒരു വ്യക്തിയിൽ മാത്രം ഒറ്റപ്പെട്ടു കാണുന്ന പ്രത്യേകതയല്ല. ദുർബലരായ ആളുകൾ മതം സൃഷ്ടിക്കുന്ന വ്യവസ്ഥകൾക്കു പുറമേ ഇത്തരം വ്യക്തികൾക്കു കൂടി വിധേയപ്പെടേണ്ടി വരുന്നു. വിനയ് ഫോർട്ട് അടക്കമുള്ള അഭിനേതാക്കൾ തങ്ങളുടെ വേഷം ഗംഭീരമാക്കി. ഡോൺ പാലത്തറയും ഷെറിൻ കാതറീനും ചേർന്നെഴുതിയ ‘ഫാമിലി’ റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിലും ഇന്ത്യൻ പ്രീമിയർ ബെംഗളൂരു ചലച്ചിത്രമേളയിലും മികച്ച അഭിപ്രായം നേടിയിരുന്നു. ഐഎഫ്എഫ്കെയിൽ ഇനി 2 പ്രദർശനങ്ങൾ കൂടിയുണ്ട്. ആദ്യചിത്രങ്ങളായ വിത്ത്, 1956 – മധ്യതിരുവിതാംകൂർ എന്നീ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

 തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ നഗരിയായ ടഗോർ തിയറ്ററിൽ എത്തിയ കാതൽ സിനിമയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച നടൻ സുധി കോഴിക്കോട്. ഫൊട്ടോഗ്രഫർ ലെബിസൺ ഗോപി സമീപം. ഇന്നാണ് കൈരളി തിയറ്ററിൽ രാവിലെ 11:45ന് കാതലിന്റെ ആദ്യ പ്രദർശനം.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയുടെ നഗരിയായ ടഗോർ തിയറ്ററിൽ എത്തിയ കാതൽ സിനിമയിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച നടൻ സുധി കോഴിക്കോട്. ഫൊട്ടോഗ്രഫർ ലെബിസൺ ഗോപി സമീപം. ഇന്നാണ് കൈരളി തിയറ്ററിൽ രാവിലെ 11:45ന് കാതലിന്റെ ആദ്യ പ്രദർശനം.

ഇറാനിയൻ ചിത്രം ‘അക്കിലിസ് ’ ഉൾപ്പെടെ ഇന്ന് 5 മത്സര ചിത്രങ്ങൾ 
തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇറാനിയൻ ചിത്രം അക്കിലിസ് ഉൾപ്പെടെ ഇന്ന് 5 മത്സരചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മാനുഷിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ്’, ‘സൺ‌ഡേ’, ‘അക്കിലിസ്’, ‘പ്രിസൺ ഇൻ ദി ആന്റെസ്’, ‘സെർമൺ ടു ദ് ബേഡ്‌സ്’ എന്നീ ചിത്രങ്ങളും സ്ക്രീനിലെത്തും. ഓസ്കർ നേടിയ ജാപ്പനീസ് സംവിധായകൻ റുസ്യുകെ ഹാമാഗുച്ചിയാണ് ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റി’ന്റെ സംവിധായിക . ടകുമി എന്നയാളുടെ ഗ്രാമത്തിലേക്ക് വ്യവസായികൾ എത്തുന്നതും തുടർന്നുണ്ടാവുന്ന പാരിസ്ഥിതിക സാമൂഹിക സംഘർഷങ്ങളുമാണ് പ്രമേയം.

ഷോക്കിർ ഖോലിക്കോവിന്റെ ‘സൺ‌ഡേ’ 2 തലമുറകൾ തമ്മിലുള്ള സംഘർഷങ്ങൾ പ്രമേയമാക്കി. ഒരു രാഷ്ട്രീയ തടവുകാരിയെ ജയിലിൽ നിന്നു രക്ഷപ്പെടാൻ സഹായിക്കുന്ന മുൻ ചലച്ചിത്ര നിർമാതാവിന്റെ ജീവിതം ഇതിവൃത്തമാക്കിയതാണ് ഫർഹാദ് ദെലാറാമിന്റെ ഇറാനിയൻ ചിത്രം ‘അക്കിലിസ്’. അപ്രതീക്ഷിത സംഭവങ്ങളെ തുടർന്ന് ആഡംബര ജീവിതം നഷ്ടപ്പെടുമെന്നു ഭയക്കുന്ന കുറ്റവാളികളുടെ കഥയാണ് ‘പ്രിസൺ ഇൻ ദി ആന്റെസ്’. ഫാന്റസി സിനിമയാണ് ‘സെർമൺ ടു ദി ബേഡ്‌സ്’.

മൺമറഞ്ഞവർക്ക്  സ്മരണാഞ്ജലി
തിരുവനന്തപുരം ∙ ഒരു വർഷത്തിനിടെ ഓർമയായ സംവിധായകർ കെ.ജി.ജോർജ്, സിദ്ദീഖ്, കെ.പി.ശശി, നടന്മാരായ ഇന്നസന്റ്, മാമുക്കോയ, നിർമാതാക്കളായ പി.വി.ഗംഗാധരൻ, ജനറൽ പിക്ചേഴ്സ് രവി എന്നിവരെ ഇന്നു ചലച്ചിത്രമേള അനുസ്മരിക്കും. 5.30ന് നിളയിൽ കെ.ജി.ജോർജിന്റെ ‘യവനിക’ പ്രദർശിപ്പിക്കും. 

ഡെലിഗേറ്റുകൾക്ക് പൊല്ലാപ്പായി ആപ്പ് 
തിരുവനന്തപുരം ∙ കേരള രാജ്യാന്തര ചലച്ചിത്ര മേളയോനുബന്ധിച്ച് സിനിമകൾ ബുക്ക് ചെയ്യാൻ സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ മൊബൈൽ ആപ്പ് ഡെലിഗേറ്റുകൾക്ക് പൊല്ലാപ്പാകുന്നു. ചിത്രങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സി ഡിറ്റ് തയാറാക്കിയ ആപ്പിന് 12,000 ത്തോളം വരുന്ന ഡെലിഗേറ്റുകളെ ‘താങ്ങാനുള്ള  ശേഷി’യില്ലാത്തതാണ് കാരണം. ആകെ സീറ്റുകളുടെ 70% റിസർവേഷൻ ചെയ്തവർക്കും 30% റിസർവേഷൻ ഇല്ലാത്തവർക്കുമാണ് പ്രവേശനം. 

രാവിലെ 8 മുതൽ ഐഎഫ്എഫ്കെ ഫെസ്റ്റിവൽ ആപ്പ്, ഐഎഫ്എഫ്കെ ബുക്കിങ് ആപ്പ് വഴി സിനിമകൾ ബുക്ക് ചെയ്യാനുള്ള അവസരമുണ്ടാകും. എന്നാൽ, 12,000ത്തോളം വരുന്ന ഡെലിഗേറ്റുകളും മറ്റ് വിഭാഗങ്ങളിൽ പെടുന്നവരും ഒരേ സമയം ആപ്പിലേക്ക് കയറുന്നതോടെ ഭൂരിഭാഗത്തിനും റിസർവേഷൻ ഐക്കണിൽ ക്ലിക്ക് ചെയ്യുവാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഐക്കൺ തുറക്കുമ്പോഴേക്കും സിനിമകളെല്ലാം റിസർവേഷൻ പൂർത്തിയായതായുള്ള അറിയിപ്പാണ് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ ഈ അവസ്ഥയുണ്ടായിരുന്നില്ലെന്ന് ഡെലിഗേറ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഒരു ദിവസം 3 സിനിമകളാണ് ഒരാൾക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നത്.

ചലച്ചിത്രമേള: ഇന്ന് ‘കാതൽ’ ഉൾപ്പെടെ 67 സിനിമകൾ
തിരുവനന്തപുരം ∙ മൂന്നാം നാളിലേക്കു കടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) ഇന്ന് മലയാള ചിത്രമായ ‘കാതൽ’ ഉൾപ്പെടെ 67 സിനിമകൾ പ്രദർശിപ്പിക്കും. ജിയോ ബേബിയുടെ ‘കാതൽ’ സിനിമയെക്കുറിച്ചുള്ള പഠന പുസ്തകമായ ‘പ്രണയത്തിന്റെ രാഷ്ട്രീയ ഭാവനകൾ’ ഇന്ന് 5ന് ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ പ്രകാശനം ചെയ്യും.ഇന്നു  പ്രദർശിപ്പിക്കുന്നവയിൽ ഓസ്കർ എൻട്രി നേടിയ 11 ചിത്രങ്ങളും ഉൾപ്പെടുന്നു.

നിലപാടിൽ മാറ്റമില്ല; ചലച്ചിത്രമേളയ്ക്ക് ശേഷം ചർച്ച വേണമെന്ന് ഡോ.ബിജു
തിരുവനന്തപുരം ∙ ഐഎഫ്എഫ്കെയിൽ തന്റെ സിനിമ ‘അദൃശ്യജാലകങ്ങൾ’ പ്രദർശിപ്പിച്ചുവെങ്കിലും ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട നിലപാടുകളിൽ മാറ്റമില്ലെന്ന് സംവിധായകൻ ഡോ.ബിജു. തന്റെ ആവശ്യങ്ങളിൽ ചർച്ചയാകാമെന്ന സാംസ്കാരിക മന്ത്രിയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. 28–ാമത് മേളയ്ക്കു തിരശീല വീണാലുടൻ ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അവാർഡ് ജൂറി, ഐഎഫ്എഫ്കെ സിലക്‌ഷൻ കമ്മിറ്റി എന്നിവയിൽപെട്ട അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് മാനദണ്ഡങ്ങൾ നിശ്ചയിക്കണം, മലയാള ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ ആദ്യപ്രദർശനം ഉറപ്പാക്കണം എന്നിവയായിരുന്നു ഡോ.ബിജുവിന്റെ ആവശ്യങ്ങൾ. ഇതേ തുടർന്ന് കേരളീയത്തിന്റെ ഭാഗമായി നടന്ന ചലച്ചിത്ര മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ‘വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രം അദ്ദേഹം പിൻവലിച്ചിരുന്നു. അക്കാദമി തന്റെ സിനിമകളെ തഴയുന്നതായും അദ്ദേഹത്തിനു പരാതിയുണ്ടായിരുന്നു. 

തുടർന്ന് ബിജു ഉന്നയിച്ച കാര്യങ്ങളിൽ ചർച്ച നടത്തുമെന്ന്  മന്ത്രി സജി ചെറിയാനും ചലച്ചിത്ര അക്കാദമിയും ഉറപ്പു നൽകിയതിനെ തുടർന്നാണ് ടൊവിനോ തോമസ് നായകനായ ‘അദൃശ്യജാലകങ്ങൾ’ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയത്. ഇന്നലെ നടന്ന പ്രദർശനത്തിൽ ഡോ.ബിജുവിന് പങ്കെടുക്കാനായില്ല. നേരത്തെ താലിൻ ബ്ലാക്ക് നൈറ്റ്സ് രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com