ഡോ. ഷഹ്ന ജീവനൊടുക്കിയ സംഭവം; റുവൈസിന്റെ പിതാവ് ഒളിവിൽത്തന്നെ, മുൻകൂർ ജാമ്യത്തിന് ശ്രമം
Mail This Article
തിരുവനന്തപുരം∙ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിൽ വെഞ്ഞാറമൂട് സ്വദേശിനിയായ മെഡിക്കൽ പിജി വിദ്യാർഥിനി ഡോ.എ.െജ.ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാൻ കഴിയാതെ പൊലീസ്. ഭാര്യയോടൊപ്പം ജില്ല വിട്ടതായും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായുമാണു സൂചന. ഈ മാസം 4 ന് രാത്രിയിലാണ് മെഡിക്കൽ കോളജിന് സമീപത്തുള്ള താമസസ്ഥലത്തു ഷഹ്നയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. അതിനിടെ റുവൈസിനെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എൽസ കാതറിൻ ജോർജിന്റെതാണ് ഉത്തരവ്.
കനത്ത സ്ത്രീധനം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചത് റുവൈസിന്റെ പിതാവാണെന്നു ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. റുവൈസിന്റെയും അബ്ദുൽ റഷീദിന്റെയും പങ്കിനെക്കുറിച്ചു കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നെങ്കിലും മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസർ(എസ്എച്ച്ഒ) തുടക്കത്തിൽ ഇതു മറച്ചു വച്ചത് വിവാദത്തിനിടയാക്കി. ഷഹ്നയുടെ മരണം വൻ ചർച്ചയായതോടെയാണ് ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനും റുവൈസിനെ അറസ്റ്റ് ചെയ്യാനും പൊലീസ് തയാറായത്. കുറിപ്പിലെ വിവരങ്ങൾ മറച്ചു വച്ചതിൽ ഇന്റലിജൻസ് വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
കിരണിനും സൂരജിനും പൂന്തോട്ടപ്പണി
സ്ത്രീധന പീഡന കേസിൽ കോടതി ശിക്ഷിച്ച വിസ്മയ കേസിലെ പ്രതി കിരണിനും, മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിനും പൂജപ്പുര സെൻട്രൽ ജയിലിൽ പൂന്തോട്ടപ്പണി. ജയിൽ ഉദ്യോഗസ്ഥരുടെ സഹായിയായിട്ടാണ് കിരൺ കൂടുതൽ നേരവും ചെലവഴിക്കുന്നത്.
കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന് 17 വർഷം കഠിനതടവും, ഇതിനു ശേഷം ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചിരിക്കുന്നത്. സ്ത്രീധന പീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ 10 വർഷം തടവാണ് വിസ്മയുടെ ഭർത്താവ് കിരണിന് കോടതി വിധിച്ചത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു.
വിവാഹ ശേഷം സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയുടെയും ഉത്രയുടെയും മരണത്തിനിടയാക്കിയത്. എന്നാൽ, വിവാഹത്തിനു മുൻപ് വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വെഞ്ഞാറമൂട് സ്വദേശി ഡോ.ഷഹ്ന ജീവനൊടുക്കിയത്. ഈ കേസിൽ കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ.റുവൈസിനെ കഴിഞ്ഞയാഴ്ച മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിനു തൊട്ടടുത്തുള്ള ജില്ലാ ജയിലിലാണ് റുവൈസിനെ പ്രവേശിപ്പിച്ചിരുന്നത്. സെൻട്രൽ ജയിലിന്റെ ഒരു മതിലിനപ്പുറമാണ് ജില്ലാ ജയിൽ. കൊലപാതക കേസിലെയും പിടിച്ചുപറിക്കാരുടെയും മോഷണക്കേസിലെയും റിമാൻഡ് തടവുകാരായ 20 പേർക്കൊപ്പമായിരുന്നു റുവൈസ് ഇന്നലെ വരെ. 4 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതോടെ റുവൈസിനെ ചോദ്യം ചെയ്യുന്നതിനായി മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ടാണ് റുവൈസിനെ കോടതി റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചത്. മറ്റ് തടവുകാർക്കൊപ്പമാണെങ്കിലും ആരുമായും സംസാരിക്കാൻ റുവൈസ് കൂട്ടാക്കിയിരുന്നില്ല. ഒറ്റയ്ക്കിരിക്കാനാണ് താൽപര്യം. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച തള്ളിയതോടെ ഇയാൾ നിരാശയിലായിരുന്നു.