ഡോ.ഷഹ്നയുടെ മരണം: അന്ന് സംഭവിച്ചതെന്ത്? ഫോൺ, ഐപാഡ്, ആത്മഹത്യക്കുറിപ്പ് വിദഗ്ധ പരിശോധനയ്ക്ക്
Mail This Article
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ എന്തോ ഒരു സംഭവത്തിന്റെ അന്തരഫലമായാണ് വെഞ്ഞാറമൂട് സ്വദേശി ഡോ.ഷഹ്നയുടെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ഡോ.തോമസ് മാത്യുവിന്റെ റിപ്പോർട്ട്. വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയ വെഞ്ഞാറമൂട് സ്വദേശിനി ഡോ.എ.ജെ.ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കി ഡിഎംഇയ്ക്കു കൈമാറിയത്. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാതല സിറ്റിങ്ങിൽ, ഡിഎംഇയുടെ റിപ്പോർട്ട് കമ്മിഷൻ ചെയർമാൻ എ.എ.റഷീദിനു മുൻപാകെ ഹാജരാക്കി.
അന്വേഷണ കമ്മിറ്റിയുടെ അധികാരപരിധിക്കു പുറത്തുള്ള മറ്റേതെങ്കിലും സംഭവമോ സംഭവങ്ങളോ ഷഹ്നയുടെ മരണത്തിനു പിന്നിലുണ്ടോ എന്നത് ഉന്നതതല അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിലാണ് കണ്ടെത്തേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം നാലിനു രാത്രിയിലാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസ സ്ഥലത്താണ് പിജി വിദ്യാർഥിനി ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിലെ പ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ.ഇ.എ.റുവൈസുമായി ഷഹ്ന അടുപ്പത്തിലായിരുന്നുവെന്നും, വിവാഹം നടക്കില്ലെന്ന് റുവൈസ് അറിയിച്ചതിനെ തുടർന്ന് ഷഹ്ന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.എസ്.ശ്രീനാഥ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു, സ്റ്റാഫ് അഡ്വൈസർ ഡോ.മോഹൻ റോയി എന്നിവരാണു റിപ്പോർട്ട് തയാറാക്കിയത്. ഷഹ്നയുടെ സുഹൃത്തുക്കൾ, സഹപാഠികൾ, അധ്യാപകർ എന്നിവരിൽ നിന്നു സമിതി മൊഴി രേഖപ്പെടുത്തി.
ഷഹ്നയുടെ മരണത്തെ തുടർന്ന് ഡിഎംഇ, കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരിൽ നിന്ന് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീധനമായി വൻതുക നൽകാൻ കഴിയാത്തതിനാൽ വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്താലാണ് ഷഹ്ന ജീവനൊടുക്കിയതെന്നു കലക്ടറുടെയും ജില്ലാ സ്ത്രീധന നിരോധന ഓഫിസർ കൂടിയായ ജില്ലാ വനിത ശിശുവികസന ഓഫിസറുടെയും റിപ്പോർട്ടിൽ പറയുന്നു. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു, ന്യൂനപക്ഷ കമ്മിഷൻ മുൻപാകെ നേരിട്ടു ഹാജരായാണ് റിപ്പോർട്ട് നൽകിയത്.
കേസിൽ റുവൈസ്, പിതാവ് അബ്ദുൽ റഷീദ് എന്നിവരെ പ്രതി ചേർത്തതായും, റുവൈസിനെ അറസ്റ്റ് ചെയ്തായും അന്വേഷണം നടന്നു വരികയാണെന്നും കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. കേസ് അന്വേഷണഘട്ടത്തിലായതിനാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിച്ചു. ക്രിസ്മസിനു ശേഷം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
റുവൈസിന്റെ ഐപാഡ് പിടിച്ചെടുത്തു
തിരുവനന്തപുരം ∙ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ.എ.ജെ.ഷഹ്ന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ.ഇ.എ.റുവൈസിന്റെ ഐപാഡ് പൊലീസ് പിടിച്ചെടുത്തു. റുവൈസ് താമസിച്ചിരുന്ന മെഡിക്കൽ കോളജിലെ മെൻസ് ഹോസ്റ്റലിലെ മുറിയിൽ നിന്നാണ് ഐപാഡ് പിടിച്ചെടുത്തത്. ഇത് ഫൊറൻസിക് ലാബിലെ സൈബർ ഡിവിഷനിലേക്ക് അയയ്ക്കാനാണു പൊലീസിന്റെ തീരുമാനം. ഐപാഡ് കോടതി മുൻപാകെ ഹാജരാക്കി.
കേസിൽ കരുനാഗപ്പള്ളി സ്വദേശി റുവൈസ് ഒന്നാം പ്രതിയും പിതാവ് അബ്ദുൽ റഷീദ് രണ്ടാം പ്രതിയുമാണ്. ഡോ.ഷഹ്നയുടെ താമസസ്ഥലത്തു നിന്നു കണ്ടെടുത്ത മൊബൈൽ ഫോൺ, ഐപാഡ്, ആത്മഹത്യക്കുറിപ്പ് എന്നിവയും വിദഗ്ധ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് കഴിഞ്ഞയാഴ്ച അയച്ചിരുന്നു. ഷഹ്നയുടെ മരണത്തെ തുടർന്ന് മൊബൈൽ ഫോണിലെ എല്ലാ സന്ദേശങ്ങളും റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു.
എന്നാൽ, ഇവയിൽ പലതും ഷഹ്നയുടെ മൊബൈലിൽ നിന്നു പൊലീസ് കണ്ടെടുത്തു. ഷഹ്ന മരിച്ച ദിവസം രാവിലെ 9 ന് റുവൈസിന്റെ മൊബൈലിലേക്ക് സന്ദേശം അയച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ സന്ദേശം ലഭിച്ച ശേഷം റുവൈസ്, ഷഹനയെ ബ്ലോക് ചെയ്തു.
ഫൊറൻസിക് പരിശോധന വേഗത്തിലാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കേസിലെ രണ്ടാം പ്രതിയായ അബ്ദുൽ റഷീദിന് രക്ഷപ്പെടാൻ വഴിയൊരുക്കിയത് മെഡിക്കൽ കോളജ് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു. അബ്ദുൽ റഷീദിന് മുൻകൂർ ജാമ്യം നേടാൻ പൊലീസ് വഴിയൊരുക്കിയതായും ആക്ഷേപമുണ്ട്. റുവൈസിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഈ മാസം 21 വരെയാണ് റുവൈസിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഈ മാസം നാലിനാണ് മെഡിക്കൽ കോളജിനു സമീപത്തെ താമസസ്ഥലത്ത് ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.