‘രക്ഷാപ്രവർത്തകരെയും’ പൊലീസിനെയും കബളിപ്പിച്ച് കരിങ്കൊടി; പ്രതിഷേധിക്കാൻ കരിങ്കോഴിയും
Mail This Article
കാട്ടാക്കട ∙ ഡിഐജിയുടെ നേതൃത്വത്തിൽ അണിനിരന്ന ആയിരത്തോളം പൊലീസുകാരെയും മുഖ്യമന്ത്രി തന്നെ അംഗീകരിച്ച ‘രക്ഷാപ്രവർത്തനം’ നടത്താൻ തയാറായി നിന്നിരുന്ന നൂറു കണക്കിന് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കാട്ടാക്കട പട്ടണത്തിൽ തന്നെ യൂത്ത് കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത കരിങ്കൊടി പ്രതിഷേധം. പതിവ് പോലെ പൊലീസും സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്നുള്ള മർദനം ഇവിടെയും അരങ്ങേറിയെങ്കിലും പൊലീസ് അകമ്പടി വാഹനം സമരക്കാർക്കു നേരെ വന്നത് അപ്രതീക്ഷിതമായിരുന്നു. പൊലീസ് സംഘത്തിന്റെയും സിപിഎം ‘രക്ഷാപ്രവർത്തകരുടെയും’ കണ്ണുവെട്ടിച്ചാണ് ഇരുപത്തിയഞ്ചോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുളത്തുമ്മൽ എൽപി സ്കൂളിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിനു പിന്നിൽ മറഞ്ഞു നിന്നത്. ഇവർ അപ്രതീക്ഷിതമായി ചാടി വീണ് കരിങ്കൊടി കാട്ടിയതോടെ പൊലീസ് വെട്ടിലായി. പൊലീസിന്റെ അകമ്പടി വാഹനം ഇടിച്ചതിനു പിന്നാലെയായിരുന്നു സിപിഎം–ഡിവൈഎഫ് പ്രവർത്തകരുടെ മർദന രക്ഷാപ്രവർത്തനം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു പിന്നാലെ പൊലീസിനൊപ്പം പ്രത്യേക ടീ ഷർട്ട് ധരിച്ച് ‘രക്ഷാപ്രവർത്തകർ’ ആയി ബൈക്കിൽ സഞ്ചരിച്ച ഡിവൈഎഫ്ഐക്കാരും മർദനത്തിൽ പങ്കാളികളായി.
ഇതിനു പിന്നാലെയാണ് കുറ്റിച്ചൽ കള്ളോടും കരിങ്കൊടി പ്രതിഷേധം അരങ്ങേറി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവിടെയും പ്രതിഷേധക്കാരെ പൊലീസിനൊപ്പം നേരിട്ടത് ഡിവൈഎഫ്ഐക്കാർ ആയിരുന്നു. മർദനമേറ്റവരെ ആശപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇവരെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. നാൽപതിലേറെപ്പേരെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടി രാവിലെ തന്നെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു. എന്നിട്ടും പ്രതിഷേധം തടയാനായില്ല.
കറുത്ത വസ്ത്രം ധരിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത കാട്ടാക്കട പഞ്ചായത്ത് അംഗം ശുഭയെ കാണാൻ കാട്ടാക്കട പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോഴാണ് ഭർത്താവ് മുൻ പഞ്ചായത്ത് അംഗം കൂടിയായ ജോസിനെ സിപിഎം പ്രവർത്തകർ മർദിച്ചത്. പൊലീസെത്തി വിളപ്പിൽശാല സ്റ്റേഷനിലെത്തിച്ച ജോസിനെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയാറായില്ല. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണതോടെയാണ് വിളപ്പിൽശാല ആശുപത്രിയിലെത്തിച്ചത്. പിന്നീട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.
കരിങ്കോഴി പ്രതിഷേധം
കാട്ടാക്കട∙ നവകേരള സദസിനെതിരെ കരിങ്കൊടിക്കു പുറമേ കരിങ്കോഴി കാട്ടിയും പ്രതിഷേധം. ഇന്നലെ വൈകിട്ട് ഊരൂട്ടമ്പലം ജംക്‌ഷനു സമീപമാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിക്ക് പുറമെ ‘കരിങ്കോഴി’ കൂടി മുഖ്യമന്ത്രിയെ കാണിച്ചു പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡന്റ് ഊരുട്ടമ്പലം വിജയൻ,മുൻ മണ്ഡലം പ്രസിഡന്റ് നക്കോട് അരുൺ, ഊരുട്ടമ്പലം ഷിബു, എൻഷാജി, കോൺഗ്രസ് വലിയറത്തല മണ്ഡലം പ്രസിഡന്റ് സുമേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.