കരവാരത്ത് യുഡിഎഫ് ഹർത്താൽ
Mail This Article
കല്ലമ്പലം∙നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ സംഭവത്തെ തുടർന്ന് ആലംകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കരവാരം പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടാണ് വ്യാഴം രാത്രി എറിഞ്ഞ് തകർത്തത്. പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ഹർത്താലിനെ തുടർന്ന് സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. യൂത്ത് കോൺഗ്രസ്,കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് എ.എം.ഫാരിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പള്ളിക്കൽ ടൗണിലായിരുന്നു പ്രകടനം. നിഹാസ് പള്ളിക്കൽ,എസ്.ഗോപാല കുറുപ്പ്,നിസാർ പള്ളിക്കൽ,അനൂപ് പകൽകുറി,എ.ആർ.മണികണ്ഠൻ,കെ.ആർ. ഷൂജ,ഫൈസി കുന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു.