യുവതിയുടെ മരണം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്
Mail This Article
തിരുവല്ലം∙പാച്ചല്ലൂർ വണ്ടിത്തടത്ത് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ്,ഭർതൃമാതാവ് എന്നിവരെ പ്രതികളാക്കിയതായി തിരുവല്ലം പൊലീസ്. യുവതിയുടെ ഭർത്താവ് കാട്ടാക്കട സ്വദേശി നൗഫൽ(27), ഭർതൃമാതാവ് സുനിത(47) എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് അന്വേഷണ സംഘത്തിനു നേതൃത്വം നൽകുന്ന തിരുവല്ലം എസ്എച്ച്ഒ രാഹുൽ രവീന്ദ്രൻ അറിയിച്ചു.
പ്രതികൾ ഇപ്പോൾ ഒളിവിലാണ്.ഇവർക്കായി അന്വേഷണം ഊർജിതമെന്നും എസ്എച്ച്ഒ അറിയിച്ചു.യുവതിയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കെയാണ്. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാൻ –സുൽഫത്ത് ദബതിമാരുടെ മകൾ ഷഹ്‌ന (23)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചൊവ്വ വൈകിട്ട് സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യക്കു പിന്നിൽ ഭർതൃ വീട്ടുകാരുടെ ശാരീരിക-മാനസിക പീഢനമെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. ഭർതൃ വീട്ടുകാർ പരോക്ഷമായി സ്ത്രീധന വിഷയം സംബന്ധിച്ച് പറയുമായിരുന്നു വെന്നും ചെറിയ കാര്യങ്ങളുടെ പേരിൽ യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏൽപിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച ചിത്രങ്ങളും ബന്ധുക്കൾ പുറത്തു വിട്ടു. തുടർന്ന് മൂന്നു മാസമായി യുവതി ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.
അതേ സമയം പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുളളതെന്നും സ്ത്രീധന പീഡനം സംബന്ധിച്ച വകുപ്പു ഉൾപ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മൂന്ന് വർഷം മുൻപായിരുന്നു കാട്ടാക്കട സ്വദേശി നൗഫലുമായി ഷഹ്നയുടെ വിവാഹം. രണ്ടു വയസ്സുള്ള കുഞ്ഞുണ്ട്. ചൊവ്വാഴ്ച ഭർത്താവിന്റെ സഹോദരന്റെ മകന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിന് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയെങ്കിലും യുവതി പോയില്ല. ഇതിനെ തുടർന്ന് കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോയതോടെ യുവതി മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
പി.കെ.ശ്രീമതി സന്ദർശിച്ചു
കോവളം∙വണ്ടിത്തടത്ത് ആത്മഹത്യ ചെയ്ത ഷഹനയുടെ മാതാപിതാക്കളെ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി .കെ.ശ്രീമതി സന്ദർശിച്ചു. ദുഃഖത്തിൽ പങ്കുചേരുന്നതായും നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മാതാപിതാക്കളെ അറിയിച്ചു. ഡോ. ടി എൻ സീമ, എസ് പുഷ്പലത, ശ്രീജ ഷൈജുദേവ്, ശകുന്തള കുമാരി, എം ശ്രീകുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.
സിപിഎം പ്രതിഷേധിച്ചു
കോവളം∙സ്ത്രീധന പീഡനത്തിനെതിരെ സിപിഎം കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. സിപിഎം കോവളം ഏരിയ സെക്രട്ടറി പി.എസ്.ഹരികുമാർ അധ്യക്ഷനായ യോഗത്തിൽ ഡോ ടി എൻ സീമ, എസ് പുഷ്പലത, പി രാജേന്ദ്രകുമാർ, ശ്രീജ ഷൈജുദേവ്, ശകുന്തള കുമാരി, വണ്ടിത്തടം മധു,വി അനൂപ്, കരിങ്കട രാജൻ, പ്രസന്ന കുമാരി, എം ശ്രീകുമാരി, കെ ജി. സനൽകുമാർ എന്നിവർ പ്രസംഗിച്ചു.