ധനവകുപ്പ് പണം നൽകിയില്ല: കന്നുകാലി ഇൻഷുറൻസ് മുടങ്ങി
Mail This Article
തിരുവനന്തപുരം ∙ കന്നുകാലികൾക്കും ഉടമകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ‘ഗോ സമൃദ്ധി ’ പദ്ധതി മുടങ്ങിയതോടെ പുതിയത് സർക്കാർ പരിഗണനയിൽ. തുകയുടെ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കുന്ന പദ്ധതിയാണ് ചർച്ചയിൽ. ഗോ സമൃദ്ധിക്കായി ബജറ്റിൽ നീക്കിവച്ച 6 കോടി രൂപ ധനവകുപ്പ് മൃഗസംരക്ഷണ വകുപ്പിന് കൈമാറാത്തതാണ് പദ്ധതി നടത്തിപ്പിന് തടസ്സമായത്.
പ്രീമിയം തുകയുടെ കർഷക വിഹിതം അടച്ച് രസീത് ഹാജരാക്കുന്ന മുറയ്ക്ക്, മൃഗസംരക്ഷണ വകുപ്പിന്റെ പങ്കു കൂടി ചേർത്താണ് ഇൻഷുറൻസ് പൂർത്തിയാക്കിയിരുന്നത്. ഇതിനായി സർക്കാർ വിഹിതം എസ്ബിഐ അക്കൗണ്ടിലേക്ക് മാറ്റുന്നതായിരുന്നു രീതി.എന്നാൽ ഈ സാമ്പത്തിക വർഷം തുക മാറ്റാൻ ധനവകുപ്പ് അനുമതി നൽകിയില്ല. ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുത്തും പ്രീമിയം തുക നിശ്ചയിച്ചും ധനവകുപ്പിന് നൽകിയ ശുപാർശ അംഗീകരിച്ചതുമില്ല.