സംസ്ഥാന സ്കൂൾ കലോത്സവം: ഇരട്ടത്തിളക്കം ആവർത്തിച്ച് കാർമൽ എച്ച്എസ്എസ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ടത്തിളക്കവുമായി വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ. ജനറൽ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന നേട്ടം തുടർച്ചയായി രണ്ടാം തവണയും സ്കൂൾ സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗത്തിലും മികച്ച രണ്ടാമത്തെ സ്കൂൾ എന്ന നേട്ടം ഇത്തവണയും ആവർത്തിക്കാൻ സ്കൂളിന് കഴിഞ്ഞു. കഴിഞ്ഞ വർഷവും ഇതേ നേട്ടമായിരുന്നു സ്കൂളിന്.
200 ൽപ്പരം വിദ്യാർഥിനികളാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചത്. 27 മത്സരത്തിൽ മാറ്റുരച്ച വിദ്യാർഥിനികൾ ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ വിദ്യാർഥികളുടെ മികവ് നിറഞ്ഞു.
പ്രസംഗത്തിലും ഉപന്യാസ രചനയിലും(മലയാളം)എസ്.സ്നേഹ, നങ്യാർകൂത്ത്, സംഘനൃത്തം എന്നിവയിൽ പാർവതി പ്രദീപ്, ഓട്ടൻ തുള്ളലിൽ സാരംഗി, വീണ, സംഘ ഗാനം എന്നിവയിൽ പൂജ, കഥകളി സംഘനൃത്തം എന്നിവയിൽ ശ്രിയ സഞ്ജിത് എന്നിവർ മികവു കാട്ടി. സംഗീതത്തിൽ സ്കൂളിലെ സംഗീത അധ്യാപകൻ ബി.വി.സലീൽ വിദ്യാർഥിനികളെ പരിശീലിപ്പിച്ചത്. സംഗീത വിഭാഗത്തിൽ ഏഴിനങ്ങളിൽ മത്സരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗത്തിലും എ ഗ്രേഡ് നേടി.
മുൻകാലങ്ങളിൽ ജനറൽ വിഭാഗത്തിൽ അഞ്ചും ആറും സ്ഥാനങ്ങൾ മാത്രമായിരുന്നു സ്കൂളിന്. ചിട്ടയായ പരിശീലനവും അധ്യാപകരുടെയും വിദ്യാർഥിനികളുടെയും കൂട്ടായ പ്രയത്നവും മികവുമാണ് തിളക്കമാർന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് സ്കൂൾ ഡയറക്ടർ സിസ്റ്റർ റെനീറ്റ, പ്രിൻസിപ്പൽ എം.അഞ്ജന എന്നിവർ പറഞ്ഞു. മലയാളത്തിന്റെ മഹാനടനിൽ നിന്ന് ട്രോഫികൾ സ്വീകരിക്കാൻ കഴിഞ്ഞതും മറക്കാനാകാത്ത അനുഭവമായി എന്ന് അധ്യാപകരും വിദ്യാർഥിനികളും പറഞ്ഞു.