ADVERTISEMENT

വെഞ്ഞാറമൂട്∙ ജീവിത സാഹചര്യങ്ങളോട് മല്ലടിച്ച് പൊരുതി നേടിയത് ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക്. ക്ഷീരകർഷക കുടുംബത്തിലേക്ക് ഒന്നാം റാങ്ക് കൊണ്ടു വന്ന് നാടിനു അഭിമാനമാകുകയാണ് പെൺകുട്ടി. വെഞ്ഞാറമൂട് നെല്ലനാട് അരുണിമയിൽ പി. ശിവശങ്കരൻ നായരുടെയും ജി. സിന്ധുവിന്റെയും മകൾ എസ്.അരുണിമയാണ് പോളിമർ കെമിസ്ട്രിയിൽ (കേരള) ഇത്തവണ ഒന്നാം റാങ്ക് നേടിയത്.

വിദ്യാർഥിയായ സഹോദരൻ അഖിൽ ശങ്കർ അടക്കം 4 അംഗങ്ങളാണ് കുടുംബത്തിൽ. ആകെയുള്ളത് 5 സെന്റ് പുരയിടമാണ്. ഇവിടെ പഞ്ചായത്തിന്റെ ഇഎംസ് ഭവന പദ്ധതിയിൽ നിന്നു ലഭിച്ച ചെറിയ വീടുണ്ട്. വീടിനോട് ചേർന്ന് വിശാലമായ തൊഴുത്തും. അച്ഛനമ്മമാർ ക്ഷീര കർഷകരാണ്. പാൽ വിറ്റാണ് ഉപജീവനം. 

കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നടക്കുന്നത് ഈ വരുമാനത്തിൽ നിന്നാണ്. ആറ്റിങ്ങൽ ഗവ. കോളജിലാണ് അരുണിമ പഠിച്ചത്. ബിരുദവും ഇവിടെ തന്നെയായിരുന്നു. ബിഎസ്‌സിക്ക് രണ്ടാം റാങ്ക് നേടിയിരുന്നു. വിവിധ മത്സര പരീക്ഷകളിൽ വിജയി ആയ അരുണിമക്ക് ലഭിച്ച അംഗീകാരങ്ങളും വിവിധ ട്രോഫികളും നിറഞ്ഞതാണ് വീടിന്റെ ഉൾഭാഗം. കഥാരചന മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.

പഠനത്തിനൊപ്പം മാതാപിതാക്കളെ സഹായിക്കുന്നതിലും മുന്നിലായിരുന്നു. പശുക്കൾക്ക് തീറ്റ നൽകൽ, പുല്ലു ചെത്തൽ, പാൽ വിൽപന എന്നിവയിലൊക്കെ അരുണിമ കൂടി കൂടും. പാൽ വിതരണത്തിനു അച്ഛന് സമയം ഇല്ലാത്തപ്പോൾ അമ്മയുടെ സ്കൂട്ടറിനു പിന്നിൽ കയറി പാൽക്കുപ്പികളുമായി പാൽ വിതരണത്തിനും പോകും. കറവ ഉള്ളതും ഇല്ലാത്തതുമായ 5 പശുക്കളുണ്ട് നിലവിൽ. 

ഇരുചക്ര വാഹനം പോലും എത്താൻ കഴിയാത്ത സ്ഥലത്താണ് ഇവരുടെ താമസം. കുടിവെള്ളത്തിനു പൈപ്പ് ലൈൻ ഇവിടെ എത്തിയിട്ടില്ല. ബസ് എത്തുന്ന സ്ഥലത്ത് എത്താൻ കിലോമീറ്ററുകൾ നടക്കണം. നിലവിലെ ജീവിത സാഹചര്യങ്ങൾ അനുകൂലമാക്കി വിജയം നേടി മറ്റുള്ളവർക്ക് മാതൃകയാകുകയാണ് അരുണിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com