10 കോടി കിട്ടി; ഐഎച്ച്ആർഡി ശമ്പള പ്രതിസന്ധി തുടരും
Mail This Article
തിരുവനന്തപുരം ∙ ഒന്നര മാസമായി ശമ്പളം കുടിശികയായ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐഎച്ച്ആർഡിയിൽ ശമ്പള വിതരണത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചു. ഒരു മാസത്തെ ശമ്പള വിതരണത്തിന് 12.5 കോടി രൂപ ആവശ്യമുള്ള ഐഎച്ച്ആർഡിയിൽ ഇപ്പോൾ ലഭിച്ച തുക കൊണ്ട് ഒരു മാസത്തെ ശമ്പളം പോലും പൂർണമായി നൽകാനാകില്ല. എൻജിനീയറിങ് കോളജ് അധ്യാപകർ ഉൾപ്പെടെ ഏകദേശം 3000 ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതിൽ ഏകദേശം 900 സ്ഥിരം ജീവനക്കാരാണ്.
ഇക്കൊല്ലം ആദ്യ മാസങ്ങളിൽ ഫീസ് ഇനത്തിലുള്ള വരുമാനത്തിൽ നിന്ന് ശമ്പളം നൽകുകയും പിന്നീട് സർക്കാർ അനുവദിച്ച ഏകദേശം 17 കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തിരുന്നു. നവംബറിൽ ജീവനക്കാർക്ക് പകുതി ശമ്പളമാണു നൽകിയത്. ഡിസംബറിൽ കുടിശികയാവുകയും ചെയ്തു. സർക്കാർ അനുവദിച്ച 10 കോടി രൂപ അക്കൗണ്ടിലെത്തുമ്പോഴേക്കും ജനുവരിയിലെ ശമ്പളം നൽകേണ്ട സമയമാകും. ജനുവരി ഉൾപ്പെടെ രണ്ടര മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്യണമെങ്കിൽ ഇനിയും 22 കോടി രൂപ കൂടി സർക്കാർ അനുവദിക്കേണ്ടി വരും.
ഇപ്പോൾ അനുവദിച്ച തുക കൊണ്ട് നവംബറിലെ ശമ്പളം പൂർണമായി വിതരണം ചെയ്യാനാകുമെന്നു മാത്രം. കഴിഞ്ഞ വർഷം 55.6 കോടി രൂപയാണ് സർക്കാർ ഐഎച്ച്ആർഡിയിൽ ശമ്പള വിതരണത്തിനായി അനുവദിച്ചത്. ഇത്തവണ നൽകിയത് 27 കോടി രൂപ മാത്രം. കഴിഞ്ഞ ബജറ്റിൽ ഐഎച്ച്ആർഡിയുടെ വിവിധ നവീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 22.5 കോടി രൂപ പ്ലാൻ ഫണ്ടിൽ വകയിരുത്തിയിരുന്നു. എന്നാൽ, ഇതിൽ 3 കോടി രൂപ മാത്രമാണ് നൽകിയത്.