ADVERTISEMENT

തിരുവനന്തപുരം ∙ അഗസ്ത്യാർകൂടം ട്രെക്കിങ് നാളെ തുടങ്ങും. കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം. വർഷത്തിലൊരിക്കൽ മാത്രമാണ് കർശന നിയന്ത്രണങ്ങളോടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.

 മറ്റന്നാൾ മുതൽ മാർച്ച് 2 വരെയാണ് ഇവിടെ പ്രവേശനമുള്ളത്. ഒരു ദിവസം പരമാവധി 100 പേരെ അനുവദിക്കും. ഇതിനുള്ള ഓൺലൈൻ ബുക്കിങ് പൂർത്തിയായി. സമുദ്രനിരപ്പിൽ നിന്ന് 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം. ഓൺലൈൻ റജിസ്ട്രേഷനിൽ ഉണ്ടാകാവുന്ന കാൻസലേഷൻ ഉൾപ്പെടെ ഓഫ് ലൈൻ വഴി ഒരു ദിവസം പരമാവധി 30 പേർക്കു മാത്രമാണ് പ്രവേശനാനുമതി നൽകുക. ഇതിനായി തിരുവനന്തപുരം പിടിപി നഗറിലെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0471 2360762, 8281004537.രാവിലെ 7 മണിക്കാണ് ട്രെക്കിങ് തുടങ്ങുക. 

രേഖകൾ കരുതണം
ഒരാഴ്ചയ്ക്കകം എടുത്ത മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ബുക്ക് ചെയ്ത ടിക്കറ്റിന്റെ ഒറിജിനൽ, ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡ് എന്നിവയോടൊപ്പം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ എത്തണം. സത്യപ്രസ്താവനയും ഒപ്പിട്ടു നൽകണം. 

10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ ഒരു ഗൈഡും ഒപ്പം കാണും.  പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം മറ്റ് ലഹരി പദാർഥങ്ങൾ എന്നിവ പൂർണമായി നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ –ഡവലപ്മെന്റ് കമ്മിറ്റിയുടെ കന്റീനുകൾ 24 മണിക്കൂറും ഉണ്ടാകും. വനത്തിനുള്ളിൽ പുകവലി, പാകം ചെയ്യൽ എന്നിവ അനുവദിക്കില്ല. വിലക്ക് ലംഘിച്ചാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത തുടങ്ങിയ സാഹചര്യങ്ങളിൽ ഏതു സമയത്തും ട്രെക്കിങ് നിർത്തി വയ്ക്കുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com