ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിലെ  ഹൈസ്‍കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ 1.93 ശതമാനത്തിനു മാത്രമേ ആർത്തവം എന്തെന്നു വ്യക്തമായി അറിയൂ എന്ന് സർവേ റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാഭരണകൂടവും കനൽ എന്ന എൻജിഒ സംഘടനയും ചേർന്ന് ജില്ലയിലെ 50 സ്‍കൂളുകളിലെ 5530 വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിലാണ് ആശങ്കപ്പെടുത്തുന്ന ഫലം. ചോദ്യാവലിയിലെ, ആർത്തവം എന്നാൽ എന്തെന്ന ചോദ്യത്തിന് ‘പെൺകുട്ടികൾക്ക് മാസത്തിൽ വരുന്ന ഒരു ഇത്’ എന്നാണ് ഭൂരിപക്ഷം വിദ്യാർഥികളും ഉത്തരം എഴുതിയത്.

ആരാണ് കുട്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽ‌കിയത് 21.05 ശതമാനം വിദ്യാർഥികൾ മാത്രമാണ്. സെക്സും ജൻഡറും തമ്മിലുളള വ്യത്യാസം എന്താണെന്ന് ചോദ്യത്തിന് ശരിയുത്തരം രേഖപ്പെടുത്തിയത് 0.3 ശതമാനം മാത്രം. ലിംഗ സ്വത്വത്തെപ്പറ്റി അറിയാവുന്നത് 0.42 ശതമാനത്തിനാണ്. പോക്സോ ആക്ടിനെപ്പറ്റി സർവേയിൽ പങ്കെടുത്ത 28.34 ശതമാനം വിദ്യാർഥികൾ‌ക്ക് അറിയാം. ലൈംഗിക അവയവങ്ങളെപ്പറ്റി കൃത്യമായ ധാരണയുളളത് 6.33 ശതമാനം വിദ്യാർഥികൾക്കാണ്. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലൈംഗിക അവയവം ഏതാണ്, എന്താണ് ലിംഗ സ്വത്വം, ടോക്സിക് ബന്ധങ്ങൾ എന്നാൽ എന്ത്, ആണിന്റെയും പെണ്ണിന്റെയും ലൈംഗിക അവയവങ്ങൾ ഏതൊക്കെ തുടങ്ങിയവയായിരുന്നു സർവേയിലെ ചോദ്യങ്ങൾ.

'പ്രോജക്ട് x' പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍
'പ്രോജക്ട് x' പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍

പ്രോജക്ട് X
ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ലൈംഗികതയെപ്പറ്റി വിദ്യാർഥികളിലുള്ള തെറ്റായ ധാരണകൾ മാറ്റാനും ലൈംഗിക വിദ്യാഭ്യാസം നൽകാനും ആവിഷ്കരിച്ച പദ്ധതിയായ 'പ്രോജക്ട് X’ സ്കൂളുകളിൽ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് സമഗ്ര ലൈംഗികത വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. ജൈവശാസ്ത്രപരമായി പഠിപ്പിക്കുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കാൾ വ്യത്യസ്തമാണ് സമഗ്ര ലൈംഗിക വിദ്യാഭ്യാസം.

വെറുതെ അറിവു പകരുക എന്നിതിനപ്പുറം, വിദ്യാർഥികളിൽ ലൈംഗികതയെപ്പറ്റി ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.  സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ മുൻകയ്യെടുത്ത് ഇത്തരമൊരു പരിശീലനം നടത്തുന്നത്. അതിനൊപ്പം, വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചറിയുന്നുമുണ്ട്. പരിശീലനം നടന്ന സ്കൂളുകളിലെ വിദ്യാർഥികളിൽനിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അഞ്ച് ഘട്ടമായാണ് മൊഡ്യൂൾ‌ തരംതിരിച്ചിരിക്കുന്നത്. 

'പ്രോജക്ട് x' പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥിനികള്‍
'പ്രോജക്ട് x' പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥിനികള്‍

ഒന്നാംഘട്ടം: നമുക്ക് നമ്മെ അറിയാം
∙ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ
∙ ആർത്തവം 
∙ ലിംഗവ്യത്യാസം
∙ ലിംഗ സ്വത്വം
∙ ശാരീരിക വളർച്ച
∙ കൗമാരകാലത്തുണ്ടാകുന്ന മാറ്റങ്ങള്‍
∙ തലച്ചോറിന്റെ വളർച്ച

രണ്ടാംഘട്ടം: കൂട്ടുകൂടാം കൂട്ടുകാരാകാം
∙ ബന്ധങ്ങൾ
∙ ബന്ധങ്ങളിലെ അതിർവരമ്പുകൾ
∙ ബന്ധങ്ങൾക്കിടയിലെ സമ്മതങ്ങൾ

മൂന്നാംഘട്ടം: നിയമം
∙ പോക്സോ നിയമം
∙ ജുവനൈൽ ജസ്റ്റിസ് ആക്ട്
∙ ഐപിസിയിലെ പ്രധാന നിയമങ്ങൾ
∙ സൈബർ നിയമങ്ങൾ

നാലാം ഘട്ടം: എന്റെ ശരീരം എന്റെ അഭിമാനം
∙ വ്യക്തിയുടെ ആത്മാഭിമാനം
∙ വ്യക്തിത്വ വികസനം

അഞ്ചാം ഘട്ടം: ശുചിത്വം
∙ ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്നാണ് ഈ ഘട്ടത്തിൽ പ്രധാനമായും പഠിപ്പിക്കുന്നത്. ആർത്തവ ശുചിത്വം, അടിവസ്ത്രങ്ങളുടെ ഉപയോഗം ഉൾപ്പെടെയുളളവ പഠനവിഷയമാകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് അഞ്ചാംഘട്ടം പഠിപ്പിക്കുന്നത്.

അധ്യാപകർക്കും പരിശീലനം
ലൈംഗികതയെപ്പറ്റി അറിവില്ലാത്തതിനാൽ വിദ്യാർഥികൾ ചെറുപ്രായത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് പരിശീലനത്തിൽനിന്നു മനസ്സിലാകുന്നതെന്ന് കനലിന്റെ ഡയറക്ടകർ ആൻസൻ അലക്സാണ്ടർ മനോരമ ഓൺലൈനിനോട് പറഞ്ഞു. രണ്ടാം ക്ലാസിനും ഏഴാം ക്ലാസിനും ഇടയിലാണ് കൂടുതൽ വിദ്യാർഥികളും അതിക്രമങ്ങൾ നേരിടുന്നത്. അതിനെ മറികടക്കാൻ 'പ്രോജക്ട് X' രണ്ടാംഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്‍പി, യുപി ക്ലാസുകളിലെ അധ്യാപകർക്ക് ഇടയിലേക്ക് വ്യാപിപ്പിക്കും. ഓരോ സ്കൂളിൽനിന്നും രണ്ട് അധ്യാപകർക്കാകും പരിശീലനം. ഫെബ്രുവരിയിലോ പരീക്ഷാ തിരക്കുകൾക്കു ശേഷമോ പരിശീലനം നടത്താനാണ് പദ്ധതിയിടുന്നതെന്ന് ആൻസൻ അലക്സാണ്ടർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com