ആദ്യ സിനിമയുടെ 50–ാം വർഷത്തിൽ ജീവിച്ചിരിക്കുന്നത് സുകൃതം: അടൂർ
Mail This Article
തിരുവനന്തപുരം ∙ ആദ്യ സിനിമയുടെ 50–ാം വർഷത്തിൽ ജീവിച്ചിരിക്കാൻ പറ്റിയത് സുകൃതമെന്ന് അടൂർ ഗോപാലകൃഷ്ണൻ. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിച്ച ‘അടൂർ സിനിമ @ 50’ എന്ന പരിപാടിയിൽ കെ.എൻ. ഷാജിയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വായനയും ചിത്രകലയും സംഗീതവുമൊക്കെയുള്ള തിരുവനന്തപുരത്തിന്റെ നാഗരിക ഭംഗി ആസ്വാദ്യകരമാണ്. തന്റെ ചെറുപ്പകാലത്തു വീട്ടിൽ എല്ലാവരും വായിക്കുമായിരുന്നൂ. 3 ലൈബ്രറികളിൽ തനിക്കും ജ്യേഷ്ഠനും അംഗത്വമുണ്ടായിരുന്നു.
നാടകം ജീവിതം പോലെ ആയിരുന്നു. നാടകം എഴുതുകയും നാടകത്തിൽ അഭിനയിക്കുകയും വീട്ടുമുറ്റത്തു നാടകം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ നാടകത്തിനോടുള്ള താൽപര്യം കൂടി. അയ്യപ്പപ്പണിക്കരുടെ പ്രേരണയാൽ സാമുവൽ ബെക്കറ്റിന്റെ ‘ഗൊദോയെ കാത്ത്’ നാടകം തിരുവനന്തപുരത്ത് അവതരിപ്പിക്കാനായി.
മമ്മൂട്ടി മികച്ച നടനാണെന്നും പറയുന്ന കാര്യങ്ങൾ വളരെ ഭംഗിയായി പ്രകടിപ്പിക്കുന്ന നടനാണ് അദ്ദേഹമെന്നും ചോദ്യത്തിനു മറുപടിയായി അടൂർ പറഞ്ഞു. സംശയമുള്ള കാര്യങ്ങൾ വരുമ്പോൾ അതു ചോദിക്കും. കേട്ട കാര്യം മമ്മൂട്ടി പൂർണതയിൽ വരുത്തുകയും ചെയ്യും. അരവിന്ദനുമായും പത്മരാജനുമായും താൻ വളരെ സൗഹൃദത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടൂർ ജീവിച്ചിരിക്കുന്ന കാലത്തു ജീവിച്ചതും അടൂരുമായി സൗഹൃദം പങ്കിടാൻ അവസരം കിട്ടിയതും ഭാഗ്യമാണെന്ന് എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. സി. റഹിം, പി.ആർ. ശ്രീകുമാർ, സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന, ഡപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻമാരായ പി.യു.അശോകൻ, പി.എൽ. മഞ്ജു എന്നിവർ പ്രസംഗിച്ചു.