ADVERTISEMENT

വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേയുടെ പുനർനിർമാണം മൂന്ന് മാസത്തെ അനിശ്ചിതത്വത്തിനു ശേഷം പുനരാരംഭിച്ച സാഹചര്യത്തിൽ കരാർ കമ്പനിയുടെ മികവ് വിലയിരുത്തി തൃപ്തികരമല്ലെങ്കിൽ കമ്പനിയെ നീക്കമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒക്ടോബറിൽ കരാർ കമ്പനി പണി നിർത്തിവച്ചിരുന്നു. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് പണി നിർത്തിവയ്ക്കുന്ന സാഹചര്യത്തിലേക്കു നയിച്ചത്.  പലയിടത്തും റോഡ് വെട്ടിപ്പൊളിച്ചും ഓടയ്ക്കായി കുഴികൾ എടുത്തും മണ്ണിടിച്ചും മെറ്റൽ നിരത്തിയു മുന്നറിയിപ്പില്ലാതെ പണി നിർത്തിയതോടെ ഹൈവേയിലൂടെയുള്ള ഗതാഗതം ദുസ്സഹമായി. അപകടങ്ങളും പതിവായി. മഴയിൽ റോഡ് ചെളിക്കെണിയായി. പിന്നാലെ ശക്തമായ ജന രോഷം ഉയർന്നിരുന്നു.

പിന്നാലെ പിബബ്ല്യുഡി സെക്രട്ടറിയെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം 11 നു പിഡബ്ല്യൂഡി സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പണി സുഗമമായി മുന്നോട്ടു പോയില്ലെങ്കിൽ കരാറുകാരനെ നീക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട കരാർ കമ്പനി 17 മുതൽ പണി പുനരാരംഭിച്ചു.  പണി പുനരാരംഭിച്ചതു ശുഭസൂചനയായി കാണുന്നുണ്ടെങ്കിലും ഒരു മാസത്തെ കമ്പനിയുടെ മികവ് വിലയിരുത്തിയ ശേഷം തൃപ്തികരമല്ലെങ്കിൽ കരാർ കമ്പനിയെ നീക്കുന്ന നടപടികളിലേക്കു കടക്കുമെന്നു മന്ത്രി പറഞ്ഞു.  

റോഡ് നിർമാണം അനിശ്ചിതത്വത്തിലാായ സാഹചര്യത്തിൽ പ്രദേശവാസികളുടെ ആശങ്ക ജി. സ്റ്റീഫൻ എംഎൽഎ നിയമസഭയിൽ സബ്മിഷനായി അവതരിപ്പിച്ചതിനു മറുപടിയായാണു മന്ത്രിയുടെ പ്രതികരണം. ഹൈവേയുടെ പരിധിയിൽ വരുന്ന തൊളിക്കോട് ഇരുത്തലമൂല മുതൽ വിതുര വരെയുള്ള 3.8 കിലോ മീറ്റർ ദൂരം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന കാര്യവും എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 

കമ്പനിയെ നീക്കിയാൽ പണി മുടങ്ങുമെന്ന ആശങ്ക വേണ്ട: മന്ത്രി
വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേയുടെ പണി ഏറ്റെടുത്ത കരാർ കമ്പനിയെ നീക്കിയാൽ പണി മുടങ്ങുമെന്ന ആശങ്ക വേണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു മാസത്തെ  മികവ് വിലയിരുത്തിയ ശേഷം കരാർ കമ്പനിയെ ഒഴിവാക്കേണ്ട സാഹചര്യം വന്നാൽ അടിയന്തരമായി മറ്റൊരു കമ്പനിയെ കണ്ടെത്തി നിർമാണ ചുമതല ഏൽപ്പിക്കും. അതിനായി സന്നദ്ധത അറിയിച്ചു ചില മുൻനിരകമ്പനികൾ രംഗത്തു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com