‘ഇങ്ങനെയുണ്ടോ കുരങ്ങന്മാർ..’: വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിച്ച് വാനരപ്പട
Mail This Article
പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ, നളന്ദ ജംക്‌ഷൻ, പൊന്നംകോണം, ചരുവിള, ആലുവിള, പ്ലാവറ, സത്രക്കുഴി, കുരുവിലാംഞ്ചാൽ, തോട്ടുംപുറം മേഖലകളിൽ കുരങ്ങ് ശല്യം രൂക്ഷമായി. ജനജീവിതം പൊറുതി മുട്ടുന്നു. കൃഷി വിളകൾ ഉൾപ്പെടെ വസ്തു വകകൾക്ക് കനത്ത നഷ്ടം വരുത്തുന്നതിനു പുറമേ കൂട്ടമായി എത്തുന്ന വാനരപ്പട നാട്ടുകാരെ ആക്രമിക്കുന്നതും പതിവാണ്. വീടുകൾക്കുള്ളിൽ വരെ കടന്നു വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിക്കുന്നതും ബൾബുകൾ അടിച്ചു പൊട്ടിക്കൽ, വാട്ടർ ടാങ്ക് മലിനമാക്കൽ എന്നിവയടക്കം നിത്യ സംഭവമാണ്.
നാളികേരം, വാഴക്കുല, പച്ചക്കറികൾ അടക്കം കൃഷിവിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ഓടിക്കാൻ ശ്രമിച്ചാൽ തിരികെ ആക്രമിക്കാൻ മുന്നോട്ട് വരുമത്രെ. വലിയ കൂട്ടമായിട്ടാണ് എത്തുന്നത്. അടുത്തിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ നിന്ന് ഭക്ഷണം തട്ടിയെടുത്ത സംഭവം വരെയുണ്ടായിട്ടുണ്ട്. ശല്യം സഹിക്കുന്നതിനപ്പുറം ഭയപ്പാടിലാണെന്നും വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പരിഹാരം കാണണം: കെആർഎ
നന്ദിയോട് പഞ്ചായത്തിൽ കള്ളിപ്പാറ, നളന്ദ അടക്കമുള്ള മേഖലകളിൽ രൂക്ഷമായിരിക്കുന്ന കുരങ്ങ് ശല്യത്തിന് പരിഹാരം കാണാൻ പാലോട് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശങ്ങളിൽ കൂട് സ്ഥാപിച്ചു പിടികൂടണമെന്നും കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.