കഴിഞ്ഞ വർഷം 40 രൂപ, ഈ വർഷം 450 രൂപ; ജനത്തിന്റെ കീശ വെളുപ്പിച്ച് വെളുത്തുള്ളി
Mail This Article
തിരുവനന്തപുരം∙ വെളുത്തുള്ളി വില കുതിക്കുന്നു. ചാല മാർക്കറ്റിൽ ഇന്നലെ ചില്ലറ വിൽപന കിലോയ്ക്ക് 450 രൂപയായിരുന്നു. ഒരു മാസം മുൻപ് 300–350 രൂപ വരെയായിരുന്നു വില. രണ്ടാഴ്ചയ്ക്കുള്ളിലാണ് വില ഉയർന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം വെളുത്തുള്ളി കിലോയ്ക്ക് 32–40 രൂപയായിരുന്നു വില. തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വെളുത്തുള്ളി എത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇൗ സംസ്ഥാനങ്ങളിൽ വെളുത്തുള്ളി ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കോയമ്പത്തൂർ എംജിആർ മാർക്കറ്റിൽ പ്രതിദിനം 10 ലോഡ് വരെ വെളുത്തുള്ളി എത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ലോഡായി കുറഞ്ഞു. കൃഷി വകുപ്പിന്റെ ഹോർട്ടികോർപ് വിൽപനശാലകളിൽ ശനിയാഴ്ച വെളുത്തുള്ളി കിലോയ്ക്ക് 195 രൂപയായിരുന്നു.