ഓൺലൈൻ തട്ടിപ്പ്: യുവതിക്ക് 3.5 ലക്ഷം രൂപ നഷ്ടപ്പെട്ടു
Mail This Article
തിരുവനന്തപുരം∙ ഓൺലൈൻ ജോലി മുഖേന വീട്ടിലിരുന്നു ലക്ഷങ്ങൾ സമ്പാദിക്കാമെന്നു വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നു 3.5 ലക്ഷം രൂപ തട്ടിയെടുത്തു. വട്ടിയൂർക്കാവ് ഗവ.എച്ച്എസിനു സമീപം താമസിക്കുന്ന 32 വയസ്സുള്ള സ്ത്രീക്കാണ് പണം നഷ്ടമായത്. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ പരസ്യത്തിൽ കണ്ട വെബ്സൈറ്റ് ലിങ്കിൽ യുവതി ക്ലിക്ക് ചെയ്തതിനു പിന്നാലെ ഇവരുടെ വാട്സാപ്പിലേക്ക് സന്ദേശങ്ങൾ എത്തി. ഷെയർ ചാറ്റ് വിഡിയോകൾ അയച്ചു നൽകുകയും ഇതു കണ്ട ശേഷം അതിന്റെ സ്ക്രീൻ ഷോട്ട് തിരികെ അയച്ചു കൊടുക്കുമ്പോൾ 50 രൂപ വീതം പ്രതിഫലം ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.
സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്ത യുവതിക്കു 1000 മുതൽ 5000 രൂപ വരെ പ്രതിഫലമായി കിട്ടിത്തുടങ്ങിയതോടെ ഇവർക്കു വിശ്വാസമായി. പിന്നീട് ടെലിഗ്രാം ഗ്രൂപ്പിലേക്കു ചേർത്തു ബിറ്റ് കോയിൻ ഇടപാടിനായി നിർബന്ധിച്ച് ആപ് ഇൻസ്റ്റാൾ ചെയ്യിച്ചു. ഇതിലെ നിർദേശങ്ങൾ പ്രകാരം പലതവണയായി പണം നിക്ഷേപിച്ചു. ആപ്പിൽ തുക ഇരട്ടി ആയെന്നു കാണിച്ചെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേരള പൊലീസിന് സൈബർ ഡിവിഷൻ; ഉദ്ഘാടനം നാളെ
തിരുവനന്തപുരം∙ കേരള പൊലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിലെ ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള പൊലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിച്ചത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐജിയുടെ കീഴിൽ 465 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക.
ഇൻവെസ്റ്റിഗേഷൻ ഹെൽപ് ഡെസ്കുകൾ, ഗവേഷണ പഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇന്റലിജൻസ് വിഭാഗം എന്നിവയാണ് ഡിവിഷന്റെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പൊലീസിനു കഴിയും.