തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതി വൈകാൻ സാധ്യത
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചില്ലെങ്കിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ വൈകും. പ്രധാന അടിസ്ഥാന വികസന പദ്ധതികൾക്കായി പ്രത്യേകമായി നീക്കി വച്ച തുകയിൽ നിന്നാണ് ഈ രണ്ടു മെട്രോ പദ്ധതികളുടെ ചെലവിലേക്ക് തുക അനുവദിക്കുന്നതെന്ന് സംസ്ഥാന ബജറ്റിൽ പറയുന്നു. നിലവിൽ 2 പദ്ധതികളുടെയും ഡിപിആർ പ്രാഥമിക റിപ്പോർട്ട് നിർവഹണ ഏജൻസിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പഠിക്കുകയാണ്.
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) തയാറാക്കിയ റിപ്പോർട്ടിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കും. കോഴിക്കോട് മെട്രോയുടെ അലൈൻമെന്റിൽ ചെറിയ മാറ്റം നിർദേശിച്ചിട്ടുണ്ടെന്നാണു വിവരം. കഴിഞ്ഞ മാസം അവസാനത്തോടെ അന്തിമ ഡിപിആർ ആകുകയും സംസ്ഥാനത്തിനു സമർപ്പിക്കുകയും ചെയ്യുമെന്നായിരുന്നു കെഎംആർഎൽ നേരത്തെ അറിയിച്ചിരുന്നത്. അന്തിമ ഡിപിആർ ഇനിയും സംസ്ഥാന സർക്കാരിനു സമർപ്പിച്ചിട്ടില്ല. സംസ്ഥാനം പരിശോധിച്ച ശേഷമേ കേന്ദ്രത്തിനു കൈമാറുകയുള്ളൂ. തുടർന്ന് കേന്ദ്ര അനുമതി ലഭ്യമാക്കണം.