കടകംപള്ളി വിവാദം; പാർട്ടിയിലെ വിമർശനം നിഷേധിച്ച് മന്ത്രി റിയാസ്
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചെന്നു പ്രചാരണം. എന്നാൽ വാർത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെ പരസ്യമായി റിയാസ് വിമർശിച്ചെന്നായിരുന്നു വിവാദത്തിന്റെ തുടക്കം.സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി വിമർശിച്ചിരുന്നു.
കരാറുകാരെ മാറ്റിയതിന്റെ പൊള്ളൽ ചിലർക്കുണ്ടെന്നു ’ ഇതിനു മറുപടിയെന്നോണം റിയാസ് തുറന്നടിച്ചു. റിയാസിന്റെ പരാമർശം സിപിഎം നേതാവിനെ തന്നെ സംശയ നിഴലിലാക്കിയെന്ന വിമർശനം തലസ്ഥാനത്തെ പാർട്ടിയിൽ ഉയർന്നു. കടകംപള്ളിയെ ഉദ്ദേശിച്ചല്ല തന്റെ പ്രസ്താവനയെന്ന് പിന്നീട് മന്ത്രി വിശദീകരിച്ചെങ്കിലും വിവാദം തണുത്തില്ല. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തന്നെ അംഗങ്ങൾ വിമർശിച്ചെന്ന പ്രചാരണം ശരിയല്ലെന്നു റിയാസ് പ്രതികരിച്ചു.