അവിയങ്കോട് മേലേക്കുളം ഉപയോഗരഹിതം
Mail This Article
വെള്ളറട∙ആര്യങ്കോട് പഞ്ചായത്തിലെ വെള്ളാങ്ങൽ വാർഡിലുള്ള അവിയങ്കോട് മേലേക്കുളം ഉപയോഗയോഗ്യമല്ലാതായി. വെള്ളത്തിന്റെ കുറവും ഉള്ളവെള്ളം ഓരുകലർന്നതുമായതിനാലാണ് ആരും ഉപയോഗിക്കാത്തത്. മഴക്കാലത്ത് മാത്രമേ കുളത്തിൽ പകുതിയെങ്കിലും വെള്ളം നിറയാറുള്ളൂ. 3 വശത്തും കരിങ്കൽ ഭിത്തിയുള്ള കുളമാണിത്. ഉള്ളിൽ ഭിത്തിയില്ലാത്ത വശത്തായി ചെറിയ ഊറ്റുണ്ടെങ്കിലും ഓരുകലർന്ന വെള്ളമാണ്. ആര്യങ്കോട് റോഡിൽനിന്നും മൈലച്ചൽ റോഡിലേക്കെത്താനുള്ള എളുപ്പവഴി കുളത്തിന്റെ വരമ്പിലൂടെ നീളുന്നു. വലിയ 2 വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. പഞ്ചായത്ത് ഒരുവട്ടം മീൻവളർത്താൻ ശ്രമിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. ആയക്കെട്ടിലുള്ള ഏലായിൽ നെൽകൃഷി നിലച്ചു. കുളത്തിൽ നിന്നുള്ളവെള്ളം ഏലായിലേക്ക് ഒഴുകുന്നുമില്ല.
ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാരിൽ ഒരുവിഭാഗം കുളം നികത്തി കളിക്കളം നിർമിക്കണമെന്ന നിർദേശം ഉയർത്തുന്നു. കുളത്തിന്റെ വരമ്പിലൂടെ കടന്നുപോകുന്ന റോഡിൽ പതിവായിരിക്കുന്ന അപകടഭീഷണി ഒഴിവാകുമെന്നും ഇവർ പറയുന്നു. എന്നാൽ മറുവിഭാഗം ഇതിനെ എതിർക്കുകയാണ്. കുളം നികത്തിയാൽ പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് താഴുമെന്നാണ് ഇവർ പറയുന്നത്. നെയ്യാർ ഇടതുകര കനാലിന്റെ വെള്ളാങ്ങൽ ഭാഗത്തുനിന്നും കുളത്തിലേക്ക് വെള്ളമെത്തിക്കാൻ പദ്ധതി ആവിഷ്കരിച്ച് ഉപയോഗയോഗ്യമാക്കണമെന്നാണ് ഇവരുടെ നിർദേശം. അപകടഭീഷണി ഒഴിവാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തികവർഷത്തിൽ7.3 ലക്ഷം രൂപ ചെലവിട്ട് സുരക്ഷാവേലി നിർമിക്കുമെന്ന് വൈസ് പ്രസിഡന്റ് ആർ.സിമി പറഞ്ഞു.