പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം, ഇറങ്ങിയോട്ടം; സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ പൊലീസ്
Mail This Article
തിരുവനന്തപുരം∙ പിഎസ്‌സി നടത്തിയ യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയിൽ ആൾമാറാട്ടത്തിനു ശ്രമം നടത്തി ഇറങ്ങിയോടിയ യുവാവിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ ഇന്നലെ രാവിലെ 7.30ന് ആയിരുന്നു സംഭവം. പിഎസ്‌സി സെക്രട്ടറി ഡിജിപിക്കു നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ 7.45 മുതൽ 9.15 മണിവരെയായിരുന്നു പരീക്ഷ. 7.15നു ഉദ്യോഗാർഥികൾ ക്ലാസുകളിൽ കയറി. ഇൻവിജിലേറ്റർമാർ എത്തി ഉദ്യോഗാർഥികളുടെ തിരിച്ചറിയൽ കാർഡുമായി ഒത്തു നോക്കി ഐഡന്റിറ്റി വെരിഫിക്കേഷൻ ആരംഭിച്ചു. എഴുത്തുപരീക്ഷയിൽ ബയോമെട്രിക് പരിശോധനാ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് പരിശോധനാ യന്ത്രവുമായി പിഎസ്‌സി ഉദ്യോഗസ്ഥൻ ക്ലാസുകളിൽ എത്തി. പരീക്ഷണാർഥം ഓരോ ക്ലാസുകളിലും ഒന്നോ രണ്ടോ ഉദ്യോർഥികളുടെ വിരലടയാളം ബയോമെട്രിക് സ്കാനർ വഴി പരിശോധിക്കാനായിരുന്നു നിർദേശം.
ആറാം നമ്പർ മുറിയിൽ ആദ്യ ബഞ്ചിൽ ഇരുന്ന ഉദ്യോഗാർഥിയുടെ വിരലടയാളം പരിശോധിച്ച സമയം രണ്ടാമത്തെ ബഞ്ചിൽ ഇരുന്ന യുവാവ് ഹാൾടിക്കറ്റുമായി എഴുന്നേറ്റ് പുറത്തേക്കോടുകയായിരുന്നു. സ്കൂൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ മതിൽ ചാടിക്കടന്നാണ് പുറത്തിറങ്ങിയത്. അവിടെ എസ്ബിഐ ബാങ്കിനു സമീപം ഒരാൾ ബുള്ളറ്റ് ബൈക്കുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഈ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പൂജപ്പുര ജംക്‌ഷൻ ഭാഗത്തേക്കാണു പ്രതികൾ പോയതെന്നു സിസിടിവി ക്യാമറകൾ പരിശോധിച്ച് പൊലീസ് കണ്ടെത്തി.
നേമം സ്വദേശി അമൽജിത്തിനു വേണ്ടിയാണ് മറ്റൊരാൾ പരീക്ഷ എഴുതാൻ എത്തിയതെന്നു പൊലീസ് പറഞ്ഞു. സ്കൂളിനു പുറത്തു ബുള്ളറ്റ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചു കാത്തുനിന്നതു അമൽജിത്ത് ആണെന്നാണു സംശയം. ആൾമാറാട്ടം നടത്താൻ ശ്രമിച്ച യുവാവ് ഓടി എത്തി ബുള്ളറ്റിനു പിന്നിലിരുന്ന ഹെൽമറ്റ് മാറ്റിയ ശേഷം കയറി പോകുന്നതിന്റെ ദൃശ്യമാണ് പൊലീസിനു ലഭിച്ചത്. ബൈക്ക് തിരുമല വഴി പോകുന്നതിന്റെ മറ്റൊരു ദൃശ്യവും കിട്ടിയിട്ടുണ്ട്. പാങ്ങോട് മിലിട്ടറി ക്യാംപിനു പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മിലിട്ടറി അധികൃതർക്ക് പൊലീസ് കത്തു നൽകി.
ബയോമെട്രിക് പരിശോധന ആദ്യം
∙പിഎസ്‌സിയുടെ എഴുത്തു പരീക്ഷയിൽ ബയോമെട്രിക് സംവിധാനം പരീക്ഷിക്കുന്നത് ഇത് ആദ്യം. തിരിച്ചറിയൽ രേഖയുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനായിരുന്നു ഇതുവരെ. വിഎസ്‌എസ്‌സി പരീക്ഷയിലടക്കം ആൾമാറാട്ടം നടന്നതോടെയാണ് പിഎസ്‌സിയും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനത്തിലേക്ക് തിരിഞ്ഞത്. പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർഥികളെ ബയോമെട്രിക് വഴിയും അല്ലാത്തവരെ തിരിച്ചറിയൽ രേഖ ഒത്തുനോക്കിയും പരിശോധിക്കും. തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം ഉദ്യോഗാർഥിയുടെ വിരലടയാളം ബയോമെട്രിക് സ്കാനറിന്റെ സഹായത്തോടെ ഒത്തുനോക്കും. യുഐഡിഎ ഐയുടെ സെർവറുമായി ബന്ധിപ്പിച്ചാണ് ബയോമെട്രിക് പരിശോധന നടത്തുന്നത്.
പ്രാഥമിക പരീക്ഷയും സംശയത്തിൽ
∙ മെയിൻ പരീക്ഷയിൽ ആൾമാറാട്ട ശ്രമം പിടിയിലായതോടെ അമൽജിത്ത് പ്രാഥമിക പരീക്ഷ പാസായതും സംശയനിഴലിൽ. പ്രാഥമിക പരീക്ഷയിൽ 55.44 മാർക്കിനു മുകളിൽ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങാൻ കഴിവുള്ള ഉദ്യോഗാർഥി ആൾമാറാട്ടം നടത്താൻ സാധ്യത വിരളമാണെന്നാണു പൊലീസിന്റെ വിലയിരുത്തൽ. പരിശോധനയിൽ പിടിക്കപ്പെട്ടാൽ രക്ഷപ്പെടാനുള്ള വഴിയും ഇവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. സ്കൂളിനു പുറത്ത് ഹെൽമറ്റ് ധരിച്ച് ബൈക്കുമായി കാത്തുനിന്ന് ആസൂത്രിതമായിട്ടാണ് ആൾമാറാട്ടം നടത്താൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
അമൽജിത്തിന് എതിരെ അന്വേഷണം
തിരുവനന്തപുരം ∙ ആൾമാറാട്ടം നടത്താൻ ശ്രമിച്ച കേസിൽ പിഎസ്‌സി വിജിലൻസ് അന്വേഷണം തുടങ്ങി. മറ്റൊരാളെ ക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കാൻ ശ്രമിച്ച നേമം മേലാങ്കോട് സ്വദേശി അമൽജിത്തിന് എതിരെയാണ് അന്വേഷണം. ഇയാൾ പ്രാഥമിക പരീക്ഷ പാസായതിനെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രാഥമിക പരീക്ഷ എഴുതിയ സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങി. നേരത്തെ എഴുതിയിട്ടുള്ള പരീക്ഷകളുടെ വിവരങ്ങളും പരിശോധിക്കും.