ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎലിനു പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള വഴിവിട്ട ഇടപാടുകൾ സംബന്ധിച്ച കൂടുതൽ രേഖകൾ പുറത്ത്. 2018ൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്നു മണൽവാരാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു സർക്കാർ നൽകിയ അനുമതി ദുരുപയോഗം ചെയ്ത് സിഎംആർഎൽ കോടികൾ നേട്ടമുണ്ടാക്കിയതും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) പരിശോധിക്കുന്നു. 

മണൽ വാരാൻ പൊതുമേഖലാ സ്ഥാപനങ്ങളായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനും (കെഎംഎംഎൽ) ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിനും (ഐആർഇഎൽ) ആണ് അനുമതി നൽകിയത്. എന്നാൽ ഐആർഇഎലിൽനിന്ന് മണൽ സിഎംആർഎലിനു കിട്ടിയെന്നാണ് ജിഎസ്ടി ഇ–വേ ബില്ലുകളിൽനിന്നു വ്യക്തമാകുന്നത്. 

ഇൽമനൈറ്റിൽനിന്ന് ഇരുമ്പ് വേർതിരിച്ച് സിന്തറ്റിക് റൂട്ടൈൽ (ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ്) നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ കെഎംഎംഎലിന് ഉണ്ട്. പക്ഷേ 2018ൽ തോട്ടപ്പള്ളി മണൽവാരൽ തുടങ്ങിയ ശേഷം 2019 വരെ സിഎംആർഎലിൽനിന്ന് കെഎംഎഎൽ ടൺ കണക്കിനു സിന്തറ്റിക് റൂട്ടൈൽ വാങ്ങിയതായി രേഖകളുണ്ട്. 

ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് സിഎംആർഎൽ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് ഇക്കാര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വാരുന്ന ധാതുമണൽ ലഭിക്കണമെങ്കിൽ ഉന്നതതലത്തിൽ കൈക്കൂലി നൽകണമെന്നായിരുന്നു മൊഴി. കെഎംഎംഎലും ഐആർഇഎലും ഇനി അന്വേഷണത്തിന്റെ പരിധിയിൽ വരും. 

സിഎംആർഎലിന് തോട്ടപ്പള്ളിയിലെ മണൽവാരാൻ അനുമതിയില്ലെന്നു സർക്കാർ പറയുമ്പോഴും കമ്പനി ഇടപെട്ടതിന്റെ രേഖകൾ പരാതിക്കാർ കോർപറേറ്റ് മന്ത്രാലയത്തിനു കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് സിഎംആർഎൽ സഹായം ചെയ്തതിന്റെ കാരണമെന്തൊക്കെയാണെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു. 

ഇ–വേ ബില്ലുകൾ പ്രകാരം സിഎംആർഎലിന്റെ പക്കൽനിന്ന് കെഎംഎംഎൽ 2018 ഓഗസ്റ്റ് മുതൽ സിന്തറ്റിക് റൂട്ടൈൽ വാങ്ങി. ഓഗസ്റ്റിൽ 27ന് ആദ്യ ലോഡ്, മൂന്നു ദിവസം കൊണ്ട് 10 ലോഡ്, സെപ്റ്റംബറിൽ 45 ലോഡ്, ഒക്ടോബറിൽ 8 ലോഡ്, 2019 മാർച്ചിൽ 23 ലോഡ്, ഏപ്രിലിൽ 35 ലോഡ്, മേയിൽ 3 ലോഡ്, ജൂണിൽ 55 ലോഡ് എന്നിങ്ങനെ വാങ്ങിയെന്നാണു കണക്ക്. ലോഡിന് 27 ലക്ഷം രൂപയായിരുന്നു നിരക്ക്.

ചില ലോഡുകൾക്ക് 5 ലക്ഷവും കാണിച്ചിട്ടുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിനു രൂപയുടെ ഇടപാടു നടന്നുവെന്നു തെളിയിക്കുന്നതാണ് ഇ–വേ ബില്ലുകൾ.  സിഎംആർഎലിൽനിന്നു സിന്തറ്റിക് റൂട്ടൈൽ കെഎംഎംഎൽ വാങ്ങുന്നില്ലെന്നു വ്യവസായ മന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജനുവരി 30നു നിയമസഭയിൽ മറുപടി നൽകിയിരുന്നു. 2018ലും 2019ലും വാങ്ങിയ കാര്യം മറുപടിയിലില്ല. 

അന്ന് ജപ്പാനിൽനിന്ന്  ഇറക്കുമതി നിർത്തി}
2018 ൽ തോട്ടപ്പള്ളിയിൽനിന്നു ധാതുമണൽ ഖനനം തുടങ്ങുന്നതുവരെ സിഎംആർഎൽ ധാതുമണൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നതായാണ് ഇ–വേ ബിൽ പ്രകാരമുള്ള രേഖകൾ. തോട്ടപ്പള്ളി മണൽ കിട്ടിയതോടെ ഇറക്കുമതി നിർത്തി. ഐആർഇഎലിന് നിലവിൽ കൊല്ലത്തു നിന്നും മറ്റും വാരാൻ അനുമതിയുള്ളതിനാൽ ഇപ്പോഴും സിഎംആർഎലിനു നൽകുന്നുണ്ടെന്ന് ഇ–വേ ബില്ലുകളിൽ വ്യക്തമാണ്. ഇതുകൂടാതെ ഇറക്കുമതി വീണ്ടും തുടങ്ങുകയും ചെയ്തു. കേരളതീരത്തെ ധാതുമണലിനാണു വ്യവസായ മേഖലയിൽ വലിയ ഡിമാൻഡ്.

'എക്സാലോജിക്: 3 ഹർജികൾ ഇന്ന്  കോടതിയിൽ
തിരുവനന്തപുരം ∙ എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ ഇന്ന് 3 ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയും അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കെഎസ്ഐഡിസി നൽകിയ ഹർജിയും ഇന്നു കേരള ഹൈക്കോടതി പരിഗണിക്കും. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഡയറക്ടർ വീണ തൈക്കണ്ടിയിൽ നൽകിയ ഹർജി കർണാടക ഹൈക്കോടതിയും ഇന്നു പരിഗണിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com