ശീമമുളമുക്ക് തേക്കട റോഡ് ദുർഘടാവസ്ഥയിൽ
Mail This Article
നെടുമങ്ങാട്∙ നെടുമങ്ങാട് വട്ടപ്പാറ റോഡിൽ ശീമമുള ജംക്‌ഷനിൽ നിന്നും പുങ്കുമ്മൂട് വഴി തേക്കടയിലേക്ക് പോകുന്ന റോഡ് ദുർഘടാവസ്ഥയിൽ ആയിട്ട് ഏറെ നാൾ. മെറ്റലും ടാറും ഇളകി അവിടവിടെ കുണ്ടും കുഴിയും വീണ് റോഡ് ശോചനീയാവസ്ഥയിലായി. മാത്രമല്ല ഈ റോഡിന്റെ വശത്തുള്ള പഴക്കം ചെന്ന കുടിവെള്ളം എ.സി പൈപ്പ് കുഴലുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടി റോഡിലേക്ക് കുത്തിയൊഴുകുന്നതും തുടർ കഥയാണ്. പൈപ്പ് പൊട്ടുന്ന ഭാഗത്തെ വെള്ളം റോഡിലേക്ക് കുത്തിയൊഴുകി റോഡിലെ കുഴികളിൽ നിറയുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പൈപ്പ് പൊട്ടൽ കാരണം കുടിവെള്ളം വിതരണവും പലപ്പോഴും നിലക്കാറുണ്ട്.
കിഴക്കേകോട്ട നിന്നും തേക്കട വരെ നിരവധി സിറ്റി സർവീസ് ബസുകൾ ഉള്ള ഈ പ്രധാന റോഡ് നേരിടുന്ന മറ്റൊരു പ്രശ്നം റോഡിന്റെ വീതി കുറവാണ്. ഇത് കാരണം എതിരെ വാഹനങ്ങൾ വന്നാൽ പല ഭാഗത്തും പരസ്പരം വാഹനങ്ങൾക്ക് കടന്ന് പോകാനും നന്നേ ബുദ്ധിമുട്ടേണ്ടി വരും. നിത്യേന ധാരാളം യാത്രക്കാർ ഉപയോഗിക്കുന്ന ഈ റോഡിൽ പുലർച്ചെ 5 മണി മുതൽ തന്നെ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. ഈ റോഡിന്റെ വശത്തെ ഭിത്തികൾ പല ഭാഗത്തും ഇടിയുന്നതും വെല്ലുവിളി ആയി മാറുന്നുണ്ടത്രേ. കല്ലുവരമ്പിനും നരിക്കല്ലിനും ഇടയ്ക്കുള്ള പല പ്രദേശങ്ങളിലുമാണ് റോഡിന്റെ ഭാഗത്തെ മണ്ണിടിയുന്നത് ഭീഷണിയാകുന്നത്. മഴക്കാലം ആകുമ്പോൾ മണ്ണിടിച്ചിൽ കൂടുതലായി ഉണ്ടാവാനാണ് സാധ്യത.
ശീമമുള്ളമുക്കിൽ നിന്നും തേക്കടയ്ക്ക് പോകുന്ന ഈ റോഡിന്റെ വശങ്ങളിലാണ് 2 പ്രധാന സ്ഥാപനങ്ങളായ പി.എം.എസ് ഡെന്റൽ കോളജ്, പാലിയേറ്റിവ് കെയർ ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് സ്ഥാപനങ്ങളിലും നിത്യേന നിരവധി രോഗികളാണ് ചികിത്സ തേടി എത്താറുള്ളത്. ഡെന്റൽ കോളജ് അധികൃതർ റോഡ് മോശം ആയതിനാൽ സ്വന്തം നിലയിൽ ശീമമുളമുക്കിൽ നിന്നും കോളജിലേക്ക് വിദ്യാർഥികൾക്കും രോഗികൾക്കും എത്താനായി പ്രത്യേകം ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കെഎസ്ആർടിസി ബസും വന്ന് പോകുന്നുണ്ട്.
റോഡ് തീരെ ദുർഘടാവസ്ഥയിൽ ആയതോടെ 5 മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് അവിടവിടെ കുഴിയടയ്ക്കൽ നടത്തി എങ്കിലും അവയിൽ പലതും ഇപ്പോൾ ഇളകി തുടങ്ങിയിരിക്കുകയാണ്. എം.സി റോഡിൽ വട്ടപ്പാറ കാര്യമായ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ ഈ സമാന്തര റോഡ് വഴി തിരിച്ച് വിട്ടാണ് ഗതാഗത സ്തംഭനം ഒഴിവാക്കുന്നത്. എത്രയും വേഗം ഈ റോഡ് സുഗമമായ വാഹന ഗതാഗതത്തിന് യോഗ്യമാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ റോഡിന്റെ തുടക്കത്തിലും അവസാനത്തിലും ഒരു വശം വെമ്പായം പഞ്ചായത്തിന്റേതും, മറുവശം നഗരസഭാ പ്രദേശവുമാണ്.
ഈ പ്രധാന സമാന്തര റോഡ് വീതികൂട്ടി പുനരുദ്ധരിച്ച്, ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും കാട്ടി സ്ഥലം എംഎൽഎ യും മന്ത്രിയുമായ ജി.ആർ.അനിലിന് ഏതാനും മാസങ്ങൾക്ക് മുൻപ് വാർഡ് കൗൺസിലർ പുങ്കുമ്മൂട് അജി നിവേദനം നൽകിയിരുന്നു. നിലവിലെ ബജറ്റിൽ ഈ റോഡ് ഉൾപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി എങ്കിലും ഇപ്പോഴത്തെ ബജറ്റ് വന്നപ്പോൾ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നും അജി കുറ്റപ്പെടുത്തി. ഈ അടുത്ത ദിവസവും ഈ റോഡിന്റെ കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ റോഡ് പുനരുദ്ധരിക്കാൻ 7 കോടിയോളം രൂപ വേണമെന്നും, പണം ഇല്ലാത്തതിനാലാണ് റോഡ് പുനരുദ്ധരിക്കാൻ കഴിയാത്തത് എന്നുമാണ് മന്ത്രിയിൽ നിന്നും ലഭിച്ച മറുപടി എന്നും പറഞ്ഞു.