ADVERTISEMENT

എത്രയോ വേദികളിൽ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രണ്ടു വേദികളിൽ മാത്രമാണു നൃത്തം ചെയ്ത നിമിഷങ്ങളിൽ അക്ഷരാർഥത്തിൽ സ്വയം മറന്നു പോയിട്ടുള്ളത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തെ സരസ്വതി മണ്ഡപത്തിലെ നവരാത്രി ഉത്സവമായിരുന്നു ഒന്ന്. ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ഉള്ള കാലത്താണത്. അദ്ദേഹവും ആസ്വാദകനായി സദസ്സിലുണ്ടായിരുന്നു. ആറ്റുകാൽ ദേവീക്ഷേത്ര ഉത്സവത്തിനാണ് പിന്നീടു സമാനമായ അനുഭവം ഉണ്ടായത്. ആറ്റുകാൽ ദേവിയുടെ സങ്കൽപത്തിനു മൂകാംബിക ഭാവവും കൽപ്പിച്ചിട്ടുള്ളതിനാൽ ദേവിയെ ശങ്കരാചാര്യർ മൂകാംബികയിൽ കുടിയിരുത്തുന്ന കഥ കുച്ചിപ്പുഡിയായി ചിട്ടപ്പെടുത്തിയതായിരുന്നു അവതരിപ്പിച്ചത്.

അമ്മയുടെ (കലാമണ്ഡലം വിമലാ മേനോൻ) ശിഷ്യയായ ഗോപികയാണ് എനിക്കൊപ്പം നൃത്തം ചെയ്തത്.  നന്നായെന്ന് എല്ലാവരും അഭിനന്ദിച്ചു. വലിയ കയ്യടിയായിരുന്നെന്ന് ഗോപികയടക്കം പറഞ്ഞു. പക്ഷേ അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ആ നിമിഷങ്ങളേ എന്റെ ഓർമയിൽ ഇല്ലാതിരുന്നു. സ്വയം മറന്നാടിപ്പോകുന്ന ദൈവികമായ ഒരു ഇടപെടൽ അത്ഭുതകരമായി അനുഭവിക്കുകയായിരുന്നു ഞാൻ. അതിനും മുൻപ് സിനിമയിൽ അഭിനയിക്കുന്ന കാലത്തും 3 വർഷം ആറ്റുകാൽ ഉത്സവത്തിന് ഞാൻ നൃത്തം അവതരിപ്പിച്ചിരുന്നു. പക്ഷേ അതിനു ശേഷം 7–8 വർഷം മുൻപായിരുന്നു ഈ അനുഭവം. ആറ്റുകാലമ്മയും ആ ക്ഷേത്രവും എനിക്ക് ഹൃദയത്തിന്റെ ഭാഗമാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആറ്റുകാൽ അമ്പലത്തിനടുത്തു താമസിക്കുന്ന ടീച്ചറിന്റെ വീട്ടിലാണ് ട്യൂഷന് പോയിരുന്നത്. ടീച്ചർ പറഞ്ഞറിഞ്ഞ കഥകളിലൂടെയാണ് ആറ്റുകാലമ്മയും പൊങ്കാലയുമെല്ലാം വലിയ വിശ്വാസമായി മനസ്സിൽ നിറയുന്നത്. അന്നൊക്കെ ഇന്നത്തെ അത്രയും തിരക്കില്ല. കിഴക്കേക്കോട്ട വരെയൊക്കെയെ പൊങ്കാല എത്തിയിരുന്നുള്ളൂ. 

സഹോദരന്റെ വിവാഹ ശേഷം സഹോദര ഭാര്യയായ ഡോ.രജിതയുടെ പാൽക്കുളങ്ങരയിലെ വീട്ടിലാണ് ആദ്യമായി പൊങ്കാലയിടുന്നത്. 3 വർഷം. പിന്നീട് ശാസ്തമംഗലത്തെ ഞങ്ങളുടെ വീട്ടിലായി പൊങ്കാല. എന്തെങ്കിലും നേർച്ച നേർന്നിട്ടൊന്നുമല്ല, അതൊരു ആശ്വാസവും സന്തോഷവുമാണ്. വിവാഹ ശേഷം കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി മലേഷ്യയിലും സിംഗപ്പൂരിലുമാണെങ്കിലും നാട്ടിലേക്കെത്തിയാൽ മുടങ്ങാതെ ദർശനം നടത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറ്റുകാൽ. അച്ഛന്റെ മരണം കഴിഞ്ഞ് അധിക ദിവസമായിട്ടില്ലാത്തതിനാൽ ഇത്തവണ പൊങ്കാല ഇടുന്നില്ല. പക്ഷേ പ്രാർഥനകളിൽ എന്നും അമ്മ ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com