ADVERTISEMENT

തിരുവനന്തപുരം∙ ഇരുട്ടിൽ മൊബൈൽ ഫോണിലെ ടോർച്ച് വെട്ടത്തിൽ ഏഴടിയോളം താഴ്ചയുള്ള ഓടയ്ക്കുള്ളിൽ കുഞ്ഞിനെ ആദ്യം കണ്ട സിപിഒ ജനോഷ്‌രാജ് ഞെട്ടലോടെയാണ് എസ്എച്ച്ഒ ബിജുവിനെ ഫോണിൽ വിളിച്ച് അക്കാര്യം അറിയിച്ചത്. അപായനിലയിലാണോ എന്നു സംശയിച്ച്  ഫോൺ സംഭാഷണം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് ഊഞ്ഞാലു പോലെ ചുറ്റിപ്പിണഞ്ഞ വേരുകളിൽ മലർന്നു കിടക്കുന്ന കുഞ്ഞിന്റെ കൈവിരലുകൾ അനങ്ങുന്നതായി ജനോഷിനു തോന്നിയത്.

ഫോൺ കട്ട് ചെയ്യാതെ ജനോഷ് മുട്ടുകുത്തിയിരുന്നു വെപ്രാളത്തോടെ വീണ്ടും ഓടയിലേക്കു മൊബൈൽ താഴ്ത്തി ടോർച്ചു തെളിച്ചു– ‘സാർ ഒരുമിനിറ്റ്’. ഫോണുമായി ജനോഷ് ഓടയിലേക്ക് ചാടി. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണർന്നു. ‘കുഞ്ഞിന് ജീവനുണ്ട്’. ഫോണിൽ വിവരം പറഞ്ഞയുടൻ ജനോഷ് കുട്ടിയെ വാരിയെടുത്തു പുറത്തേക്ക്. 50 മീറ്റർ അകലെ കുട്ടിയെ തിരയാൻ നിന്ന പൊലീസുകാരൻ പ്രസാദും പിന്നാലെ മറ്റുള്ള ഉദ്യോഗസ്ഥരും പാഞ്ഞെത്തി. കുട്ടിക്കു പരുക്കുകൾ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയ ഉദ്യോഗസ്ഥ സംഘം കേരളം കേൾക്കാൻ കൊതിച്ച ആശ്വാസവാർത്ത വയർലെസ് സെറ്റ് വഴി അറിയിച്ചു. 

18 മണിക്കൂറിനൊടുവിൽ കുട്ടിയെ കണ്ടെത്താൻ നിർണായക ഇടപെടൽ നടത്തിയ മണ്ണന്തല സ്റ്റേഷനിലെ പൊലീസ് സംഘത്തിലെ ജനോഷിന്റെ വാക്കുകൾ: ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കു ശേഷമാണ് മണ്ണന്തല എസ്എച്ച്ഒ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ അനീഷ്, മുജീബ്, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘത്തെ,  രണ്ടുവയസ്സുകാരിയെ കണ്ടെത്താനായി വിട്ടത്. 5 മണിയോടെ സംഭവസ്ഥലത്തു തിരച്ചിൽ തുടങ്ങി. രണ്ടു ടീമുകളായി തിരിഞ്ഞു കാടുകളും മണ്ണ് ഇളകി കിടക്കുന്ന സ്ഥലങ്ങളും പരിശോധിക്കാനായിരുന്നു നിർദേശം.

ജനോഷ് രാജ് കുട്ടിയുമായി.
ജനോഷ് രാജ് കുട്ടിയുമായി.

പ്രശാന്തും ഞാനും റെയിൽവേ പാളത്തിനു സമീപത്തെ കുറ്റിക്കാടുകളിലും മറ്റുള്ളവർ തൊട്ടടുത്തുള്ള പറമ്പിലും പരിശോധന നടത്തി. ഇതിനിടെ നാടോടികൾ പതിവായി പോകുന്ന വഴിയെക്കുറിച്ചും മറ്റും നാട്ടുകാരോട് ചോദിച്ചറിയുന്നതിനിടെ സമീപത്തെ കുളത്തെക്കുറിച്ച് വിവരം ലഭിച്ചു. നാടോടികൾ കുളത്തിൽ പതിവായി പോകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. 

ഇതോടെ ഈ ഭാഗത്തേക്കു തിരച്ചിൽ വ്യാപിപ്പിച്ചു. കാടുവെട്ടിത്തെളിച്ചു രണ്ട് വഴിക്ക് പരിശോധന തുടങ്ങി. കുളത്തിലേക്കുള്ള വഴിയിലും റെയിൽവേ പാളത്തിലും തിരച്ചിൽ നടത്തി. പെട്ടെന്നാണ് ഓടയിലേക്കു ടോർച്ച് അടിച്ചു നോക്കാൻ തോന്നിയത്. നേരിയ വെളിച്ചത്തിൽ ഓടയ്ക്കുള്ളിൽ വേരുകളോടു ചേർന്നു കുഞ്ഞിന്റെ വയറാണ് ആദ്യം കണ്ടത്. ഒറ്റനോട്ടത്തിൽ വയർ ബലൂൺ പോലെ വീർത്തിരിക്കുന്നതായി തോന്നി. കുഞ്ഞിന് അനക്കവുമില്ല.

അപായപ്പെട്ടോ എന്നു സംശയിച്ചാണ് എസ്എച്ച്ഒയെ ഫോണിൽ വിളിച്ചത്. വിവരം പറയുന്നതിനിടെ അനക്കം കണ്ട് ഓടയിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ടു കുഞ്ഞ് ഒന്നു ഞെട്ടി. കരയാതെ മുകളിലേക്ക് നോക്കിക്കിടന്നു. ദേഹത്തു പരുക്കില്ലെന്നും കുട്ടിയെ എടുക്കുകയാണെന്നും എസ്എച്ച്ഒയോട് പറഞ്ഞ ശേഷമാണ് കുട്ടിയെ പുറത്തേക്ക് എടുത്തത്. വാടിത്തളർന്നിരുന്ന കുഞ്ഞ് കരയാതെ തോളിൽ തലചായ്ച്ച് കിടന്നു. ബിസ്കറ്റും വെള്ളവും നൽകി കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

3 കുട്ടികൾ അഭയകേന്ദ്രത്തിൽ 
തിരുവനന്തപുരം∙ കുട്ടികളുമായി ഈ ബിഹാർ കുടുംബത്തെ ഇനി തെരുവിൽ ഉറങ്ങാൻ സമ്മതിക്കില്ലെന്നു സർക്കാരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വ്യക്തമാക്കി. 3 ആൺകുട്ടികളെ തൈക്കാട് ശിശുക്ഷേമസമിതിയുടെ അഭയകേന്ദ്രത്തിലേക്കു മാറ്റി. തിരിച്ചുകിട്ടിയ രണ്ടുവയസ്സുകാരി എസ്എടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അവിടെ നിന്നു വിട്ടയച്ചാൽ അമ്മയ്ക്കൊപ്പം ഏതെങ്കിലും അഭയകേന്ദ്രത്തിൽ പാർപ്പിക്കാനാണു തീരുമാനം. മാതാപിതാക്കൾ ചാക്കയിലെ തുറസ്സായ സ്ഥലത്താണു കഴിഞ്ഞദിവസവും താമസിച്ചത്. എന്നാൽ കുട്ടികളുമായി ഇവിടെ തങ്ങാൻ അനുവദിക്കില്ല. 

പേന വിൽപനയുടെ പേരിൽ ഭിക്ഷാടനവും:ഈ കുഞ്ഞുങ്ങളെ കാണുന്നില്ലേ..?
തിരുവനന്തപുരം ∙ നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നലുകളിലെ പ്രധാന കാഴ്ചയാണ് ഇതര സംസ്ഥാനത്തുനിന്നുള്ള സ്ത്രീകളും പുരുഷൻമാരും  പ്രായം ചെന്നവരും കുട്ടികളും പേനയും മറ്റു ചെറിയ ഉപകരണങ്ങളുമായുള്ള വിൽപന. സിഗ്നലിൽപെട്ട് വാഹനങ്ങൾ കിടക്കുമ്പോഴാണ് ഇവർ കൈക്കുഞ്ഞുങ്ങളുമായി വാഹനത്തിന്റെ ഗ്ലാസിൽ മുട്ടുന്നത്. പേന വിൽപനയായിരിക്കും ആദ്യമെങ്കിലും പിന്നീട് ഇവർ ഒന്നും വിൽക്കാനില്ലാതെ ഭിക്ഷയാചിക്കുന്നതും പതിവ് കാഴ്ചയാണ്.

പൊരിവെയിലത്താണ് കൈക്കുഞ്ഞുങ്ങളുമായി നടുറോഡിലെ ഇവരുടെ നിൽപ്. വളരെ പ്രായം ചെന്നവർ അവശനിലയിലാണ് കാണപ്പെടുന്നതും. ഭിക്ഷാടനം ശിക്ഷാർഹമാണെന്നതിലാണ് ഇവർ കൈകളിൽ പേനയോ വാഹനത്തിന്റെ ഗ്ലാസിലെ പൊടിതുടയ്ക്കുന്ന ഉപകരണങ്ങളോ മറ്റോ കയ്യിൽ കരുതുന്നത്. ഇവരെ സംഘമായി ഏജന്റുമാർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്നതാണെന്ന് പൊലീസിന് തന്നെ അറിയാമെങ്കിലും ഇവർ റോഡിൽ നിന്ന് വിൽക്കുന്നത് പൊലീസ് വിലക്കാറുമില്ല. പാലത്തിന്റെ അടിയിലാണ് ഇവരുടെ ഉറക്കവും പാചകവുമൊക്കെ. റോഡിലെ നടപ്പാതയിലാണ് കുട്ടികളെ തുണിവിരിച്ച് കിടത്താറുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com