ADVERTISEMENT

കുളത്തൂർ ∙ സ്വകാര്യ റിസോർട്ടിൽ നിന്ന് തിരിച്ച് പിടിച്ച കോടികൾ വിലവരുന്ന പുറമ്പോക്ക് ഭൂമി വർഷങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വൈകുന്നു. പരാതികളെ തുടർന്നാണ് കുളത്തൂർ പഞ്ചായത്തിലെ ആറ്റുപുറം വാർഡിൽ നെയ്യാറിനു സമീപം 94 സെന്റ് ഭൂമി റവന്യു വകുപ്പ് തിരിച്ച് പിടിച്ച് പഞ്ചായത്തിനു കൈമാറിയത്. അതിർത്തി തിരിക്കാൻ കല്ലുകൾ വരെ വാങ്ങിയെങ്കിലും അധികൃതരുടെ താൽപര്യക്കുറവു മൂലം അളന്നു തിരിച്ച് ആസ്തി രേഖകളിൽ ഉൾപ്പെടുത്താൻ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല. അതിർത്തി തിരിക്കാൻ വാങ്ങിയ കല്ലുകൾ പഞ്ചായത്ത് ഒ‍ാഫീസിന്റെ മുന്നിൽ അടുക്കിവച്ചിട്ടുണ്ട്. നെയ്യാറിനു സമീപത്തെ ഭൂമി ഏറ്റെടുത്ത് മിനി ഒ‍ാഡിറ്റോറിയം സഞ്ചാരികൾക്ക് വിശ്രമ കേന്ദ്രം എന്നിവ നിർമിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ നിർദേശം ഉയർന്നിരുന്നു. 

ഒന്നര വർഷം മുൻപ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രദേശത്തെ റിസോർട്ട്, ഹോട്ടലുകൾ തുടങ്ങിയവ മുറികളുടെ എണ്ണം കുറച്ച് കാട്ടിയും അനധികൃതമായി നിർമാണം നടത്തിയും ഏതാനും ഉദ്യേ‍ാഗസ്ഥർ, ഭരണസമിതിയിലെ പ്രമുഖർ എന്നിവരുടെ ഒത്താശയോടെ നികുതി വെട്ടിപ്പ് നടക്കുന്നതിനെ കുറിച്ച് വ്യാപക ആക്ഷേപങ്ങൾ ഉയർന്നതോടെ അന്വേഷണം നടത്താൻ പഞ്ചായത്ത് കമ്മിറ്റി സമിതി രൂപീകരിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പാർട്ടിക്കുള്ളിൽ നിന്നു തന്നെ പരാതി ഉയർന്നതോടെ പഞ്ചായത്തിനു നിർദേശം നൽകാൻ ഭരണകക്ഷിയായ കോൺഗ്രസ് പ്രാദേശിക നേതൃത്വം കമ്മിറ്റി രൂപീകരിച്ചെങ്കിലും പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. 

നൂറ്റിനാൽപതോളം മുറികളുള്ള ഒരു പ്രമുഖ റിസോർട്ട് നികുതി നൽകുന്നത് എൻപ‍ത്തഞ്ച് മുറികൾക്ക് മാത്രം. ഇതോടെ‍ാപ്പം അനധികൃത നിർമാണങ്ങളും യഥേഷ്ടം നടക്കുന്നുണ്ട്. നദീതീരങ്ങളിൽ അൻപത് മീറ്റർ വരെ മാറി മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പാടുള്ളൂ എന്നിരിക്കെ പെ‍‍ാഴിക്കരയ്ക്കു സമീപത്തെ ഒരു ഹോട്ടലിന്റെ സ്വീകരണ മേഖല അടക്കം അയ്യായിരത്തോളം ചതുരശ്ര അടി സ്ഥലം സ്ഥിതി ചെയ്യുന്നത് നെയ്യാറിന് അകത്ത് സ്ഥാപിച്ച പില്ലറുകൾക്ക് മുകളിൽ ആണ്. ആറ്റുപുറത്തെ ഭൂമി അളന്ന് അതിർത്തി നിർണയിച്ച് നൽകാൻ റവന്യു വകുപ്പിനു വീണ്ടും കത്ത് നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് ഭാരവാഹികളുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com