ആറ്റിങ്ങൽ കൊട്ടാരം മുഖമണ്ഡപം നവീകരണം ഇഴയുന്നു
Mail This Article
ആറ്റിങ്ങൽ ∙ 700 വർഷത്തിലധികം പഴക്കമുള്ള കൊല്ലമ്പുഴയിലെ ആറ്റിങ്ങൽ കൊട്ടാരം മുഖമണ്ഡപത്തിന്റെ നവീകരണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. നിർമാണം ആരംഭിച്ചിട്ട് 3 വർഷം പിന്നിട്ടെങ്കിലും പണി പൂർത്തിയായിട്ടില്ല. മേൽക്കൂരയുടെ നവീകരണവും തറയുടെ ജോലികളും പൂർത്തിയായെങ്കിലും തുടർന്നുള്ള പണികളെല്ലാം നിലച്ചിരിക്കുകയാണെന്നാണ് ആരോപണം.ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മുഖമണ്ഡപം സ്ഥിതിചെയ്യുന്നത്. പുരാവസ്തു വകുപ്പിനാണ് മുഖ മണ്ഡപത്തിന്റെ സംരക്ഷണ ചുമതല. 1.07 കോടി രൂപ ചെലവിട്ട് പുരാവസ്തു വകുപ്പാണ് മണ്ഡപക്കെട്ട് നവീകരിക്കുന്നത്. 1721-ലെ ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികം പ്രമാണിച്ച് കൊട്ടാരവും അനുബന്ധ എടുപ്പുകളും പൈതൃക സ്മാരകമാക്കി സംരക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2020-2021ലെ ബജറ്റിൽ 3 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും നടപടി ക്രമങ്ങൾ നീണ്ടു പോയതിനാൽ നവീകരണം ആരംഭിക്കാൻ വൈകി.
മൂന്നു വർഷം മുൻപ് മണ്ഡപക്കെട്ടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൊളിഞ്ഞു വീണതിനെ തുടർന്ന് മണ്ഡപക്കെട്ടിന്റ നവീകരണത്തിന് പ്രത്യേക പദ്ധതി തയാറാക്കി 2021 ജനുവരിയിൽ നിർമാണം തുടങ്ങിയെങ്കിലും കോവിഡ് പ്രതിസന്ധി നവീകരണ ജോലികളെ ബാധിച്ചു. നവീകരണ പ്രവർത്തനങ്ങൾ മാസങ്ങളോളം മുടങ്ങി കിടന്നു. 2022 ഫെബ്രുവരി 22ന് കൊട്ടാര മണ്ഡപക്കെട്ട് സന്ദർശിച്ച പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുൻപ് നിശ്ചയിച്ചിരുന്നതിൽ നിന്നും അധികമായി ചില പണികൾകൂടി നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.പുരാവസ്തു വകുപ്പ് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും സാംസ്കാരിക വകുപ്പുമായി ചേർന്ന് മൂസിയം നിർമിക്കുന്നതിന്റെ ജോലികൾ ഉടൻ ആരംഭിക്കുമെന്നും നഗരസഭ ചെയർപഴ്സൻ എസ്.കുമാരി പറഞ്ഞു.