പൊങ്കാലയ്ക്കായി ക്രമീകരണം: സ്മാർട്ട് റോഡ് പദ്ധതിയിലെ നിർമാണങ്ങൾ നിർത്തിവച്ചു
Mail This Article
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിർമാണം പുരോഗമിക്കുന്ന സ്മാർട് റോഡുകളിൽ ഇന്നു മുതൽ എല്ലാ പ്രവൃത്തികളും താൽകാലികമായി നിർത്തും. റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ നിർമാണം പുരോഗമിക്കുന്ന 6 സ്മാർട് റോഡുകളിലും സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് നിർമാണ മേൽനോട്ടം വഹിക്കുന്ന 4 റോഡുകളിലുമാണ് നിർമാണം നിർത്തുന്നത്. ഇവിടങ്ങളിൽ സുരക്ഷാ മുൻ കരുതലിന്റെ ഭാഗമായി ബാരിക്കേഡുകൾ സ്ഥാപിച്ചു. സ്ഥലമുള്ള ഇടങ്ങളിൽ പൊങ്കാല അർപ്പിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ നൂറു കണക്കിന് ഭക്തർ പൊങ്കാല അർപ്പിച്ചിരുന്ന ചെന്തിട്ട– അട്ടക്കുളങ്ങര റോഡിലാണ് ഇക്കുറി കൂടുതൽ ദുരിതം.
ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽ നിന്നെത്തുന്ന ഭക്തരിൽ ഭൂരിഭാഗവും അടുപ്പ് ഒരുക്കിയിരുന്നത് ഈ റോഡിലാണ്. റോഡിന്റെ ഒരു വശത്ത് മാൻഹോളുകൾ നിർമിക്കാനായി ആഴത്തിൽ കുഴി എടുത്തിരിക്കുകയാണ്. ഈ ഭാഗമാണ് ബാരിക്കേഡ് നിരത്തി പൂർണമായി അടച്ചിരിക്കുന്നത്. റോഡിന്റെ മറു വശം വഴി ഗതാഗതം നടത്താമെങ്കിലും രൂക്ഷമായ പൊടി ശല്യം വില്ലനാകും. ഏറെ തിരക്കുള്ള റോഡിൽ ചരക്കു ലോറികളും പാർക്കു ചെയ്തിട്ടുണ്ട്. പൊടി ശല്യം ഒഴിവാക്കാൻ പൊങ്കാലയ്ക്ക് തലേ ദിവസവും പൊങ്കാല ദിവസം പുലർച്ചെയും വെള്ളം തളിക്കുമെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു.
ജനറൽ ആശുപത്രി ജംക്‌ഷൻ– വഞ്ചിയൂർ, ഉപ്പിടാംമൂട് – ഓവർ ബ്രിഡ്ജ് റോഡുകളിലും പൊങ്കാല അർപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കും. മോഡൽ സ്കൂൾ ജംക്‌ഷൻ– തൈക്കാട് റോഡ്, ഫോറസ്റ്റ് ഓഫിസ്– ബേക്കറി ജംക്‌ഷൻ റോഡുകൾ പൂർണമായി പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ ഒരു അടുപ്പു പോലും കൂട്ടാൻ കഴിയില്ല. സ്റ്റാച്യു– ജനറൽ ആശുപത്രി റോഡിലും താൽകാലികമായി പണി നിർത്തുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ആൽത്തറ– തൈക്കാട് റോഡിൽ ഭാഗികമായി നിർമാണ പ്രവൃത്തികൾ നടത്തും. ഫോർട്ട് വാർഡിലെ നിർമാണങ്ങൾ സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ മേൽനോട്ടത്തിലാണ് നടത്തുന്നത്. ഇവിടെ 4 റോഡുകളിലാണ് ബാരിക്കേഡ് സ്ഥാപിക്കുകയെന്ന് അധികൃതർ അറിയിച്ചു. റോഡ് ഫണ്ട് ബോർഡ്, സ്മാർട് സിറ്റി, ട്രാഫിക് പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നിർമാണം പുരോഗമിക്കുന്ന റോഡുകളിൽ സംയുക്ത പരിശോധന നടത്തിയിരുന്നു.