നഗരസഭയും സപ്ലൈകോയും തമ്മിൽ ശീതസമരം; അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം മുടങ്ങി
Mail This Article
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭയും സപ്ലൈകോയും തമ്മിൽ ശീതസമരം മൂലം അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം മുടങ്ങി. പ്രതിഷേധവുമായി എത്തിയ യുഡിഎഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. സപ്ലൈകോയുടെ സ്റ്റോറും ഗോഡൗണും നഗരസഭയുടെ ഉടമസ്ഥതയിലുള്ള അക്ഷയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 2 ലക്ഷം രൂപയോളം വാടക കുടിശികയായതിനെ തുടർന്നാണ് 2 ആഴ്ച മുൻപ് ഗോഡൗൺ പൂട്ടിയത്. സാഹചര്യങ്ങൾ വിശദീകരിച്ചിട്ടും നഗരസഭ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
നഗരസഭ പരിധിയിൽ അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തടഞ്ഞാണ് സപ്ലൈകോ പകരം വീട്ടിയത്. കിറ്റ് വിതരണത്തിൽ നഗരസഭയിൽ നിന്ന് ഏതാണ്ട് ഒരു ലക്ഷത്തിലധികം രൂപ കുടിശികയായതാണ് സപ്ലൈകോയെ നടപടിക്ക് പ്രേരിപ്പിച്ചത്. നഗരസഭയും സപ്ലൈകോയും തമ്മിൽ പോര് തുടങ്ങിയതോടെ അക്ഷരാർഥത്തിൽ ദുരിതത്തിലായത് അതിദാരിദ്ര്യം അനുഭവിക്കുന്നവരാണ്. സർക്കാർ നിർദേശത്തെ തുടർന്നു നടത്തിയ പരിശോധനയിൽ നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ അതിദരിദ്രരായി 200 പേർ ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ 32 പേർ മരണപ്പെട്ടു. ഇനി 168 പേരാണുള്ളത്.
ഈ കിറ്റുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഈ വിഭാഗത്തിലുള്ളവർ കിറ്റ് വിതരണം തടസ്സപ്പെട്ടതോടെ പട്ടിണിയിലായി. പലരും ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്ന അവസ്ഥവരെയുണ്ടായി എന്നാണ് വിവരം. ഈ അവസ്ഥ തിരിച്ചറിഞ്ഞ യുഡിഎഫ് കൗൺസിലർമാരാണ്, യുഡിഎഫ് പാർലമെന്ററി പാർട്ടി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിന്റെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറി സാനന്ദ സിങ്ങിനെ ഉപരോധിച്ചത്.
പ്രതിഷേധത്തിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി ഉപനേതാവ് ആർ.അജിത, കൗൺസിലർമാരായ എസ്.പി.സജിൻ ലാൽ, എൽ.എസ്.ഷീല, ഷീബ സജു, വടകോട് അജി, സുകുമാരി, ഗീത, സരള രത്നം തുടങ്ങിയവർ പങ്കാളികളായി. നഗരസഭ സപ്ലൈകോയ്ക്ക് പണം നൽകാനില്ലെന്നു ബന്ധപ്പെട്ടവർ പ്രതികരിച്ചു. കിറ്റ് വിതരണത്തിന്റെ പണം ട്രഷറി വഴിയാണു സപ്ലൈകോയ്ക്ക് കൈമാറുന്നത്. പണം മുഴുവൻ ട്രഷറിയിൽ അടച്ചു കഴിഞ്ഞു. ട്രഷറി നിയന്ത്രണമുള്ളതിനാൽ ആണ് സപ്ലൈകോയ്ക്ക് ലഭിക്കാത്തത്. കിറ്റ് വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ സപ്ലൈകോയുടെ ഗോഡൗൺ തുറന്നു നൽകുമെന്നും കിറ്റ് വിതരണം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നും അധികൃതർ വിശദീകരിച്ചു.