ആറ്റുകാൽ പൊങ്കാലയ്ക്കു മുൻപ് റോഡുകൾ തുറന്നില്ല; മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി
Mail This Article
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ തുറക്കുമെന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം ചെട്ടികുളങ്ങര റോഡിൽ പാഴ്‌വാക്കായി. എസ്എസ് കോവിൽ റോഡിൽ ഗതാഗതം സാധ്യമാണെങ്കിലും നവീകരണം പൂർത്തിയായില്ല. നവീകരണത്തിനായി പൊളിച്ച സ്റ്റാച്യു– ജനറൽ ആശുപത്രി ജംക്‌ഷൻ റോഡും അടുത്തിടെയൊന്നും തുറക്കാനാവില്ല എന്നാണ് കണക്കുകൂട്ടൽ.
ഇതു കാരണം നവീകരണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനം നീണ്ടു പോകുകയാണ്. മുൻപ് സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന 25 റോഡുകൾ നാളെ നടത്തുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് തുറക്കുമെന്ന് കഴിഞ്ഞ പത്തിനാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ ഉൾപ്പെട്ടതാണ് സ്റ്റാച്യു– ജനറൽ ആശുപത്രി റോഡും ചെട്ടികുളങ്ങര റോഡും എസ്എസ് കോവിൽ റോഡും. ചെട്ടികുളങ്ങര റോഡിലാണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റവും പിന്നിൽ.
ഇവിടെ ഓടയുടെ പണി പുരോഗമിക്കുന്നതേയൂള്ളൂ. നവീകരണം പൂർത്തിയാകാൻ ഇനിയും ആഴ്ചകൾ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. എസ്എസ് കോവിൽ റോഡിന്റെ പകുതി ഭാഗം ഏകദേശം നവീകരണം പൂർത്തിയായി. നടപ്പാതകളിൽ ടൈൽസ് പാകുന്ന പ്രവർത്തനങ്ങളാണ് ഈ ഭാഗത്ത് പുരോഗമിക്കുന്നത്. ബാക്കി പകുതി ഭാഗത്ത് റോഡ് ടാർ ചെയ്തതൊഴിച്ചാൽ മറ്റു പ്രവൃത്തികൾ ഇനിയും ബാക്കിയാണ്.
സ്റ്റാച്യു– ജനറൽ ആശുപത്രി ജംക്‌ഷൻ റോഡിന്റെ നവീകരണവും പൂർത്തിയായിട്ടില്ല. മറ്റു റോഡുകൾ ഗതാഗതത്തിനായി തുറന്നിട്ടുണ്ടെങ്കിലും നവീകരണം പൂർത്തിയായിട്ടില്ല. ഹാൻഡ് റീൽ സ്ഥാപിക്കലും നടപ്പാതകളിൽ ടൈൽസ് പാകലും മാർക്കിങ്ങും ഉൾപ്പെടെയുള്ള പ്രവൃത്തികൾ മിക്ക റോഡുകളിലും ബാക്കിയാണ്.