ADVERTISEMENT

തിരുവനന്തപുരം ∙ ചാക്കയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവായത് സിസി ടിവി ദൃശ്യങ്ങൾ ജയിലുകളിലേക്ക് അയച്ച തീരുമാനം. നൂറിലധികം സിസി ടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്ക് അയച്ചിരുന്നു. ഈ ദൃശ്യങ്ങളിലുള്ള ഹസൻകുട്ടിയെ കൊല്ലത്തെ ജയിൽ അധികൃതർ തിരിച്ചറിഞ്ഞതോടെയാണ് 30 പേരുടെ സംശയപ്പട്ടികയിൽ നിന്ന് അന്വേഷണം ഇയാളിലേക്ക് ചുരുങ്ങിയത്. സ്ഥിരം മേൽവിലാസമില്ലാതെ ചുറ്റിത്തിരിയുന്ന ഹസൻകുട്ടിയെ കണ്ടെത്താൻ പ്രയാസപ്പെട്ടതായും കമ്മിഷണർ പറഞ്ഞു.

ഇയാൾ പതിവായി പോകുന്ന സ്ഥലങ്ങളിലെല്ലാം തുടർച്ചയായി സഞ്ചരിച്ചു. ബീച്ചിലും പൊതുശുചിമുറിയിലും വരെ കാത്തിരുന്നാണ് ഹസനെ പൊലീസ് സംഘം പിടികൂടിയത്. കേസിൽ പ്രതിയെ കിട്ടാത്തതിരുന്നതിനാൽ കുട്ടിയും മാതാവും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ഇന്ന് പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കും. സംഭവദിവസം ട്രെയിനിൽ കിടന്ന് ഉറങ്ങിപ്പോയ ഹസൻകുട്ടി പേട്ടയിലിറങ്ങി. നടന്നാണ് അര കിലോമീറ്റർ അപ്പുറത്തുള്ള ചാക്കയിലെത്തിയത്. നാടോടി സംഘത്തിനൊപ്പം കുട്ടിയെ കണ്ടതോടെ തട്ടിയെടുത്ത് ഉപദ്രവിക്കാൻ ഉറപ്പിച്ചാണ് ഹസൻകുട്ടി സ്ഥലത്ത് ചുറ്റിത്തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രാത്രി പത്തോടെ ഇവിടെയെത്തിയ ഹസൻ ഇവിടെ നിന്ന് കരിക്ക് വാങ്ങിക്കുടിച്ചതായും കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടിയതായും പറയുന്നു.

thiruvanathapuram-child-missing-news

പിന്നീട് മാതാപിതാക്കളും കുഞ്ഞും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കുഞ്ഞിനെ എടുത്തുപോകുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ വായ് പൊത്തിയെന്നും അൽപസമയത്തിനു ശേഷം കുഞ്ഞിന് അനക്കമില്ലാതായതോടെ പുലർച്ചയ്ക്ക് മുൻപേ ഉപേക്ഷിച്ചെന്നുമാണ് പ്രതി പറഞ്ഞത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ലൈൻ മുറിച്ചുകടന്ന് റോഡിലൂടെ നടന്നാണ് രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെയും പിന്നീട് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയതിന്റെയും ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ആലുവയിലേക്ക് പോയ പ്രതി തല മൊട്ടയടിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

പൊലീസിന് വെല്ലുവിളിയായത് പ്രതിയുടെ ജീവിതരീതികൾ
തിരുവനന്തപുരം∙ ചാക്കയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കകം തിരികെ കിട്ടിയെങ്കിലും പ്രതിയെ പിടികൂടുന്നത് 12 ദിവസത്തിന് ശേഷം. സ്വന്തമായി ഫോണുണ്ടെങ്കിലും അത് ഉപയോഗിക്കാത്തയാളാണ് പിടിയിലായ ഹസൻകുട്ടിയെന്ന് പൊലീസ് പറഞ്ഞു. അലഞ്ഞുതിരിയുകയും രാത്രി എത്തുന്ന നഗരത്തിൽ കാണുന്ന തട്ടുകടകളിൽ സഹായിയായി കൂടി അവിടെ നിന്നു ലഭിക്കുന്ന പണം കൊണ്ട് കഴിയുന്നതുമാണ് ഇയാളുടെ രീതി. പകൽ എവിടെയെങ്കിലും ഒതുങ്ങിക്കൂടും. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് കൊല്ലം ജയിൽ അധികൃതർ ആളെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് വെല്ലുവിളിയായി.

കുട്ടി ഉറങ്ങിയ സ്ഥലത്ത് സംഭവം നടന്ന സമയത്ത് മാത്രം മൂവായിരത്തോളം മൊബൈൽ ഫോൺ നമ്പറുകൾ കടന്നുപോയി. ഇതോടെ ഫോൺ ലൊക്കേഷൻ വച്ച് മാത്രം പ്രതിയിലേക്ക് എത്താനാകില്ലെന്ന് പൊലീസിന് മനസ്സിലായി. പിന്നീടാണ് സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ബ്രഹ്മോസ് മുതൽ ഇതിലെ കടന്നുപോയ വന്ദേഭാരത് ട്രെയിനിലെ സിസി ടിവി ദൃശ്യങ്ങൾ വരെ പൊലീസ് ശേഖരിച്ചു. സംശയം തോന്നിയ 30 പേരുടെ പട്ടിക പൊലീസ് ഉണ്ടാക്കി. ഇതിൽ ഹസൻകുട്ടി മാത്രം തലയിൽ പുതപ്പിട്ട് റോഡിലൂടെ നടക്കുന്ന ദൃശ്യം ലഭിച്ചു. ഈ പുതപ്പ് മാറ്റിയപ്പോഴുള്ള ദൃശ്യങ്ങൾ കണ്ടെത്തിയാണ് ജയിലുകളിലേക്ക് അയച്ചത്.

കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ലൈൻ മുറിച്ച് നടന്ന ഹസൻകുട്ടി റോഡിലൂടെ അൽപ നേരം നടന്ന ശേഷം വന്ന രണ്ടു ബൈക്കുകളിൽ ലിഫ്റ്റ് ചോദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. അത്തരത്തിൽ ഇയാളുടെ നടത്തത്തിന്റെ ദൃശ്യങ്ങളിൽ നിന്നും കൂടുതൽ വ്യക്തമായ ചിത്രമാണ് അയച്ചത്. ഇതാണ് അധികൃതർ തിരിച്ചറിഞ്ഞത്. അലഞ്ഞുതിരിയുന്ന ഇയാളുടെ രീതി മനസ്സിലാക്കി ആലുവ മുതൽ ഇയാൾ കാണാറുള്ള സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. രാത്രി പുറത്തിറങ്ങുന്ന ഇയാൾക്കായി തട്ടുകടകളിലും പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിനാൽ അത്തരം കേന്ദ്രങ്ങൾക്കു മുന്നിലും പൊലീസ് കാത്തിരുന്നു. അങ്ങനെയാണ് ഒടുവിൽ‌ പ്രതി പിടിയിലാകുന്നത്.

കല്ലമ്പലത്ത് ക്ഷേത്രമോഷണം ഉൾപ്പെടെ 3 കേസുകളിലും ചിറയിൻകീഴിൽ 2 ഓട്ടോറിക്ഷാ മോഷണക്കേസിലും ആലപ്പുഴയിൽ വീട്ടിൽ മോഷണം നടത്തിയതിലും പ്രതിയാണ്. ഇതുകൂടാതെ പോക്സോ കേസിലും പ്രതിയാണ്. ഡിസിപി നിഥിൻ രാജിന്റെ നേതൃത്വത്തിൽ എല്ലാ വഴികളിലൂടെയും നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ശംഖുമുഖം എസിപി രാജപ്പൻ, എസ്ച്ച്ഒ ശ്രീജിത്ത്, എസ്ഐമാരായ സന്തോഷ് , അഭിലാഷ്, എം.ഉമേഷ്, ടി.ജെ സാബു, സിവിൽ പൊലീസ് ഓഫിസർമാരായ ഐ. ഷംനാദ്. എസ്.വിനോദ്, എ.അജിത്കുമാർ, എസ്.വിനോദ്, എം.സി. രഞ്ജിത്, ആർ.രാജീവ് കുമാർ, എസ്.ഷിബു, ടി.ആർ.ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

തെളിവെടുപ്പ് നിർണായകം
അന്ന് മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്തതു മുതലുള്ള കാര്യങ്ങൾ പ്രതി പറയുന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. അന്നു പകൽ മുഴുവൻ തിരഞ്ഞിട്ടും 19 മണിക്കൂറിന് ശേഷമാണ് കുട്ടിയെ അവിടെ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചിട്ട് അധിക നേരമായില്ലെന്നാണ് അന്ന് പൊലീസ് സംശയിച്ചത്. എന്നാൽ പ്രാഥമിക മൊഴി അനുസരിച്ച് രാത്രി തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് പറയുന്നത്. പ്രതി കുട്ടിയുമായി പോയത് എങ്ങോട്ടാണ്, ഒളിച്ചിരുന്നത് എവിടെയാണ് തുടങ്ങിയ സംശയങ്ങൾക്കെല്ലാം മറുപടി കിട്ടണമെങ്കിൽ തെളിവെടുപ്പ് പൂർത്തിയാകണം.‌ നാളെയോടെ പൂർണ ചിത്രം തെളിയുമെന്നാണ് പൊലീസിന്റെ നിഗമനം.

ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം∙ കഴിഞ്ഞ 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ(50) കൊല്ലം ചിന്നക്കടയിൽ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്. പതിനൊന്നുകാരിയെ ഉപദ്രവിച്ച പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങി. ഇയാൾക്കെതിരെ 8 കേസ് നിലവിലുണ്ട്. അലഞ്ഞു തിരിയുന്നതാണ് പ്രതിയുടെ രീതി. മുൻപ് കൊല്ലത്ത് നാടോടി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇയാളെ തല്ലിയ സംഭവമുണ്ടായിട്ടുണ്ട്. ചാക്കയിൽ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു.

സംഭവ ദിവസം പ്രതി കൊല്ലത്തുനിന്നു വർക്കലയ്ക്ക് ട്രെയിനിൽ കയറിയെങ്കിലും ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിലിറങ്ങി. നടന്ന് ചാക്കയിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. തുടർന്ന് ഇവിടെ ചുറ്റിത്തിരിഞ്ഞ ഹസൻ കുട്ടിക്ക് മിഠായി നൽകി അടുത്തുകൂടി. രാത്രി ഇവർ ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. കുട്ടി കരഞ്ഞപ്പോൾ വായ് മൂടിയെന്നും പിന്നീട് അനക്കമില്ലാതായപ്പോൾ മരിച്ചെന്നു കരുതി പുലർച്ചയ്ക്ക് മുൻപ് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഉറങ്ങിയ സ്ഥലത്തു നിന്നും 500 മീറ്റർ അകലെ റെയിൽവേ സ്റ്റേഷനടുത്ത് ആറടിയിലധികം താഴ്ചയുള്ള കുഴിയിൽ നിന്നാണ് 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയത്.

ബ്രഹ്മോസിന്റെ സിസി ടിവിയിൽ നിന്ന് ലഭിച്ചതിൽ സംശയം തോന്നിയവരുടെ ദൃശ്യങ്ങൾ വിവിധ ജയിലുകളിലേക്ക് അയച്ചിരുന്നു. പോക്സോ കേസിൽ കൊല്ലത്തെ ജയിലിൽ കഴിഞ്ഞിരുന്ന ഹസനെ അധികൃതർ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി. തുടർന്ന് ഇയാൾ പതിവായി പോകുന്ന സ്ഥലങ്ങൾ സന്ദർശിച്ചാണ് കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുന്റെയും ഡിസിപി നിഥിൻ രാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com