ADVERTISEMENT

വിതുര∙ 167 കോടി രൂപയുടെ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണ പദ്ധതിയിൽ ഉൾപ്പെട്ട കല്ലാർ നെല്ലിക്കുന്ന് പാലം (കല്ലാർ രണ്ടാം പാലം) പൊളിച്ചു പണിയുന്നതു വൈകിയേക്കും. പാലം പൊളിക്കുമ്പോൾ ഗതാഗതം മുടങ്ങാതിരിക്കാൻ നിർമിക്കേണ്ട താൽക്കാലിക റോഡ് നിർമാണം സംബന്ധിച്ച അനിശ്ചിതത്വമാണ് വൈകുന്നതിനു പിന്നിലെ കാരണം. താൽക്കാലിക റോഡ് നിർമിക്കാൻ മരങ്ങൾ മുറിച്ചു നീക്കേണ്ടതുണ്ട്.

ഇതിന്റെ പ്രാരംഭ ഘട്ട ലേല നടപടികൾ‌ തുടങ്ങിയെങ്കിലും പൂർത്തിയാകാൻ താമസമുണ്ടാകും. താൽക്കാലിക റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ പുരയിടം ഉടമയുടെ സഹകരണം കൂടി വേണം. ഈ പുരയിടം ഉടമയുമായി വകുപ്പ് തലത്തിൽ ധാരണ ആയിട്ടില്ല. ധാരണയാകുന്നതിന്റെ അടിസ്ഥാനത്തിൽ പാലം പൊളിച്ച് പുതിയതു നിർമിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നു കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്(കെഎസ്ടിപി) അസിസ്റ്റന്റ് എൻജിനീയർ ‘മനോരമ’യോടു പറഞ്ഞു.

അതേസമയം പാലം നിലവിൽ ബലക്ഷയത്തിനു വിധേയമായതിനാലും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്നതിനാലും അപകട സാധ്യത കണക്കിലെടുത്ത് താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. ഇത് കഴിഞ്ഞ ദിവസം തുടങ്ങി. എന്നാൽ അപകടാവസ്ഥയിലായ പാലം അറ്റകുറ്റപ്പണി നടത്തി പുനർ നിർമാണം നടത്താതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കല്ലാർ നിവാസികൾ ആരോപിച്ചു. ഈ ആരോപണത്തിൽ കഴമ്പില്ലെന്നും പദ്ധതിയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ടി(ഡിപിആർ)ൽ ഉൾപ്പെട്ടതിനാൽ പാലം ഉറപ്പായും പൊളിച്ചു പണിയുമെന്നു കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഹൈവേ പുനർ നിർമാണം; വേണ്ടത്ര വേഗമില്ലെന്ന് കെഎസ്ടിപിയും
വിതുര∙ പൊന്മുടി സംസ്ഥാന ഹൈവേ പുനർ നിർമാണത്തിനു വേണ്ടത്ര വേഗമില്ലെന്ന ആരോപണത്തിൽ എതിരഭിപ്രായമില്ലാതെ കെഎസ്ടിപിയും. കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ ജി. സ്റ്റീഫൻ എംഎൽഎ അതൃപ്തി അറിയിച്ചിരുന്നു. മതിയായ എണ്ണം തൊഴിലാളികളെ പദ്ധതിയ്ക്കായി കരാർ കമ്പനി ഉപയോഗിക്കുന്നില്ല. പല മേഖലയിലും നിർമാണ പ്രവർത്തനങ്ങളും പദ്ധതിയിലെ ധാരണയ്ക്കു വിരുദ്ധമായാണ് നടക്കുന്നതെന്നാണ് ആരോപണം. അതേ സമയം ഹൈവേ പുനർ നിർമാണം കൂടുതൽ കാര്യക്ഷമമാക്കാൻ വകുപ്പ് തലത്തിൽ അടിയന്തര സമ്മർദ്ദം ചെലുത്തിയതായി ജി. സ്റ്റീഫൻ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com